ADVERTISEMENT

നാലേ മുക്കാൽ മണിക്കൂർ... 23 ഗ്രാൻഡ് സ്‍ലാം കിരീടങ്ങളുടെ പെരുമയെ ഒരു 20 വയസ്സുകാരൻ വീഴ്ത്താനെടുത്ത സമയമാണത്. 36 വയസ്സുകാരൻ നൊവാക് ജോക്കോവിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് കാളപ്പോരിന്റെ നാട്ടിൽനിന്നെത്തിയ ‘കൊച്ചുചെറുക്കൻ’ തകർത്തുകളഞ്ഞത്. പ്രായത്തിൽ‍ക്കവിഞ്ഞതാണ് അൽകാരസിന്റെ മികവെന്ന് കളി കഴിഞ്ഞപ്പോൾ ജോക്കോവിച്ചിന് മനസ്സിലായിക്കാണണം. ലണ്ടനിലെ പുൽകോർട്ടില്‍ ജോക്കോവിച്ചിന്റെ മറ്റൊരു കിരീടനേട്ടത്തിന് കയ്യടിക്കാനെത്തിയ ആരാധകരും ഞെട്ടിക്കാണും. യുഎസ് ഓപ്പണ്‍ വിജയിച്ചെങ്കിലും, ജോക്കോയ്ക്കു മുൻപിൽ അൽകാരസ് വീഴുമെന്നു ചിന്തിച്ചവർ ഇപ്പോൾ പറയുന്നു, ടെന്നീസിൽ ഇതു തലമുറമാറ്റം.

അഞ്ച് സെറ്റ്, പോരാട്ടച്ചൂട്

1–6,7–6,6–1,3–6,6–4 എന്ന സ്കോറിനാണ് ജോക്കോ അൽകാരസിനു മുന്നിൽ കീഴടങ്ങിയത്. തുടക്കത്തിൽ കിട്ടിയ മേധാവിത്തം ജോക്കോയുടെ കയ്യിൽനിന്ന് പതിയെ അൽകാരസ് തട്ടിയെടുക്കുന്നതായിരുന്നു ഫൈനലിലെ കാഴ്ച, ഇടയ്ക്കൊന്നു തിരിച്ചുവന്നെങ്കിലും ജോക്കോ വീണുപോയി. ആദ്യ സെറ്റ് 6–1നാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ആദ്യ സെറ്റിലെ കുറവ് രണ്ടാം സെറ്റിൽ തന്നെ അൽകാരസ് അങ്ങു തീർത്തു. ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റ് പിടിച്ച അൽകാരസിന്റെ മൂന്നാം സെറ്റായിരുന്നു ജോക്കോവിച്ചിനുള്ള ശരിയായ മറുപടിയെന്നു പറയാം. ആദ്യ സെറ്റിലെ അതേ സ്കോറിൽ ജോക്കോയെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് അൽകാരസ് മുന്നേറിയത്.

നാലാം സെറ്റിൽ ജോക്കോയുടെ അതിഗംഭീരമായ തിരിച്ചുവരവ്. 6–3ന് സെറ്റ് ജോക്കോവിച്ച് പിടിച്ചതോടെ അതിനിർണായകമായ അഞ്ചാം സെറ്റിലേക്കു കളി നീണ്ടു. വാശിയേറിയ പോരാട്ടത്തിൽ പോയിന്റ് കൈവിട്ടപ്പോൾ ചാംപ്യൻ ജോക്കോ നിയന്ത്രണം വിട്ട്, റാക്കറ്റ് നെറ്റ് പോസ്റ്റിൽ ഇടിച്ചു തകർത്തു. ഇതിന് അംപയറുടെ മുന്നറിയിപ്പും കിട്ടി. ജോക്കോയുടെ റിട്ടേൺ നെറ്റിൽ തട്ടിയതോടെ അല്‍കാരസ് വിജയമുറപ്പിച്ചു. കോർട്ടിൽ വീണാണ് സ്പാനിഷ് താരം വിമ്പിൾഡനിലെ കന്നിക്കിരീടത്തിന്റെ ആഘോഷങ്ങൾക്കു തുടക്കമിട്ടത്. ആനന്ദക്കണ്ണീരൊഴുക്കിയ താരത്തെ നിറകയ്യടികളോടെ ആരാധകർ വരവേറ്റു. സ്വപ്ന ഫൈനലിൽ നെഞ്ചുലഞ്ഞെങ്കിലും ‍പുതിയ അവകാശിയെ അഭിനന്ദിച്ച ശേഷമാണ് ജോക്കോ കളം വിട്ടത്.

നൊവാക് ജോക്കോവിച്ചിനെതിരായ വിജയത്തിന് ശേഷം അൽകാരസ്. Photo: Twitter@Wimbledon
നൊവാക് ജോക്കോവിച്ചിനെതിരായ വിജയത്തിന് ശേഷം അൽകാരസ്. Photo: Twitter@Wimbledon

വിമ്പിൾ‍‍‍ഡനിൽ മൂന്നാം സ്പാനിഷ് മുത്തം

ജോക്കോയെ കീഴടക്കി വിമ്പിൾ‍‍ഡൻ വിജയിക്കുമ്പോൾ അൽകാരസിന് പ്രായം 20 വയസ്സും 72 ദിവസവും. വിമ്പിൾഡൻ കിരീടം നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് അൽകാരസ്. വിമ്പിൾഡൻ മൂന്നാമത്തെ സ്പാനിഷ് താരം കൂടിയായി അല്‍കാരസ്. റാഫേൽ നദാൽ (2008,2010) മാന്വർ സന്റന (1966) എന്നിവരാണ് അൽകാരസിനും മുൻപേ സ്വപ്ന കിരീടത്തിൽ മുത്തമിട്ട സ്പെയിൻ‍കാർ. 2003 മേയിൽ സ്പെയിനിലെ എൽ പാമറിലാണ് അൽകാരസിന്റെ ജനനം. അൽകാരസിന്റെ മുത്തച്ഛൻ അൽകാരസ് ലാർമയാണ് എൽ പാമറിലെ ആദ്യത്തെ ടെന്നിസ് ക്ലബ് തുടങ്ങിയത്. അതുകൊണ്ടു തന്നെ ടെന്നിസ് എപ്പോഴും അദ്ദേഹത്തിന്റെ കയ്യെത്തും ദൂരത്തുണ്ടായിരുന്നു. 

ടെന്നിസ് പ്രേമം ലാർമയിൽനിന്ന് മകൻ ഗോൺസാലസിലേക്കും, കൊച്ചുമകൻ അൽകാരസിലേക്കു പടർന്നുപിടിച്ചു. മൂന്നാം വയസ്സുമുതൽ കാർലോസ് അൽകാരസ് റാക്കറ്റെടുത്തു ടെന്നിസ് കളിച്ചുതുടങ്ങി. മുന്‍ലോക ഒന്നാം നമ്പർ താരം യുവാൻ കാർലോസ് ഫെറേറോയുടെ കീഴിലായിരുന്നു അൽകാരസിന്റെ പരിശീലനം. അദ്ദേഹത്തിന്റെ അക്കാദമിയിൽ വളർന്ന താരം 16–ാം വയസ്സിൽ പ്രൊഫഷനൽ ടെന്നിസിൽ അരങ്ങേറി. 2020 ൽ റിയോ ഓപ്പണിൽ വൈല്‍ഡ് കാർഡ് എൻട്രിയിൽ കളിച്ചെങ്കിലും രണ്ടാം റൗണ്ടിൽ പുറത്തായി. ഓസ്ട്രേലിയൻ ഓപ്പണിൽ പ്രായം കുറഞ്ഞ താരമായി ഇറങ്ങി, രണ്ടാം റൗണ്ടിൽ തോറ്റു. മഡ്രിഡ് ഓപ്പണിൽ കളിച്ച് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. റാഫേൽ നദാൽ സ്ഥാപിച്ച റെക്കോർഡാണ് അൽക്കാരസ് അന്നു പഴങ്കഥയാക്കിയത്.

അൽകാരസും ജോക്കോവിച്ചും മത്സരത്തിനു ശേഷം.  Photo: Twitter@Wimbledon
അൽകാരസും ജോക്കോവിച്ചും മത്സരത്തിനു ശേഷം. Photo: Twitter@Wimbledon

18 വയസ്സുപ്രായമുള്ളപ്പോഴാണ് ആദ്യമായി ലോക റാങ്കിങ്ങില്‍ ആദ്യ നൂറിലെത്തുന്നത്. 2021 ക്രൊയേഷ്യൻ ഓപ്പണില്‍ അൽബർട്ട് റമോസിനെ തോൽപിച്ച് അൽകാരസ് കിരീടം ചൂടി. 2022ൽ‍ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടി അൽകാരസ് ലോകത്തെ ഞെട്ടിച്ചു. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കുറഞ്ഞ പുരുഷതാരമായി. വൈകാതെ എടിപി റാങ്കിങ്ങിൽ ഒന്നാം നമ്പർ സ്ഥാനം അല്‍കാരസിനെ തേടിയെത്തി. ഈ വർഷം നടന്ന ഫ്രഞ്ച് ഓപ്പണിൽ സെമി ഫൈനലിലെത്തി. വിമ്പിൾഡണിന് ശേഷം താരത്തിനു മുന്നിലുള്ള ലക്ഷ്യം യുഎസ് ഓപ്പണാണ്. യുഎസ് ഓപ്പൺ‍ കിരീടം നിലനിര്‍ത്തി ടെന്നിസിലെ തലമുറമാറ്റത്തിൽ അടുത്ത അധ്യായത്തിന് അൽകാരസ് തുടക്കമിടുമെന്നാണ് ആരാധക പ്രതീക്ഷ.

English Summary: Carlos Alcaraz, New Champion for Wimbledon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com