ADVERTISEMENT

ഗ്രാൻസ്‌ലാം ടെന്നിസ് കോർട്ടുകളിലും ഡേവിസ് കപ്പിലുമെല്ലാം ഇന്ത്യയുടെ വിജയക്കൊടി പാറിച്ച ലിയാൻഡർ പെയ്സിന് ഇന്ന് 50 വയസ്സ് തികയുന്നു. ഗോവക്കാരനായ വീസ് പെയ്സിന്റെയും കൊൽക്കത്ത സ്വദേശിനി ജെന്നിഫറിന്റെയും മകനായി 1973 ജൂൺ 17ന് കൊൽക്കത്തയിലായിരുന്നു പെയ്സിന്റെ ജനനം. രാമനാഥൻ കൃഷ്‌ണനും രമേശ് കൃഷ്‌ണനും അമൃത്‌രാജ് സഹോദരന്മാർക്കും ശേഷം ടെന്നിസിൽ ഇന്ത്യയുടെ മേൽവിലാസമായിരുന്നു പെയ്സ്.

1990 ൽ വിമ്പിൾഡൻ സിംഗിൾസ് ജൂനിയർ കിരീടവും 1991ൽ യുഎസ് ഓപ്പൺ ജൂനിയറും നേടിയതോടെ ലിയാൻഡർ രാജ്യാന്തര ശ്രദ്ധ നേടി. ഇതേ വർഷം ജൂനിയർ ലോക റാങ്കിങ്ങിലും ലിയാൻഡർ ഒന്നാമതെത്തി.

1996 അറ്റ്‌ലാന്റ ഒളിംപിക്‌സിൽ പുരുഷ സിംഗിൾസിൽ ലിയാൻഡർ വെങ്കലം നേടിയെങ്കിൽ, പിതാവ് ഡോ. വീസ് പെയ്‌സ് 1972 മ്യൂണിക് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. ലിയാൻഡറിന്റെ മാതാവ് മാതാവ് ജെന്നിഫർ 1980ലെ ഏഷ്യൻ ബാസ്ക്കറ്റ് ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു.

olympics
ഒളിംപിക് പോഡിയത്തിൽ വെങ്കല മെഡലുമായി പെയ്സ്

ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായി 18 ഗ്രാൻസ്‌ലാം കിരീടങ്ങൾ, മറ്റു ചാംപ്യൻഷിപ്പുകളിലായി 54 ഡബിൾസ് കിരീടങ്ങൾ, 10 മിക്സഡ് ഡബിൾസ് കിരീടങ്ങൾ, 44 ഡേവിസ് കപ്പ് ജയങ്ങൾ, ഒരു ഒളിംപിക് വെങ്കല മെഡൽ, ഏഷ്യൻ ഗെയിംസ് മേളകളിൽ നിന്നായി 5 സ്വർണം, 2 വെങ്കലം.. പെയ്സിന്റെ നേട്ടങ്ങളുടെ പട്ടിക നീളുന്നു. 

പുരുഷ ഡബിൾസിൽ പെയ്സിന്റെ പങ്കാളികളുടെ എണ്ണം 136. മിക്സഡ് ഡബിൾസിൽ 26. ലോക ടെന്നിസിൽ നൂറിലേറെ വ്യത്യസ്ത പങ്കാളികളുമായി ഡബിൾസ് കളിച്ച അൻപതിനടുത്ത് താരങ്ങളിൽ ഒരാളാണ് പെയ്സ്. ഇവരിൽ 50 കിരീടങ്ങളും 700 വിജയങ്ങളും നേടിയിട്ടുള്ളത് പെയ്സ് മാത്രമാണ്.

bhoopathy
ഡബിൾസ് പങ്കാളിയായ മഹേഷ് ഭൂപതിക്കൊപ്പം പെയ്സ്

1996  അറ്റ്ലാന്റ ഒളിംപിക്സിൽ ലിയാൻഡർ പെയ്സ് നേടിയ വെങ്കലമെഡൽ ഇന്ത്യയുടെ കായികചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ്. 1996 ഓഗസ്റ്റ് 3ന് പുരുഷ സിംഗിൾസ് 3–ാം സ്ഥാന മത്സരത്തിൽ ബ്രസീലിന്റെ മെലിജെനി ഫെർണാണ്ടോയെയാണ് പെയ്സ് തോൽപിച്ചത്. 1952 ഹെൽസിങ്കി ഒളിംപിക്സിൽ കെ.ഡി. ജാദവ് ഗുസ്തിയിൽ വെങ്കലം നേടിയതിനു ശേഷം സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത ഒളിംപിക് മെഡൽ നേട്ടമായിരുന്നു ലിയാൻഡർ നേടിയ വെങ്കലം. 

1990  ൽ ഡേവിസ് കപ്പിലൂടെ സീഷൻ അലിക്കൊപ്പം 16–ാം വയസ്സിൽ തുടങ്ങിയ ലിയാൻഡറിന്റെ രാജ്യാന്തര കരിയർ അവസാനിച്ചത് 2020ലാണ്. 2018ൽ ഡേവിസ് കപ്പിൽ കൂടുതൽ ജയങ്ങൾ എന്ന റെക്കോർഡ് പെയ്സ് മറികടക്കുമ്പോൾ ഇതേ സീഷൻ അലിയായിരുന്നു ഇന്ത്യയുടെ മുഖ്യപരിശീലകൻ! ഡേവിസ് കപ്പ് ഡബിൾസിൽ ഏറ്റവും കൂടുതൽ ജയങ്ങൾ എന്ന ലോക റെക്കോർഡ് (44) ഇപ്പോൾ ലിയാൻഡറിന്റെ പേരിലാണ്. 

English Summary: Leander Paes turns 50 today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com