പന്തിൽ പക്ഷഭേദമില്ല! യുഎസ് ഓപ്പൺ പുരുഷ–വനിതാ ത്സരങ്ങളിൽ ഒരേതരം പന്തുകൾ
Mail This Article
ന്യൂയോർക്ക് ∙ വനിതാ ടെന്നിസ് താരങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം ഒടുവിൽ യുഎസ് ടെന്നിസ് അസോസിയേഷൻ കേട്ടു. ഇനി മുതൽ യുഎസ് ഓപ്പണിൽ ടെന്നിസിൽ പുരുഷ– വനിതാ താരങ്ങളുടെ മത്സരത്തിന് ഒരേതരം പന്തുതന്നെ ഉപയോഗിക്കും.
കാഴ്ചയിൽ ഒരുപോലെ തോന്നിക്കുമെങ്കിലും ഭാരത്തിൽ വ്യത്യാസമുള്ള പന്തുകളാണ് ഇത്രയും കാലം യുഎസ് ഓപ്പണിലെ പുരുഷ–വനിതാ മത്സരങ്ങളിൽ ഉപയോഗിച്ചിരുന്നത്. പുരുഷ മത്സരങ്ങളിൽ ഉപയോഗിക്കുന്നതിനെക്കാൾ താരതമ്യേന ഭാരം കുറഞ്ഞ പന്താണ് വനിതാ മത്സരങ്ങളിൽ ഉപയോഗിക്കുന്നത്.
കഴിഞ്ഞ യുഎസ് ഓപ്പണിനു ശേഷം വനിതാ സിംഗിൾസ് ചാംപ്യൻ ഇഗ സ്യാംതെക്ക് ഉൾപ്പെടെയുള്ള താരങ്ങൾ ‘ബോൾ വിവേചനത്തിനെതിരെ’ രംഗത്തു വന്നതോടെയാണ് മാറിച്ചിന്തിക്കാൻ യുഎസ് ഓപ്പൺ അധികൃതർ നിർബന്ധിതരായത്. ലിംഗവിവേചനം എന്നതിനെക്കാൾ, ഭാരം കുറഞ്ഞ പന്തുകൾ ഉപയോഗിക്കുന്നത് തങ്ങളുടെ മത്സര മികവിനെ ദോഷകരമായി ബാധിക്കുന്നു എന്നായിരുന്നു വനിതാ താരങ്ങളുടെ പ്രധാന പരാതി.
എന്നാൽ കഴിഞ്ഞ വർഷമാണ് വനിതാ താരങ്ങൾക്ക് ഇത്തരമൊരു പരാതിയുണ്ടെന്ന് ശ്രദ്ധയിൽപെട്ടതെന്നും ഈ വർഷം ടൂർണമെന്റിൽ പുരുഷ–വനിതാ മത്സരങ്ങൾക്ക് ഒരേതരം പന്തുകൾ നൽകാൻ ബോൾ നിർമാണക്കമ്പനിയായ വിൽസനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് ഓപ്പൺ ടൂർണമെന്റ് ഡയറക്ടർ സ്റ്റേസി അലസ്റ്റർ പറഞ്ഞു. ഈ മാസം 28നാണ് യുഎസ് ഓപ്പൺ ആരംഭിക്കുന്നത്.
English Summary : Same type of balls to use in US Open Men's and Women's matches