ഇഗ സ്യാംതെക്കിനെ വീഴ്ത്തി എലിന സ്വിറ്റോലിന വിമ്പിൾഡൻ സെമിയിൽ

Iga-Swiatek
ഇഗയെ തോൽപിച്ചപ്പോൾ സ്വിറ്റോലിനയുടെ അഹ്ലാദം.
SHARE

ലണ്ടൻ ∙ അമ്മയായത് 9 മാസം മുൻപ്, കോർട്ടിൽ എതിരാളിയായി മുന്നിൽ നിൽക്കുന്നത് ലോക ഒന്നാം നമ്പർ താരം; എലിന സ്വിറ്റോലിനയ്ക്ക് അതൊന്നും തടസ്സമായി തോന്നിയില്ല. ഗ്രാൻസ്‌ലാം ടെന്നിസിലെ ഉജ്വല തിരിച്ചുവരവുകളിലൊന്നിൽ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ വീഴ്ത്തി യുക്രെയ്ൻ താരം എലിന സ്വിറ്റോലിന വിമ്പിൾഡൻ വനിതാ സിംഗിൾസ് സെമിഫൈനലിൽ കടന്നു. 7–5,6–7,6–2 എന്ന സ്കോറിനാണ് സീഡില്ലാതെ ചാംപ്യൻഷിപ്പിനെത്തിയ ഇരുപത്തിയെട്ടുകാരി സ്വിറ്റോലിനയുടെ ജയം.

കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് സ്വിറ്റോലിനയ്ക്കും ഭർത്താവ് ഫ്രഞ്ച് ടെന്നിസ് താരം ഗെയ്ൽ മോൺഫിൽസിനും മകൾ സ്കെയ് പിറന്നത്. അതിനു ശേഷം കോർട്ടിൽ നിന്നു വിട്ടുനിന്ന സ്വിറ്റോലിന മത്സരടെന്നിസിലേക്കു തിരിച്ചെത്തിയത് ഈ ഏപ്രിലിൽ. പിന്നാലെ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തിയ സ്വിറ്റോലിന വിമ്പിൾഡനിലും കുതിപ്പു തുടർന്നു. സെമിയിൽ ചെക്ക് റിപ്പബ്ലിക് താരം മാർകേറ്റ വോൻഡ്രസോവയാണ് സ്വിറ്റോലിനയുടെ എതിരാളി. ക്വാർട്ടറിൽ അമേരിക്കൻ താരം ജെസിക്ക പെഗുലയെയാണ് വോൻഡ്രസോവ തോൽപിച്ചത് (6–4,2–6,6–4).

കുപ്പി ഇപ്പോൾ പൊട്ടിക്കരുതേ..!

‘കളിക്കാർ സെർവ് ചെയ്യുന്നതിനു മുൻപ് ഗാലറിയിൽ ആരും ഷാംപെയ്ൻ പൊട്ടിക്കരുതെന്ന് അഭ്യർഥിക്കുന്നു. താങ്ക്യൂ..’– വിമ്പിൾഡനിലെ നമ്പർ 3 കോർട്ടിൽ കഴിഞ്ഞ ദിവസം മുഴങ്ങിക്കേട്ടത് രസകരമായ ഒരു അഭ്യർഥന. വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ റഷ്യൻ താരങ്ങളായ അനസ്താസിയ പൊട്ടപോവയും മിറ ആൻഡ്രീവയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. നേരത്തേ സെർവിനൊരുങ്ങുമ്പോൾ ഒരാൾ ഷാംപെയ്ൻ പൊട്ടിച്ച ശബ്ദം കേട്ട് ശ്രദ്ധ പതറിയ പൊട്ടപോവ പന്ത് പുറത്തേക്കടിച്ചിരുന്നു. ഇതോടെയാണ് അംപയർക്ക് അറിയിപ്പു നൽകേണ്ടി വന്നത്.

English Summary : Elina Svitolina defeats Iga Swiatek in Wimbledon tennis match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS