വേദി മെൽബൺ കോർട്ട്, ലക്ഷ്യം മാർഗരറ്റ് കോർട്ട്; ഗ്രാൻസ്‌ലാം നേട്ടത്തിൽ മാർഗരറ്റ് കോർട്ടിനെ മറികടക്കാൻ ജോക്കോവിച്ച്
Mail This Article
മെൽബൺ ∙ ഏറ്റവും പ്രിയപ്പെട്ട മത്സരവേദി ഏതെന്ന ചോദ്യത്തിന് നൊവാക് ജോക്കോവിച്ചിന് ഒരൊറ്റ ഉത്തരമേയുള്ളൂ; ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരങ്ങൾ നടക്കുന്ന മെൽബൺ കോർട്ട്. 10 ഗ്രാൻസ്‌ലാം കിരീടങ്ങളുയർത്തിയ മണ്ണിലേക്ക് വീണ്ടുമെത്തുമ്പോൾ സെർബിയൻ താരത്തിന്റെ നോട്ടം മറ്റൊരു കോർട്ടിലേക്കു കൂടിയാണ്. കൂടുതൽ ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളുടെ റെക്കോർഡ് (24) മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിനൊപ്പം പങ്കിടുന്ന ജോക്കോവിച്ചിന് 25–ാം കിരീടവുമായി ഒറ്റയാനാകാനുള്ള മത്സരവേദിയാണ് മെൽബൺ.
2024ലെ ആദ്യ ഗ്രാൻസ്‌ലാം ടെന്നിസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന് ഇന്നു തുടക്കമാകുമ്പോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ജോക്കോവിച്ചിന്റെ ഈ റെക്കോർഡ് കുതിപ്പിലേക്കാണ്. കൂടുതൽ ഓസ്ട്രേലിയൻ ഓപ്പൺ നേട്ടങ്ങളിൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താനും (11) ജോക്കോയ്ക്ക് ഒരു കിരീടം കൂടി വേണം. ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതലാണ് മത്സരങ്ങൾ. സോണി ടെൻ ചാനലുകളിൽ തത്സമയം.
വെല്ലുവിളിച്ച് അൽകാരസ്
ജോക്കോവിച്ചിന്റെ വഴിമുടക്കാൻ നിൽക്കുന്നവരിൽ മുന്നിൽ ലോക രണ്ടാം നമ്പർ താരം സ്പെയിനിന്റെ കാർലോസ് അൽകാരസാണ്. 21 വയസ്സ് തികയും മുൻപ് 2 ഗ്രാൻസ്‌ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരത്തിന്റെ ലക്ഷ്യം മെൽബണിൽ കന്നിക്കിരീടം. പരുക്കുമൂലം കഴിഞ്ഞവർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നു വിട്ടുനിന്ന അൽകാരസ് വിമ്പിൾഡനിൽ ജോക്കോവിച്ചിനെ തോൽപിച്ച് ജേതാവായിരുന്നു. റാഫേൽ നദാൽ, റോജർ ഫെഡറർ എന്നിവരിൽ ഒരാളില്ലാതെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റ് നടക്കുന്നത് 25 വർഷത്തിനുശേഷമാണ്.
വനിതകളിൽ വൻപോര്
ആർക്കും മേധാവിത്തമില്ലെന്നതാണ് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് പോരാട്ടങ്ങളുടെ ആവേശമുയർത്തുന്നത്. കഴിഞ്ഞവർഷത്തെ 4 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലും വനിതാ വിഭാഗത്തിൽ വ്യത്യസ്ത ചാംപ്യൻമാരായിരുന്നു. ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്കിനും നിലവിലെ ചാംപ്യൻ അരീന സബലേങ്കയ്ക്കുമൊപ്പം യുഎസിന്റെ കൊക്കോ ഗോഫും കസഖ്സ്ഥാന്റെ എലീന റിബകീനയും കിരീട സാധ്യതാ പട്ടികയിലുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷമുള്ള ജപ്പാൻ താരം നവോമി ഒസാകയുടെ തിരിച്ചുവരവിനും മെൽബൺ വേദിയാകും.
ജോക്കോയെ കാത്തിരിക്കുന്ന മറ്റു നേട്ടങ്ങൾ
ഓസ്ട്രേലിയൻ ഓപ്പണിൽ പരാജയമറിയാതെ 28 മത്സരങ്ങൾ പൂർത്തിയാക്കി നിൽക്കുകയാണ് ജോക്കോവിച്ച് ഇപ്പോൾ. ഇത്തവണ ഫൈനലിലെത്തിയാൽ മെൽബണിലെ തുടർ വിജയങ്ങളിൽ മോണിക്ക സെലസിന്റെ (33) റെക്കോർഡ് മറികടക്കാം. ഹാർഡ് കോർട്ടിലെ കൂടുതൽ കിരീടങ്ങളിൽ റോജർ ഫെഡററുടെ റെക്കോർഡ് മറികടക്കാൻ ജോക്കോവിച്ചിന് ഒരു ട്രോഫി കൂടി. നിലവിൽ ഇരുവർക്കും 71 കിരീടങ്ങൾ വീതം ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവായാൽ നൊവാക് ജോക്കോവിച്ചിന്റെ കരിയർ സിംഗിൾസ് കിരീടങ്ങൾ 99 ആകും. ജിമ്മി കൊണേഴ്സും (109) റോജർ ഫെഡററും (103) മാത്രമാണ് മുന്നിൽ.