ADVERTISEMENT

ന്യൂയോർക്ക് ∙ അട്ടിമറികൾക്കു പിടികൊടുക്കാതെ യുഎസ് ഓപ്പണിന്റെ അഞ്ചാംദിനത്തിൽ മുൻനിര താരങ്ങളുടെ മുന്നേറ്റം. നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസും മൂന്നാംസീ‍ഡ് റഷ്യയുടെ ഡാനിൽ മെദ്‍വദേവും പുരുഷ സിംഗിൾസിന്റെ മൂന്നാം റൗണ്ടിലെത്തി. അൽകാരസ് ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനെ തോൽപിച്ചപ്പോൾ (6-3, 6-1, 7-6) ഓസ്ട്രേലിയയുടെ ക്രിസ്റ്റഫർ ഓക്കോണലിനെതിരെയായിരുന്നു മെദ്‌വദേവിന്റെ ജയം (6-2, 6-2, 6-7, 6-2). ഹാർഡ് കോർട്ടിൽ മെദ്‌വദേവിന്റെ 250–ാം ജയമാണിത്. യുഎസ് ഓപ്പണിൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന അൽകാരസിന് അടുത്ത മത്സരത്തിൽ ലോക 26–ാം റാങ്ക് ബ്രിട്ടന്റെ ഡാൻ ഇവാൻസാണ് എതിരാളി.

പുരുഷ സിംഗിൾസിൽ എട്ടാം സീഡ് ആന്ദ്രേ റുബലേവ്, ആറാം സീഡ് ജാനിക് സിന്നർ, 12–ാം സീഡ് അലക്സാണ്ടർ സ്വരേവ് എന്നിവരും രണ്ടാം റൗണ്ട് മത്സരം വിജയിച്ചു. 38–ാം വയസ്സിൽ യുഎസ് ഓപ്പണിൽ മത്സരിക്കുന്ന മുൻ ചാംപ്യൻ സ്റ്റാൻ വാവ്റിങ്കയ്ക്കും രണ്ടാം റൗണ്ടിൽ വെല്ലുവിളിയുണ്ടായില്ല. ബ്രിട്ടന്റെ ആൻഡി മറെയെ 19–ാം സീഡ് ഗ്രിഗർ ദിമിത്രോവ് തോൽപിച്ചു. 

വനിതകളിൽ ലോക ഒന്നാംനമ്പർ താരം പോളണ്ടിന്റെ ഇഗ സ്യാംതെക് അനായാസ ജയത്തോടെ നാലാം റൗണ്ടിലെത്തി. സ്ലൊവേനിയൻ യുവതാരം കാജ യുവാനിനെ 49 മിനിറ്റിനുള്ളിൽ ഇഗ കീഴടക്കി (6-0, 6-1). യുഎസിന്റെ ടെയ്‌ലർ ടൗൺസെൻഡിനെ തോൽപിച്ച് പത്താം സീഡ് കരോലിന മുച്ചോവയും നാലാം റൗണ്ടിലേക്കു മുന്നേറി. 

വനിതാ സിംഗിൾസ് രണ്ടാംറൗണ്ട് മത്സരത്തിൽ മൂന്നാംസീഡ് ജെസീക്ക പെഗുല പാട്രിയ മരിയയെ അനായാസം വീഴ്ത്തിയപ്പോൾ (6-3, 6-1) അഞ്ചാം സീഡ് ഓൻസ് ജാബർ ചെക്ക് റിപ്പബ്ലിക്കിന്റെ യുവതാരം ലിൻഡ നൊസോക്കയെ പൊരുതി തോൽപിച്ചു (7-6, 4-6, 6-3). യുക്രെയ്ൻ താരം എലിന സ്വിറ്റോലിന റഷ്യയുടെ അനസ്താസിയ പവ്‍ല്യുചെങ്കോവയെ മറികടന്നു (5-7 6-4 6-4).

 

യൂകി ഭാംബ്രി സഖ്യം പുറത്ത്

 

ഇന്ത്യയുടെ യൂകി ഭാംബ്രിയും ബ്രസീലിന്റെ സാകേത് മയേനിയും ഉൾപ്പെട്ട സഖ്യം പുരുഷ ഡബിൾസിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. ഒൻപതാം സീ‍ഡായ പോളണ്ടിന്റെ ഹ്യൂഗോ നിസ്– ജാൻ സെലിൻസ്കി സഖ്യമാണ് അവരെ കീഴടക്കിയത് (6-3, 7-5).

English Summary: Updates On Day5 of the US Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com