ടെന്നിസ് കോർട്ടിൽ ഞെട്ടൽ

Mail This Article
ഹാങ്ചോ∙ ടെന്നിസ് കോർട്ടിലെ വമ്പൻ അട്ടിമറിയിൽ ഇന്ത്യൻ ജോടി പുറത്ത്. പുരുഷ ഡബിൾസിൽ ടോപ് സീഡുകളായ റോഹൻ ബൊപ്പണ്ണ– യുകി ഭാംബ്രി കൂട്ടുകെട്ട് ഉസ്ബെക്കിസ്ഥാന്റെ സെർജി ഫോമിൻ– ഖുമയോൺ സുൽത്താനോവ് സഖ്യത്തോട് 2–6, 6–3, 10–6ന് ആണ് പരാജയപ്പെട്ടത്. അതേസമയം, മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ– ഋതുജ ഭോസലെ സഖ്യം പ്രീ ക്വാർട്ടറിലെത്തി. പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ– സാകേത് മയ്നേനി സഖ്യം ക്വാർട്ടറിൽ കടന്നു. വനിതാ ഡബിൾസിൽ ഋതുജ ഭോസലെ– കർമാൻ കൗർ ജോടി രണ്ടാം റൗണ്ടിലെത്തി. വനിതാ സിംഗിൾസിൽ അങ്കിത റെയ്നയും ഋതുജയും പ്രീ ക്വാർട്ടിൽ കടന്നു. പുരുഷ സിംഗിൾസിൽ രാംകുമാർ രാമനാഥന് വോക്കോവർ ലഭിച്ചു.
സുവർണ പ്രതീക്ഷയുമായെത്തിയ ബൊപ്പണ്ണ– ഭാംബ്രി സഖ്യത്തിന്റെ തോൽവി ഇന്ത്യൻ സംഘത്തെ ഞെട്ടിച്ചു. ലോക റാങ്കിങ്ങിൽ ആദ്യ 300ൽ പോലുമില്ലാത്ത ഉസ്ബെക്ക് താരങ്ങൾക്കെതിരെ, സെർവിങ്ങിലും സ്ട്രോക്ക് പ്ലേയിലും ഭാംബ്രിക്കു സംഭവിച്ച പിഴവുകളാണ് തിരിച്ചടിയായത്. ആകെ ലഭിച്ച 16 ബ്രേക്ക് പോയിന്റുകളിൽ 12 എണ്ണവും ഇന്ത്യ പാഴാക്കി. കഴിഞ്ഞയാഴ്ച ഡേവിസ് കപ്പ് ടെന്നിസിൽനിന്നു വിരമിച്ച നാൽപത്തിമൂന്നുകാരൻ ബൊപ്പണ്ണയുടെ അവസാന എഷ്യൻ ഗെയിംസാണിത്. 2018 ഏഷ്യൻ ഗെയിംസിൽ ബൊപ്പണ്ണ– ദിവിജ് ശരൺ സഖ്യം സ്വർണം നേടിയിരുന്നു.
English Summary: The Indian pair is out in asian games tennis court