ADVERTISEMENT

കോർട്ടിൽ പോരാട്ടങ്ങൾക്കിറങ്ങുന്ന ടെന്നിസ് താരങ്ങൾക്ക് ഇനി ലൈൻ റഫറിമാരുടെ ദേഹത്തു പന്തു കൊണ്ട് അയോഗ്യരാക്കപ്പെടുമോ എന്ന ആശങ്ക വേണ്ട. ലൈൻ അംപയർമാരുടെ സ്ഥാനം എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഏറ്റെടുക്കുന്ന കാലം ഇതാ വരുന്നു. ആദ്യഘട്ടമായി, ജൂലൈയിൽ തുടങ്ങുന്ന വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിൽ എഐ അധിഷ്ഠിത വിഡിയോ വിവരശേഖരണ സംവിധാനം ഒരുക്കാൻ സംഘാടകർ തീരുമാനിച്ചു. വിമ്പിൾഡൻ സംഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ്ബും ആഗോള ടെക് കമ്പനിയായ ഐബിഎമ്മും ചേർന്നാണ് വിമ്പിൾഡനിലെ പുൽകോർട്ടിലെ വെള്ള ലൈനുകളിൽ എഐ ക്യാമറ സംവിധാനങ്ങൾ ഒരുക്കുക.

എഐ സാങ്കേതിക സംവിധാനം ഉപയോഗിച്ചുള്ള കമന്ററിയാണ് വിമ്പിൾഡൻ വെബ്സൈറ്റിലും ആപ്പിലും ലഭിക്കുക. കോർട്ടിൽ നിന്നു എഐ ക്യാമറകൾ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മത്സരത്തിന്റെയും കളിക്കാരുടെയും വിശകലനം നടത്തി, അത് കമന്ററിയായി എത്തിക്കാനാണു ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടമായാണ് റഫറിയിങ്ങിൽ എഐ പരീക്ഷണം. ബേസ്‌ലൈൻ അംപയർ, സെൻട്രർ സർവീസ് അംപയർ തുടങ്ങി ഒൻപതോളം ലൈൻ അംപയർമാരുടെ സ്ഥാനമാണ് എഐ ഏറ്റെടുക്കുക. കോർട്ടിന്റെ അതിർത്തി ലൈനുകളിൽ നിൽക്കുന്ന അംപയർമാരുടെ ജോലി തന്നെയാണ് എഐയ്ക്കും.നിലവിൽ എച്ച്ഡി വിഡിയോ സാങ്കേതിക സഹായത്തോടെ ടെന്നിസ് കോർട്ടുകളിൽ ലൈൻ കോളിങ് ചാലഞ്ച് സംവിധാനമുണ്ട് (ഹോക്ക് ഐ). ഇതിൽ കളിക്കാർക്ക് നിശ്ചിത തവണ എതിർ താരത്തിന്റെ ഷോട്ടുകൾ ചാലഞ്ച് ചെയ്യാം. 2007–ലാണ് ഇത്തരത്തിലുള്ള ‘ലൈൻ കോളിങ്’ സംവിധാനം തുടങ്ങിയത്. എഐ വരുന്നതോടെ ഈ വിഡിയോ ചാലഞ്ചിങ് സംവിധാനം ഇല്ലാതായേക്കും. 

ജോക്കോവിച്ചും ലൈൻ റഫറിയും

കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളെ തുടർന്നു 2020 യുഎസ് ഓപ്പണിലാണ് ചില മത്സരങ്ങളിൽ ആദ്യമായി ഇലക്ട്രോണിക് ലൈൻ അംപയർമാരെ പരീക്ഷിച്ചത്. ഈ ടൂർണമെന്റിൽ തന്നെ പന്ത് ലൈൻ റഫറിയുടെ കഴുത്തിൽ കൊണ്ടതിനെ തുടർന്നു സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കിയിരുന്നു. 

  പ്രീക്വാർട്ടർ മത്സരത്തിൽ സെർവ് ലഭിക്കാത്തതിൽ പ്രകോപിതനായി ജോക്കോവിച്ച് റാക്കറ്റു കൊണ്ട് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈൻ റഫറിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ അവർക്കു സമീപത്തേക്ക് ഓടിയെത്തി ജോക്കോവിച്ച് ആശ്വസിപ്പിച്ചു. എങ്കിലും ചട്ടമനുസരിച്ച് ജോക്കോവിച്ചിനെ മത്സരത്തിൽ നിന്നു അയോഗ്യനാക്കി. 

English Summary : Wimbledon Tennis Championships Organizers plans to Artificial Intelligence based video data collection system 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com