ADVERTISEMENT

2008ലെ ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് നൊവാക് ജോക്കോവിച്ച് ഗ്രാൻസ്‌ലാം ടെന്നിസിലെ കിരീടക്കുതിപ്പ് തുടങ്ങുന്നത്. ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ സെർബിയക്കാരനായിരുന്നു അന്ന് ആ 21 വയസ്സുകാരൻ. 15 വർഷത്തിനു ശേഷം പുരുഷ ടെന്നിസിലെ ഒട്ടുമിക്ക റെക്കോർഡുകളും നേടി ഒറ്റയ്ക്കു കുതിക്കുകയാണ് ജോക്കോ. കഴിഞ്ഞ 20 ഗ്രാൻസ്‌ലാം മത്സരങ്ങളിൽ പതിനൊന്നിലും ജോക്കോവിച്ച് ജേതാവായി. ഈ 11 കിരീടങ്ങളും 30 വയസ് പൂർത്തിയായശേഷം നേടിയതാണ്. 23–ാം ഗ്രാൻസ്‌ലാം കിരീട നേട്ടമാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിച്ച് സ്വന്തമാക്കിയത്. പുരുഷ ടെന്നിസിലെ ഒറ്റയാനായ ജോക്കോയുടെ കുതിപ്പ് ഇനിയും തുടരുക തന്നെ ചെയ്യും! 

34

പുരുഷ ടെന്നിസിൽ കൂടുതൽ ഗ്രാൻസ്‌ലാം ഫൈനൽ മത്സരങ്ങൾ കളിച്ച താരം ജോക്കോയാണ്; 34 ഫൈനലുകൾ. വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ ക്രിസ് എവർട്ടും ജോക്കോവിച്ചിന്റെ ഈ റെക്കോർ‍‍ഡിനൊപ്പമുണ്ട്.

388

ലോക ടെന്നിസിൽ കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടർന്നതിന്റെ റെക്കോർഡ് ജോക്കോവിച്ചിനു സ്വന്തമാണ്. ഫ്രഞ്ച് ഓപ്പൺ നേട്ടത്തിനു പിന്നാലെ ഇന്നലെ ജോക്കോവിച്ച് വീണ്ടും ഒന്നാം റാങ്ക് തിരികെപ്പിടിച്ചു. ഇതുവരെ 388 ആഴ്ച ജോക്കോവിച്ച് ഒന്നാംറാങ്ക് സ്വന്തമാക്കിവച്ചു. സ്റ്റെഫി ഗ്രാഫാണ് (377 ആഴ്ച) ഈ നേട്ടത്തിൽ‌ രണ്ടാമത്.

ഇനി ലക്ഷ്യം കോർട്ട് !

പുരുഷ സിംഗിൾസിലെ ഗ്രാൻസ്‌ലാം റെക്കോർഡ് തന്റെ പേരിലാക്കിയ നൊവാക് ജോക്കോവിച്ചിന് ഇനി ലക്ഷ്യം വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ പേരിലുള്ള ലോക റെക്കോർഡ്. വനിതാ സിംഗിൾസിൽ മാത്രം 24 ഗ്രാൻസ്‍ലാം കിരീടങ്ങളാണ് മാർഗരറ്റ് കോർട്ട് നേടിയത്. വനിതാ വിഭാഗത്തിൽ 23 ഗ്രാൻസ്‌ലാം വിജയങ്ങളുള്ള സെറീന വില്യംസും നിലവിൽ ജോക്കോയ്ക്ക് ഒപ്പമുണ്ട്. 

3

2005ൽ ഗ്രാൻസ്‌ലാം ടെന്നിസിൽ അരങ്ങേറ്റം കുറിച്ച ജോക്കോവിച്ച് പിന്നീട് ഇതുവരെ 3 ഗ്രാൻസ്‌ലാമുകളിൽ മാത്രമാണ്  പങ്കെടുക്കാതിരുന്നത്. കൈമുട്ടിലെ പരുക്കിനെത്തുടർന്ന് 2017 യുഎസ് ഓപ്പണിൽ നിന്നു പിൻമാറി. കോവി‍ഡ് വാക്സീൻ സ്വീകരിക്കാത്തതിനാൽ 2022ലെ ഓസ്ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ എന്നിവയിൽ മത്സരിക്കാൻ അനുമതി ലഭിച്ചില്ല. 

27

പുതിയ എടിപി ടെന്നിസ് റാങ്കിങ്ങിൽ പുരുഷ സിംഗിൾസിലെ ആദ്യ 10 സ്ഥാനക്കാരിൽ 27 ന് മുകളിൽ പ്രായം ജോക്കോവിച്ചിന് മാത്രം.

23 ഗ്രാൻസ്‌ലാം എന്നത് കുറച്ചു വർഷങ്ങൾക്കു മുൻപ് അസാധ്യമായൊരു ലക്ഷ്യമായിരുന്നു. എന്നാൽ താങ്കൾ അതു നേടിയെടുത്തു. അഭിനന്ദനങ്ങൾ ജോക്കോ. കുടുംബത്തോടൊപ്പം ആഘോഷിക്കൂ

സൂപ്പർ സീനിയർ 

ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ താരമാണ് ജോക്കോവിച്ച്. 36 വർഷവും 20 ദിവസവുമായിരുന്നു ഞായറാഴ്ച ജോക്കോവിച്ചിന്റെ പ്രായം. കഴിഞ്ഞവർഷം ചാംപ്യനായ റാഫേൽ നദാലിനെയാണ് (36 വർഷം, 2 ദിവസം) പിന്തള്ളിയത് 

കരിയർ സ്‌ലാം  

ഫ്രഞ്ച് ഓപ്പണിൽ മൂന്നാം കിരീടം നേടിയ ജോക്കോവിച്ച് ടെന്നിസിലെ 4 ഗ്രാൻസ്‌ലാം കിരീടങ്ങളും 3 തവണ വീതം നേടുന്ന ആദ്യ പുരുഷ താരമാണ്. ടെന്നിസിലെ എല്ലാ ഗ്രാൻസ്‌ലാം കിരീടങ്ങളുമെന്ന കരിയർ സ്ലാം നേട്ടം ഇതോടെ ജോക്കോവിച്ച് മൂന്ന് തവണ കൈവരിച്ചു.  

ഗ്രാൻഡ്‌ ജോക്കോ !

ഗ്രാൻസ്‌ലാം ടെന്നിസിൽ ജോക്കോവിച്ച് ഇതുവരെ 

ടൂർണമെന്റുകൾ: 70

കിരീടം: 23 തവണ

ഫൈനൽ: 34 

സെമിഫൈനൽ: 45

ക്വാർട്ടർ ഫൈനൽ: 55

ആദ്യ റൗണ്ട് പുറത്താകൽ: 2 തവണ

English Summary: Novak Djokovic regains the world number one position in men's tennis

റാഫേൽ നദാൽ,നൊവാക് ജോക്കോവിച്ച്,
റാഫേൽ നദാൽ,നൊവാക് ജോക്കോവിച്ച്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com