പുതിയ പോർമുഖം
Mail This Article
ന്യൂയോർക്ക് ∙ ഈ യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ്പിന് പുതിയൊരു പരസ്യവാചകം ആവശ്യമില്ല; ലോക ടെന്നിസിൽ പുതിയ പോർമുഖം തുറന്ന് സെർബിയൻ താരം നൊവാക് ജോക്കോവിച്ചും സ്പാനിഷ് താരം കാർലോസ് അൽകാരസും അതു നേരത്തേ എഴുതിക്കഴിഞ്ഞു! റോജർ ഫെഡറർ വിരമിക്കുകയും നദാൽ പരുക്കിന്റെ പിടിയിലാവുകയും ചെയ്തതോടെ ഒത്ത എതിരാളിയില്ലാതെ മുന്നേറുകയായിരുന്ന ജോക്കോവിച്ചിനെ വിമ്പിൾഡൻ ഫൈനലിൽ വീഴ്ത്തിയാണ് ഇരുപതുകാരൻ അൽകാരസ് വരവറിയിച്ചത്. മുപ്പത്തിയാറുകാരൻ ജോക്കോ യുഎസ് ഓപ്പണിനു മുൻപേ അതിനു പകരം വീട്ടിക്കഴിഞ്ഞു. സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിൽ ഇരുവരും കണ്ടുമുട്ടിയപ്പോൾ ജോക്കോവിച്ചിനായി ജയം. വർഷാന്ത്യ ഗ്രാൻസ്‌ലാമായ യുഎസ് ഓപ്പണിന് ഇന്നു തുടക്കമാകുമ്പോൾ ടെന്നിസ് ആരാധകർ കാത്തിരിക്കുന്നതും മറ്റൊരു ജോക്കോ–അൽകാരസ് പോരാട്ടത്തിനു തന്നെ.
അൽകാരസ് ഒന്നാം സീഡും ജോക്കോവിച്ച് രണ്ടാം സീഡുമായതിനാൽ ഇരുവരും ജയിച്ചു മുന്നേറിയാൽ ഫൈനലിൽ കണ്ടുമുട്ടാനേ സാധ്യതയുള്ളൂ. ജോക്കോവിച്ചിന് നാളെ ആദ്യ മത്സരത്തിൽ ഫ്രഞ്ച് താരം അലക്സാന്ദ്രെ മുള്ളറാണ് എതിരാളി. അൽകാരസിന് മറ്റന്നാൾ ആണ് ആദ്യ മത്സരം. എതിരാളി ജർമൻ താരം ഡോമിനിക് കോഫർ. യുഎസ് ഓപ്പണിൽ നിലവിലെ ചാംപ്യനും അൽകാരസ് തന്നെ.
വനിതകളിൽ കസേരകളി
പുരുഷ ടെന്നിസിനു നേർവിപരീതമാണ് വനിതാ ടെന്നിസിലെ കാര്യം. സെറീന വില്യംസിനു ശേഷം മറ്റൊരു താരവും കിരീടനേട്ടങ്ങളിൽ ആധിപത്യം പുലർത്തിയിട്ടില്ല. പോളണ്ട് താരം ഇഗ സ്യാംതെക് ആണ് ‘തുല്യരിൽ ഒന്നാമത്’ ആയി നിൽക്കുന്നത്. ലോക ഒന്നാം നമ്പർ താരമായ ഇഗയ്ക്കു 4 ഗ്രാൻസ്‌ലാം കിരീടങ്ങളുണ്ട്. എന്നാൽ ഒരു ഗ്രാൻസ്‌ലാം കിരീടനേട്ടമുള്ള കസഖ്സ്ഥാൻ താരം എലീന റിബകീന, ബെലാറൂസ് താരം അരീന സബലേങ്ക എന്നിവരെല്ലാം നിലവിലെ ചാംപ്യൻ കൂടിയായ ഇഗയ്ക്കു കനത്ത വെല്ലുവിളിയുയർത്തും.
English Summary: US Open tennis starts today