ADVERTISEMENT

പാരിസ് ∙ ‘ജോക്കോ സ്‌‌ലാം’– ലോക ടെന്നിസിൽ ഒരു ഗ്രാൻ‌സ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഏതൊരു യുവതാരത്തിനു മുന്നിലും ഇങ്ങനെയൊരു വെല്ലുവിളി കൂടിയുണ്ട്! നൊവാക് ജോക്കോവിച്ചിനെ കീഴടക്കുക എന്നതാണത്. ഇന്നലെ റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ നോർവേയുടെ കാസ്പർ റൂഡിനും ആ കൊടുമുടി കയറാനായില്ല. ഇരുപത്തിനാലുകാരൻ റൂഡിനെ നേരിട്ടുള്ള സെറ്റുകളിൽ നിഷ്പ്രഭനാക്കി (7–6,6–3,7–5) ജോക്കോ ഓടിക്കയറിയത് ചരിത്രത്തിലേക്ക്.

23–ാം ഗ്രാൻസ്‌‌ലാം സിംഗിൾസ് കിരീടനേട്ടത്തോടെ സ്പാനിഷ് താരം റാഫേൽ നദാലിനെ മറികടന്ന് പുരുഷ താരങ്ങളിൽ ഒന്നാമൻ. വനിതാ താരങ്ങളെ കൂടി പരിഗണിച്ചാൽ ഓസ്ട്രേലിയൻ താരം മാർഗരറ്റ് കോർട്ട് (24 കിരീടങ്ങൾ) ജോക്കോയ്ക്കു മുന്നിലുണ്ട്. യുഎസ്താരം സെറീന വില്യംസ് (23) ഒപ്പവും. നാലു ഗ്രാൻ‌സ്‌ലാം ചാംപ്യൻഷിപ്പുകളിലും 3 തവണയെങ്കിലും ജേതാവാകുന്ന ആദ്യ പുരുഷ താരമെന്ന നേട്ടവും മുപ്പത്തിയാറുകാരൻ ജോക്കോ സ്വന്തമാക്കി. 

മൂന്നാം സീഡായ ജോക്കോയ്ക്കു നേരേ ആദ്യ സെറ്റിൽ മാത്രമാണ് നാലാം സീഡ് റൂഡിന് വെല്ലുവിളിയുയർത്താനായത്. മത്സരത്തിലെ ആദ്യ പോയിന്റ് നേടി റൂഡ് തുടങ്ങിയെങ്കിലും പതിയെ കോർട്ട് പിടിച്ച ജോക്കോ സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി നേടിയെടുത്തു. റിട്ടേണുകളിൽ തന്റെ പതിവ് ആധിപത്യം പുലർത്തിയും നീണ്ട റാലികൾ ഉജ്വലമായി ഫിനിഷ് ചെയ്തും ജോക്കോ രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കി.

മത്സരം നീളുന്തോറും വീര്യമേറുന്ന ജോക്കോയ്ക്കു മുന്നിൽ റൂഡ് എത്രത്തോളം പിടിച്ചു നിൽക്കും എന്നതു മാത്രമായിരുന്നു മൂന്നാം സെറ്റിലെ ചോദ്യം. എന്നാൽ ജോക്കോവിച്ചിനെപ്പോലൊരു ഇതിഹാസത്തിനു ചേർന്ന പോരാട്ടം നൽകിയ ശേഷമാണ് റൂഡ് കീഴടങ്ങിയത്. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണും നേടിയതിനാൽ ജോക്കോവിച്ചിന് ഇനി കലണ്ടർ സ്‌ലാം ലക്ഷ്യം വയ്ക്കാം.

പവർ സെർബ്

നൊവാക് ജോക്കോവിച്ചിന്റെ 23 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ 

10 ഓസ്ട്രേലിയൻ ഓപ്പൺ (2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021, 2023)

7 വിമ്പിൾഡൻ (2011, 2014, 2015, 2018, 2019, 2021, 2022)

3 യുഎസ് ഓപ്പൺ (2011, 2015, 2018)

3 ഫ്രഞ്ച് ഓപ്പൺ (2016, 2021, 2023)

English Summary: Novak Djokovic Won French Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com