തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ റാഫേൽ നദാലിന് ജയം

Mail This Article
ബ്രിസ്ബെയ്ൻ ∙ ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മത്സരത്തിൽ ഒന്നാന്തരം വിജയവുമായി സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ. ബ്രിസ്‌ബെയ്ൻ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെയാണ് നദാൽ തോൽപിച്ചത് (7–5, 6–1). കഴിഞ്ഞ വർഷം ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായതിനു ശേഷം മുപ്പത്തിയേഴുകാരൻ നദാലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. എടിപി റാങ്കിങ്ങിൽ 672–ാം സ്ഥാനം വരെ താഴേയ്ക്കു പോയ നദാൽ ഇവിടെ വൈൽഡ് കാർഡ് എൻട്രി കിട്ടിയാണ് മത്സരിച്ചത്. എന്നാൽ പരുക്കിന്റെയോ വിട്ടുനിൽക്കലിന്റെയോ ലക്ഷണങ്ങളൊന്നും ഇല്ലാതെയായിരുന്നു മുൻ ലോക മൂന്നാം നമ്പർ താരമായ തീമിനെതിരെ നദാലിന്റെ കളി.
അവസാന 9 ഗെയിമുകളിൽ എട്ടും നേടിയ നദാൽ ഒന്നര മണിക്കൂറിൽ മത്സരം സ്വന്തമാക്കി. ‘ആരോഗ്യവാനായിരിക്കുക എന്നതായിരുന്നു കോർട്ടിൽ നിന്നു വിട്ടുനിന്ന കാലത്തും എന്റെ ലക്ഷ്യം. ശാരീരികമായ ചലനങ്ങളും മാനസികമായ വിശ്വാസവും തിരിച്ചുപിടിച്ചാണ് ഞാൻ കോർട്ടിലെത്തിയത്..’’– മത്സരശേഷം നദാലിന്റെ വാക്കുകൾ. ഓസ്ട്രേലിയൻ താരം ജെയ്സൻ കുബ്ലറാണ് അടുത്ത റൗണ്ടിൽ നദാലിന്റെ എതിരാളി.