ADVERTISEMENT

കോട്ടയം∙ രാജ്യാന്തര ടെന്നിസ് ഫെ‍ഡറേഷന്റെ സീനിയർ വിഭാഗത്തിൽ, ഇന്ത്യക്കാരില്‍ ഒന്നാം റാങ്കിലെത്തി കോട്ടയം സ്വദേശി ജോർജ് തോമസ്. ലോക റാങ്കിങ്ങിൽ 58–ാം സ്ഥാനത്താണ് ജോര്‍ജ് തോമസ്. 2019 ൽ, 65 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ജോർജ് തോമസ് മത്സരിച്ചുതുടങ്ങിയത്. പിന്നീട് 70 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്തി. സിംഗിൾസിലെയും ഡബിൾസിലെയും റാങ്കിങ് പോയിന്റുകളുമായി, 2024 ലെ ഐടിഎഫ് ലോകചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

ഗൾഫിൽ എൻജിനീയറായി വർഷങ്ങളോളം പ്രവർത്തിച്ച ശേഷമാണ് ജോർജ് ടെന്നിസിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോട്ടയത്ത് രാമവർമ യൂണിയൻ ക്ലബ്ബിലാണു പരിശീലനം. കുംടുംബത്തോടൊപ്പം കോട്ടയത്തു താമസിക്കുന്ന ജോർജ്, മിഡിൽ‌ ഈസ്റ്റിലും കേരളത്തിലും നിരവധി ചാംപ്യൻഷിപ്പുകൾ വിജയിച്ചിട്ടുണ്ട്. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിയായ ജോർജിന് വിദ്യാർഥിയായിരുന്നപ്പോള്‍ ഫുട്ബോളിനോടായിരുന്നു പ്രിയം. ഉന്നത വിദ്യാഭ്യാസത്തിനായി മുംബൈയിലേക്കു പോയപ്പോഴും, പിന്നീട് ഗൾഫിൽ ജോലിക്കു കയറിയപ്പോഴും ഫുട്ബോൾ പ്രേമം തുടര്‍ന്നു. 1976 ൽ ഗൾഫിലെ ഹോട്ടൽ മേഖലയിലാണ് ജോർജ് ജോലി ചെയ്തിരുന്നത്. ഈ സമയത്ത് ഗള്‍ഫിലെ ഒരു ഇന്ത്യൻ ക്ലബിൽ കളിച്ചിരുന്നു.

1980 ൽ ഇന്ത്യൻ ടെന്നിസ് ഇതിഹാസങ്ങളായ വിജയ് അമൃത്‍രാജ്, ആനന്ദ് അമൃത്‍രാജ് എന്നിവരുടെ കളി കണ്ടതോടെയാണ് ജോർജ് ടെന്നിസിൽ ആകൃഷ്ടനാകുന്നത്. ‘‘അവരുടെ കളിയിൽനിന്ന് പ്രചോദനം ലഭിച്ചതോടെ ഞാൻ ടെന്നിസ് പരിശീലനത്തിനു പോയിത്തുടങ്ങി. ബഹ്റൈനിലുണ്ടായിരുന്നപ്പോഴാണ് ആദ്യമായി റാക്കറ്റെടുത്തത്. പിന്നീട് ഒമാൻ, ദുബായ്, ഇത്യോപ്യ, ഫുജൈറ എന്നിവിടങ്ങളിൽ ജോലി ചെയ്തു. അതിനിടെ എപ്പോഴോ ടെന്നിസിൽ പിന്നോട്ടുപോയി. പിന്നീട് വിശ്രമകാലത്താണ് കോട്ടയത്ത് താമസമാക്കാനും ടെന്നിസ് പരിശീലനം തുടരാനും തീരുമാനിച്ചത്.’’– ജോർജ് മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

യുഎസ് നാഷനൽ ടെന്നിസ് അക്കാദമിയുടെയും ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെയും അംഗീകാരമുള്ള പരിശീലകൻ കൂടിയാണ് ജോർജ്. കോട്ടയത്തെ അത്‌‍ലെറ്റോ സ്പോർട്സിലെ ടെന്നിസ്, സ്ക്വാഷ് പരിശീലകനായ ജോർജ് തോമസിനു കീഴിൽ പരിശീലിക്കുന്ന മകൾ സിമി തോമസ് ബഹ്റൈനിലെ ദേശീയ ചാംപ്യനായിരുന്നു.

ജോർജ് തോമസ് ട്രോഫിയുമായി
ജോർജ് തോമസ് ട്രോഫിയുമായി

രാമവർമ ക്ലബിൽ ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി എട്ടു വരെയാണ് ജോര്‍ജ് തോമസ് പരിശീലിക്കുന്നത്. മുടങ്ങാതെയുള്ള പരിശീലനമാണു ഫിറ്റ്നസ് നിലനിര്‍ത്താൻ സഹായിക്കുന്നതെന്ന് ജോർജ് തോമസ് പറയുന്നു. ‘‘ഫിറ്റ്നസിനായി മിനി മാരത്തണുകളിൽ ഓടാറുണ്ട്. വ്യായാമവും പരിശീലനവും സഹായമാകാറുണ്ട്.’’– ജോർജ് വ്യക്തമാക്കി. സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളെക്കാൾ കളിസ്ഥലങ്ങളാണ് സമൂഹത്തിന് ആവശ്യമെന്നാണ് ജോര്‍ജ് തോമസിന്റെ പക്ഷം. വിജയവാഡ, ജാജർ, ജയ്പുർ, ഡാർ‌ജിലിങ്, ഷോലാപുർ, ഭിലായി, ജലന്ധർ, പുണെ, ഡൽഹി, ഇൻഡോര്‍ എന്നിവിടങ്ങളിൽ നടന്ന ഐടിഎഫ് ടൂർണമെന്റുകളിൽ ജോർജ് തോമസ് വിജയിയായി. ഡിസംബറിൽ മുംബൈയിലാണ് അടുത്ത റൗണ്ട് മത്സരങ്ങൾ.

വിജയിക്കുള്ള ഷീൽഡുമായി ജോർജ് തോമസ്
വിജയിക്കുള്ള ഷീൽഡുമായി ജോർജ് തോമസ്
English Summary:

Kottayam man George Thomas chases his passion on tennis courts at 70

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com