ലണ്ടൻ ∙ വിമ്പിൾഡൻ കോർട്ടിൽ ഇന്നലെ കണ്ണീരു വീണു. വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യനായ എലിന റിബകീനയുമായുള്ള മത്സരത്തിനിടെ പരുക്ക് അലട്ടിയതോടെ പിൻമാറേണ്ടി വന്ന ബ്രസീൽ താരം ബിയാട്രിസ് ഹദാദ് മെയയാണ് കണ്ണീരോടെ കോർട്ട് വിട്ടത്. ആദ്യ സെറ്റിൽ 1–3നു പിന്നിൽ നിൽക്കവേയാണ് 13–ാം സീഡ് ബിയാട്രിസിനെ പുറംവേദന അലട്ടിയത്. മെഡിക്കൽ ടൈം ഔട്ട് കഴിഞ്ഞ് തിരിച്ചു വന്നെങ്കിലും ഒരു പോയിന്റ് കൂടി നഷ്ടപ്പെടുത്തിയ താരത്തിനു വേദന വിട്ടുമാറാത്തതു മൂലം മടങ്ങേണ്ടി വന്നു. ഇതോടെ 3–ാം സീഡ് റിബകീന ക്വാർട്ടറിലെത്തി. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ സെമിഫൈനൽ കളിച്ച താരമാണ് ഇരുപത്തിയേഴുകാരി ബിയാട്രിസ്.
പുരുഷ സിംഗിൾസിൽ 3–ാം സീഡ് ഡാനിൽ മെദ്‌വദെവിനെതിരെ കളിച്ച ചെക്ക് താരം ജിറി ലെഹക്കയ്ക്കും ഇന്നലെ പരുക്കു മൂലം മത്സരം പൂർത്തിയാക്കാനായില്ല. മെദ്‌വദെവ് 6–4, 6–2 എന്ന നിലയിൽ മുന്നിൽ നിൽക്കവെയായിരുന്നു ഇരുപത്തിയൊന്നുകാരൻ ലെഹക്കയുടെ മടക്കം.
സിറ്റ്സിപാസ് പുറത്ത്
പുരുഷ സിംഗിൾസിലെ വമ്പൻ അട്ടിമറിയിൽ 5–ാം സീഡ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തി അമേരിക്കൻ താരം ക്രിസ്റ്റഫർ യൂബാങ്ക്സ് ക്വാർട്ടറിലെത്തി (3–6,7–6,3–6,6–4,6–4). ഇരുപത്തിയേഴുകാരനായ യൂബാങ്ക്സ് ആദ്യമായാണ് വിമ്പിൾഡൻ മെയിൻ ഡ്രോയിൽ കളിക്കുന്നത്. നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ പോളണ്ട് താരം ഹ്യൂബർട്ട് ഹർക്കാസിനെ മറികടന്ന് നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിലെത്തി (7–6,7–6,5–7,6–4).
റഷ്യൻ താരം ആന്ദ്രെ റുബ്‌ലേവിനെ ജോക്കോ ക്വാർട്ടറിൽ നേരിടും. വനിതകളിൽ ഒന്നാം സീഡ് ഇഗ സ്യാംതെക് ക്വാർട്ടറിലെത്തി. സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച്ചിനെതിരെ ഇഗയുടെ ജയം 7–6, 7–6, 6–3ന്. ക്വാർട്ടറിൽ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയാണ് ഇഗയുടെ എതിരാളി.
English Summary: Rybakina reaches last eight as tearful Haddad Maia quits with injury