ജയ്ക്കോവിച്ച്, 24–ാം ഗ്രാൻഡ്‌സ്‍ലാം, റാങ്കിങ്ങിൽ വീണ്ടും ഒന്നാമൻ
Mail This Article
ന്യൂയോർക്ക് ∙ ഇഷ്ടക്കൂടുതൽ കൊണ്ട് റോജർ ഫെഡററെയും റാഫേൽ നദാലിനെയുമെല്ലാം ‘ഗ്രേറ്റസ്റ്റ്’ എന്നു വിളിച്ചോളൂ; പക്ഷേ ആ ആനുകൂല്യമില്ലാതെ തന്നെ ഇതിഹാസപ്പട്ടം നേടിയ ഒരാളേയുള്ളൂ– നൊവാക് ജോക്കോവിച്ച്! മുപ്പത്തിയാറാം വയസ്സിൽ, 24–ാം ഗ്രാൻസ്‌ലാം കിരീടനേട്ടത്തോടെ സെർബിയൻതാരം ജോക്കോവിച്ച് ഇതാ ലോക ടെന്നിസിൽ വീണ്ടും തലയുയർത്തി നിൽക്കുന്നു. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് ജോക്കോവിച്ചിന്റെ കിരീടധാരണം (6–3,7–6,6–3).
ഗ്രാൻസ്‌ലാം നേട്ടത്തിൽ പുരുഷ താരങ്ങളിൽ ഫെഡററെയും (20) നദാലിനെയും (22) നേരത്തേ മറികടന്ന ജോക്കോവിച്ച് ഇപ്പോൾ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ (24) റെക്കോർഡിന് ഒപ്പമാണ്. യുഎസ് ഓപ്പണിൽ ജോക്കോവിച്ചിന്റെ 4–ാം വിജയമാണിത്. ഈ വർഷത്തെ നാലിൽ മൂന്ന് ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലും (ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ) ജേതാവായത് ജോക്കോയാണ്. വിമ്പിൾഡൻ ടെന്നിസിലും ഫൈനലിലെത്തിയ ജോക്കോ അവിടെ സ്പാനിഷ് താരം കാർലോസ് അൽകാരസിനോടു പരാജയപ്പെട്ടെന്നു മാത്രം. പുതിയ ലോക റാങ്കിങ്ങിൽ അൽകാരസിനെ മറികടന്ന് ഒന്നാം സ്ഥാനവും ജോക്കോ തിരിച്ചുപിടിച്ചു.
സെർവ് ആൻഡ് വോളി
2021ലെ ഫൈനലിൽ തന്നെ തോൽപിച്ച മെദ്‌വദെവിനെതിരെ, അഞ്ചാം സെറ്റു വരെ മത്സരം നീട്ടി എതിരാളിയെ ഇഞ്ചിഞ്ചായി തീർത്തു കളയുന്ന തന്റെ പതിവ് ഇത്തവണ ജോക്കോവിച്ചിനു വേണ്ടി വന്നില്ല. ദൈർഘ്യമേറിയ റാലികളിലൂടെ എതിരാളിയെ ക്ഷീണിപ്പിക്കുന്ന സ്ഥിരം ശൈലി വിട്ട് നെറ്റിനടുത്തേക്ക് ഓടിക്കയറിയുള്ള സെർവ് ആൻഡ് വോളി സ്റ്റൈൽ പയറ്റാനും ജോക്കോ മുതിർന്നു. ഒന്നേ മുക്കാൽ മണിക്കൂർ നീണ്ട രണ്ടാം സെറ്റിൽ മാത്രമാണ് ജോക്കോവിച്ചിനു വെല്ലുവിളിയുയർത്താൻ മെദ്‌വദെവിനായത്. നീണ്ട റാലികളോടെ മെദ്‌വദെവ് ജോക്കോവിച്ചിനെ പരീക്ഷിച്ചെങ്കിലും അന്തിമവിജയം മിക്കപ്പോഴും ജോക്കോവിച്ചിനു തന്നെയായി. ടൈബ്രേക്കറിൽ മെദ്‌വദെവ് 5–4നു മുന്നിലെത്തിയെങ്കിലും പിന്നീട് 3 പോയിന്റ് നേടി ജോക്കോവിച്ച് സെറ്റ് പിടിച്ചെടുത്തു. മാനസികമായി തളർന്ന മെദ്‌വദെവിന് മൂന്നാം സെറ്റിൽ പോരാട്ടവീര്യം തുടരാനാവാതെ പോയതോടെ ജോക്കോവിച്ചിന്റെ വിജയം എളുപ്പമായി.
ആദരം, പ്രിയ കൂട്ടുകാരാ..
വിജയശേഷം ജോക്കോ ആദ്യം ഓടിയെത്തിയത് കുടുംബാംഗങ്ങളുടെ അടുത്തേക്കാണ്. മകൾ ടാര, മകൻ സ്റ്റെഫാൻ, ഭാര്യ യെലേന എന്നിവരെല്ലാം കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീരുതിർത്ത ശേഷം മുന്നിൽ ‘മാംബ ഫോർഎവർ’ എന്നും പിന്നിൽ ‘24’ എന്ന ടീഷർട്ടുമണിഞ്ഞ് സമ്മാനച്ചടങ്ങിനായി വീണ്ടും കോർട്ടിലേക്ക്– മൂന്നു വർഷം മുൻപ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട, പ്രിയകൂട്ടുകാരൻ അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയന്റിനുള്ള ആദരാഞ്ജലി!
English Summary: Djokovic wins US Open, his 24th Grandslam Title