ബൊപ്പണ്ണ സഖ്യം റണ്ണർ അപ്പ്

Mail This Article
ന്യൂയോർക്ക് ∙ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനൽ വരെയെത്തിയ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്ക് അവസാന മത്സരത്തിൽ കാലിടറി. ഫൈനലിൽ ഇന്ത്യൻ വംശജനായ രാജീവ് റാം– ജോ സാലിസ്ബറി സഖ്യത്തോടാണ് ബൊപ്പണ്ണ– മാത്യു എബ്ഡൻ സഖ്യം തോറ്റത്. സ്കോർ: 2–6, 6–3, 6–4. ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡുമായാണ് ബൊപ്പണ്ണ ഇന്നലെ കോർട്ടിലിറങ്ങിയത്.
ആദ്യ സെറ്റ് അനായാസം (6–2) ജയിച്ചതോടെ ഗ്രാൻസ്‌ലാം കിരീടം നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോർഡും നാൽപത്തിമൂന്നുകാരനായ ബൊപ്പണ്ണ സ്വന്തം പേരിലാക്കുമെന്നു കരുതി. പക്ഷേ, രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്ന രാജീവ്– ജോ സഖ്യം 3–6ന് സെറ്റ് സ്വന്തമാക്കി.
നിർണായകമായ മൂന്നാം സെറ്റിൽ 2–2 എന്ന സ്കോറിൽ നിന്ന് രാജീവ്– ജോ സഖ്യം 4–2ലേക്കു കുതിച്ചപ്പോൾ അടുത്ത ഗെയിം സ്വന്തമാക്കി ബൊപ്പണ്ണ സഖ്യം തിരിച്ചുവന്നു. എന്നാൽ തുടർച്ചയായി 2 ഗെയിമുകൾ ജയിച്ച് 6–4ന് രാജീവ് –ജോ സഖ്യം സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
English Summary: Rohan Bopanna-Matthew Ebden pair fail in US Open final