ADVERTISEMENT

ലണ്ടൻ ∙ 26 വർഷം മുൻപ് വിമ്പിൾഡനിൽ അരങ്ങേറ്റം കുറിച്ച അതേ ആവേശത്തോടെ നാൽപത്തിമൂന്നുകാരി വീനസ് വില്യംസ് വീണ്ടുമൊരിക്കൽക്കൂടി സെന്റർ കോർട്ടിന്റെ ആരവങ്ങളിലേക്ക് ഇറങ്ങുന്നു. ഇന്നാരംഭിക്കുന്ന വിമ്പിൾഡൻ ടെന്നിസിനെ ആവേശോജ്വലമാക്കുന്നത് ഇവിടെ 5 വട്ടം ചാംപ്യനായ വീനസിന്റെ സാന്നിധ്യമാണ്. വൈൽഡ് കാർഡ് എൻട്രി വഴിയാണ് വീനസ് ഇത്തവണ ചാംപ്യൻഷിപ്പിനെത്തുന്നത്. ഇന്ത്യൻ സമയം രാത്രി 8ന് സെന്റർ കോർട്ടിലെ മത്സരത്തിൽ വീനസിന്റെ എതിരാളി എലീന സ്വിറ്റോലിന. യുക്രെയ്ൻ താരമായ സ്വിറ്റോലിനയും വൈൽഡ് കാർഡ് എൻട്രിയായാണ് വിമ്പിൾഡനിലെത്തുന്നത്. 

ഫ്രഞ്ച് ഓപ്പൺ ചാംപ്യനും ഒന്നാം സീഡുമായ ഇഗ സ്യാംതെക് ആദ്യ മത്സരത്തിൽ ഇന്ന് ചൈനയുടെ സു ലിന്നിനെ നേരിടും. പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് സ്പെയിനിന്റെ യുവതാരം കാർലോസ് അൽകാരസാണ്. എങ്കിലും, ഗ്രാൻസ്‌ലാം കിരീടങ്ങളുടെ എണ്ണത്തിൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡ് മറികടക്കാൻ ഒരുങ്ങുന്ന സെർബിയൻ താരം നൊവാക് ജോക്കോവിച്ചിലുമുണ്ട് പ്രതീക്ഷകൾ. അതേസമയം, പുരുഷ സിംഗിൾസിൽ ഇതിഹാസ താരങ്ങളായ റോ‍ജർ ഫെഡററും റാഫേൽ നദാലും മത്സരിക്കാനില്ലാത്ത വിമ്പിൾഡൻ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

19

കഴിഞ്ഞ 19 വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടങ്ങൾ പങ്കിട്ടെടുത്തത് ഇവർ നാലു പേരാണ്: റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, ആൻഡി മറെ. 

24

വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം നേടാനായാൽ ഗ്രാൻസ്‌ലാം നേട്ടങ്ങളിൽ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമെത്താം (24 ട്രോഫികൾ). നിലവിൽ 23 കിരീടങ്ങളുമായി പുരുഷ താരങ്ങളിൽ ഒന്നാം സ്ഥാനത്താണ് മുപ്പത്തിയാറുകാരൻ ജോക്കോവിച്ച്.

42

ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബ്ബിനു കീഴിലെ 42 ഏക്കർ സ്ഥലത്താണ് വിമ്പിൾഡൻ മത്സര വേദികൾ.

13

വിമ്പിൾഡിനിൽ 13–ാം നമ്പർ കോർട്ടില്ല. 13–ാം നമ്പർ നല്ല ശകുനമല്ലെന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. 

എഐ കമന്ററി

ഇത്തവണ മുതൽ വിമ്പിൾഡനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കമന്ററിയും. ടെലിവിഷൻ സംപ്രേഷണം ഇല്ലാത്ത കോർട്ടുകളിൽ നടക്കുന്ന മത്സരങ്ങളുടെ കമന്ററിക്കാണ് എഐ ഉപയോഗിക്കുക. വിമ്പിൾഡൻ വെബ്സൈറ്റിലും ആപ്പിലും ആണ് ഇതു ലഭിക്കുക.

വിമ്പിൾഡനിലെ ആചാരങ്ങൾ

അത്ര പുല്ലല്ല! 

പ്രകൃതിദത്ത പുൽക്കോർട്ടിൽ കളിക്കുന്ന ഏക ഗ്രാൻസ്‌ലാമാണു വിമ്പിൾഡൻ. ഹാർഡ് കോർട്ടുകളിലേതു പോലെ പന്ത് ഇവിടെ കുതിച്ചുപൊങ്ങില്ല. 

ഓൾ വൈറ്റ്സ്

വെളുപ്പ് നിറമുള്ള വസ്ത്രങ്ങൾ മാത്രമേ കളിക്കളത്തിൽ ഉപയോഗിക്കാൻ അനുമതിയുള്ളൂ.  കളി കാണാനെത്തുന്നവർക്കും നിയന്ത്രണങ്ങളുണ്ട്. റിപ്ഡ് ജീൻസ്, കാഷ്വൽ ടീ ഷർട്ടുകൾ, വലിയ തൊപ്പികൾ തുടങ്ങിയവ അനുവദിക്കില്ല.  

റോയൽ ബോക്സ്

ടെന്നിസ് കോർട്ടുകളിലെ രാജകീയ ഇരിപ്പിടമാണു സെന്റർ കോർട്ടിലെ റോയൽ ബോക്സ്. 74 പേർക്ക് ഇരിക്കാം. ക്ഷണിക്കപ്പെടുന്നവർക്കു മാത്രമാണു പ്രവേശനം. ബ്രിട്ടിഷ് രാജകുടുംബത്തിനു വേണ്ടിയാണ് ആദ്യ കാലങ്ങളിൽ ഇവ റിസർവ് ചെയ്തിരുന്നത്. ഇപ്പോൾ പ്രധാനമന്ത്രിമാരും സെലിബ്രിറ്റികളും എത്താറുണ്ട്. ക്ഷണിതാവാണെങ്കിലും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് കയറാനാകില്ല. 2015ലെ ഫൈനലിനെത്തിയ എഫ് വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന് കോട്ടും സ്യൂട്ടും ധരിക്കാത്തതിനാൽ റോയൽ ബോക്സിൽ പ്രവേശനം നിഷേധിച്ചിരുന്നു.

നിലവിലെ ജേതാക്കൾ 

വനിതാ സിംഗിൾസ്: എലീന റിബകീന (കസഖ്സ്ഥാൻ)

പുരുഷ സിംഗിൾസ്: നൊവാക് ജോക്കോവിച്ച് (െസർബിയ) 

ആകെ സമ്മാനത്തുക

4.5 കോടി പൗണ്ട് (ഏകദേശം 469 കോടി രൂപ) * കഴിഞ്ഞ വർഷത്തെക്കാൾ 10% കൂടുതൽ. 

സിംഗിൾസ് ചാംപ്യന്മാർക്ക് ലഭിക്കുന്ന സമ്മാനത്തുക: 2.35ദശലക്ഷം പൗണ്ട്  വീതം (ഏകദേശം 24.5 കോടി രൂപ)

പ്രതലം: പുൽക്കോർട്ട് 

വേദി: ഓൾ ഇംഗ്ലണ്ട് ക്ലബ്, ലണ്ടൻ 

ആകെ കോർട്ടുകൾ: 18 

പ്രധാന മത്സരവേദി: സെന്റർ കോർട്ട് 

മത്സരത്തുടക്കം: ജൂലൈ 3 

പകൽ മാത്രം മത്സരങ്ങൾ. മറ്റു 3 ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ പോലെ രാത്രി മത്സരമില്ല. ‌

വനിതാ സിംഗിൾസ് ഫൈനൽ:  ജൂലൈ 15

പുരുഷ സംഗിൾസ് ഫൈനൽ:  ജൂലൈ 16

സംപ്രേഷണം: സ്റ്റാർ സ്പോർട്സ് 1,2, ഹോട്സ്റ്റാർ 

English Summary: Wimbledon tennis from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com