ന്യൂയോർക്ക് ∙ ടെന്നിസ് ആരാധകർ കാത്തിരിക്കുന്ന സൂപ്പർ പോരാട്ടത്തിലേക്ക് ഇനി രണ്ടു മത്സരദൂരം മാത്രം! യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ തോൽപിച്ച് (6–3,6–2,6–4) സ്പാനിഷ് താരം കാർലോസ് അൽകാരസും അവസാന നാലിലെത്തിയതോടെ ‘അൽകാരസ്–ജോക്കോവിച്ച്’ ഫൈനൽ വരുമെന്ന ആകാംക്ഷയേറി. അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സെമിയിലെത്തിയിരുന്നു. സെമിയിൽ അൽകാരസിന് റഷ്യൻ താരം ഡാനിൽ മെദ്‌വദെവും ജോക്കോവിച്ചിന് അമേരിക്കൻ താരം ബെൻ ഷെൽട്ടനുമാണ് എതിരാളികൾ.
വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വാന്ദ്രസോവയെ തോൽപിച്ച് അമേരിക്കൻ താരം മാഡിസൻ കീസ് സെമിയിലെത്തി (6–1,6–4). വാന്ദ്രസോവ–അരീന സബലേങ്ക, കൊക്കോ ഗോഫ്– കരോലിന മുച്ചോവ എന്നിങ്ങനെയാണ് സെമിഫൈനൽ മത്സരങ്ങൾ. ചൈനീസ് താരം ക്വിൻവെൻ ഷെങ്ങിനെയാണ് 2–ാം സീഡ് സബലേങ്ക തോൽപിച്ചത് (6–1,6–4).
ബൊപ്പണ്ണയ്ക്ക് റെക്കോർഡ്
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനും അടങ്ങുന്ന സഖ്യം ഫൈനലിൽ കടന്നു. സെമിയിൽ പിയെ ഹ്യൂസ് ഹെർബർട്ട്–നിക്കോളാസ് മാഹുട്ട് സഖ്യത്തെയാണ് തോൽപിച്ചത് (7–6,6–2). ഗ്രാൻസ്‌ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് 43കാരനായ ബൊപ്പണ്ണയ്ക്കു സ്വന്തമായി.
English Summary : Alcarez defeated Swarev in US Open semis