ADVERTISEMENT

ലണ്ടൻ ∙ വിമ്പിൾഡനിൽ കിരീടം നിലനിർത്താനിറങ്ങുന്ന നൊവാക് ജോക്കോവിച്ചിന് ആദ്യ മത്സരത്തിൽ എതിരാളി അർജന്റീനക്കാരൻ പെഡ്രോ കാച്ചിൻ. വനിതകളിൽ നിലവിലെ ചാംപ്യനായ എലീന റിബകീന അമേരിക്കൻ താരം ഷെൽബി റോജേഴ്സിനെയും നേരിടും. 3ന് ആരംഭിക്കുന്ന വിമ്പിൾഡൻ ടെന്നിസിന്റെ മത്സരക്രമം ഇന്നലെയാണ് സംഘാടകർ പുറത്തുവിട്ടത്.

വനിതകളിലെ ടോപ് സീഡ് ഇഗ സ്യാംതെക് 33–ാം റാങ്കുകാരി ചൈനയുടെ സു ലിന്നിനെയാണ് ആദ്യ കളിയിൽ നേരിടേണ്ടത്. പുരുഷ വിഭാഗത്തിൽ ഒന്നാം സീഡായ കാർലോസ് അൽകാരസിന് ആദ്യമത്സരം അൽപം കടുപ്പമാണ്. ഫ്രാൻസിന്റെ ജെറമി ചാർഡിയാണ് എതിരാളി. കഴിഞ്ഞ വർഷത്തെ 2–ാം സ്ഥാനക്കാരനായ നിക്ക് കീറിയോസിന് വൈൽഡ് കാർഡ് എ‍ൻട്രിയുമായി വരുന്ന ബൽജിയത്തിന്റെ ഡേവിഡ് ഗോഫിനാണ് എതിരാളി. പരുക്കുമൂലം ഈ വർഷം കാര്യമായ മത്സരങ്ങൾക്ക് ഇറങ്ങാത്ത കീറിയോസിന് ഈ മത്സരം കടുപ്പമായേക്കും.

ആൻഡി മറെയ്ക്ക് ബ്രിട്ടിഷ് വൈൽഡ് കാർഡ് എൻട്രിയായ റയാൻ പെനിസ്റ്റൻ ആണ് ആദ്യ എതിരാളി. എന്നാൽ, 2–ാം റൗണ്ടിൽ മറെ 5–ാം സീഡ് സ്റ്റെഫാനസ് സിറ്റ്സിപാസിനെ നേരിടേണ്ടി വന്നേക്കാം. വനിതകളിലെ 2–ാം സീഡ് ആരീന സബലേങ്ക ഹംഗറിയുടെ പന്ന ഉഡ്‌വാർഡിയെ നേരിടും. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ– ബെലാറൂസ് താരങ്ങൾക്കു സംഘാടകർ വിലക്കേർപ്പെടുത്തിയിരുന്നതിനാൽ കഴിഞ്ഞ സീസണിൽ സബലേങ്കയ്ക്കു പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അമേരിക്കൻ വെറ്ററൻ താരം വീനസ് വില്യംസ് യുക്രെയ്നിന്റെ എലീന സ്വിറ്റോലിനയെ നേരിടും. യുഎസ് കൗമാര താരം കോക്കോ ഗോഫ് ആദ്യ മത്സരത്തിൽ ഫ്ര‍ഞ്ച് ഓപ്പൺ റണ്ണറപ് സോഫിയ കെനിനെ നേരിടണം.

English Summary: Wimbledon Tennis Match Schedule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com