ജീവിതം പഠിപ്പിച്ചതൊന്നും മാർകേറ്റ വാന്ദ്രസോവ മറന്നിട്ടില്ല. ഇനി അഥവാ മറന്നുപോകുമെന്നു തോന്നിയാൽ സ്വന്തം ശരീരത്തിലേക്കു നോക്കിയാൽ മതി! ഇടതു കൈമുട്ടിനു താഴെയായി പച്ചകുത്തിയിരിക്കുന്ന ‘നോ റെയ്ൻ, നോ ഫ്ലവേഴ്സ് (മഴയില്ലാതെ പൂക്കളുമില്ല)’ മുതൽ വലതു കൈത്തണ്ടയിൽ നിന്നു തുടങ്ങി, കഴുത്തിനെ വലംവച്ച് ഇടതുകയ്യിലേക്ക് ഊർന്നിറങ്ങുന്ന ഒട്ടേറെ ഓർമപ്പെടുത്തലുകൾ ടാറ്റുവിന്റെ രൂപത്തിൽ ഇരുപത്തിനാലുകാരി വാന്ദ്രസോവയുടെ ശരീരത്തിലുണ്ട്. തന്റെ കന്നി വിമ്പിൾഡൻ ഫൈനലിലേക്ക് കാലെടുത്തുവച്ച ഈ ചെക്ക് റിപ്പബ്ലിക്കുകാരി, കളിമികവുകൊണ്ടും ‘കാഴ്ചയിലെ കൗതുകം’ കൊണ്ടും ഇത്തവണ വിമ്പിൾഡനിലെ സ്റ്റാർ ഓഫ് ദ് സ‌്‌ലാം ആയി മാറിക്കഴിഞ്ഞു.
മഴയും പൂക്കളും
ജൂനിയർ തലത്തിൽ ലോക ഒന്നാം നമ്പറായിരുന്ന വാന്ദ്രസോവ 2019ൽ തന്റെ പത്തൊൻപതാം വയസ്സിൽ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ കടന്ന് ടെന്നിസ് ലോകത്തെ ഞെട്ടിച്ചതാണ്. കിരീടപ്പോരാട്ടത്തിൽ ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയോടു പൊരുതിവീണെങ്കിലും ഇടംകൈ സെർവുകളും ദൈർഘ്യമേറിയ റാലികളുമായി കളിമൺ കോർട്ടിൽ നിറഞ്ഞുകളിച്ച കൗമാരതാരത്തെ നിറഞ്ഞ കയ്യടികളോടെയാണ് റോളങ് ഗാരോസ് യാത്രയാക്കിയത്. എന്നാൽ കൈക്കുഴയ്ക്കേറ്റ പരുക്കുമൂലം 6 മാസം വാന്ദ്രസോവയ്ക്ക് കോർട്ടിനു പുറത്തിരിക്കേണ്ടിവന്നു– കരിയറിലെ ആദ്യ ‘മഴക്കാലം’. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ചെക്ക് താരം, 2020ലെ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിക്കൊണ്ട് തന്റെ തിരിച്ചുവരവ് ആഘോഷിച്ചു– ‘മഴയ്ക്കു ശേഷമുള്ള പൂക്കാലം’. എന്നാൽ കൈക്കുഴയിലെ പരുക്കു വീണ്ടും വില്ലനായതോടെ വാന്ദ്രസോവയ്ക്ക് രണ്ടാമതും ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവന്നു. ഇങ്ങനെ ജീവിതത്തിൽ ‘മഴയും പൂക്കാലവും’ മാറിമാറി വന്നതോടെയാണ് തന്റെ ഇടതുകയ്യിൽ ‘നോ റെയ്ൻ, നോ ഫ്ലവേഴ്സ്’ എന്ന ജീവിതപാഠം ടാറ്റുകുത്താൻ വാന്ദ്രസോവ തീരുമാനിച്ചത്.
പതിനാറാം പിറന്നാളിന്റെ അന്നാണ് വാന്ദ്രസോവയുടെ ശരീരത്തിൽ ആദ്യമായി മഷി പുരളുന്നത്. പിന്നെ കൃത്യമായ ഇടവേളകളിൽ വാന്ദ്രസോവ തന്റെ ശരീരത്തെ അലങ്കരിച്ചുകൊണ്ടിരുന്നു. ആദ്യമെല്ലാം പൂക്കളും പക്ഷികളുമായിരുന്നെങ്കിൽ പിന്നീട് അർഥമുള്ള വരകളും പല വിശ്വാസങ്ങളെയും സൂചിപ്പിക്കുന്ന ബിംബങ്ങളുമെല്ലാം ശരീരത്തിൽ ഇടംപിടിച്ചു.
English Summary: Czech star Vandrasova's tattoo