ലണ്ടൻ ∙ കോർട്ടിൽ വഴുതിയെങ്കിലും കളിയിൽ ജോക്കോവിച്ചിനു കാലിടറിയില്ല. അർജന്റീനയുടെ പെഡ്രോ കാക്കിനെ തോൽപിച്ച് രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ കടന്നു. 6–3,6–3,7–6. ഗ്രാൻസ്‌ലാം ടെന്നിസിൽ 24–ാം കിരീടം ലക്ഷ്യമിടുന്ന മുപ്പത്തിയാറുകാരൻ ജോക്കോയ്ക്കെതിരെ മൂന്നാം സെറ്റിൽ മാത്രമാണ് എതിരാളിക്ക് കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായത്. മഴ പെയ്തതിനാൽ മത്സരം വൈകിയാണ് തുടങ്ങിയത്. കോർട്ടിൽ വഴുക്കലുണ്ട് എന്ന് ജോക്കോവിച്ച് പരാതിപ്പെടുകയും ചെയ്തു.
പുരുഷ സിംഗിൾസിൽ 7–ാം സീഡ് ആന്ദ്രെ റുബ്‌ലേവ്, 17–ാം സീഡ് ഹ്യൂബർട്ട് ഹർക്കാസ്, ഡേവിഡ് ഗോഫിൻ എന്നിവരും രണ്ടാം റൗണ്ടിലെത്തി. വനിതകളിൽ ഒന്നാം സീഡ് ഇഗ സ്യാംതെക്, 4–ാം സീഡ് ജെസിക്ക പെഗുല, 5–ാം സീഡ് കരോലിൻ ഗാർഷ്യ തുടങ്ങിയവർ ഒന്നാം റൗണ്ട് ജയിച്ചു. ചൈനീസ് താരം ഷു ലിനിനെതിരെ അനായാസമായിട്ടായിരുന്നു ഇഗയുടെ ജയം.
കീറിയോസ് പിന്മാറി
ലണ്ടൻ ∙ ഓസ്ട്രേലിയൻ താരം നിക്ക് കീറിയോസ് വിമ്പിൾഡൻ ടെന്നിസിൽനിന്ന് പരുക്കുമൂലം പിന്മാറി. കഴിഞ്ഞ വർഷം പുരുഷ സിംഗിൾസ് ഫൈനലിൽ നൊവോക് ജോക്കോവിച്ചിനോട് പൊരുതിത്തോറ്റ കീറിയോസ് ഇത്തവണ അപ്രതീക്ഷിതമായാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. കൈത്തണ്ടയിലെ പേശിക്കേറ്റ പരുക്കാണ് കാരണമെന്നു കീറിയോസ് വെളിപ്പെടുത്തി. 30–ാം സീഡായിരുന്ന കീറിയോസിന്റെ ആദ്യമത്സരം ഇന്നലെ നടക്കേണ്ടതായിരുന്നു. ഇരുപത്തിയെട്ടുകാരൻ കീറിസോയിന് കഴിഞ്ഞ ഫ്രഞ്ച് ഓപ്പണും പരുക്കുമൂലം നഷ്ടമായിരുന്നു.

English Summary: Novak Djokovic entered second round in Wimbledon