അട്ടിമറി റാക്കറ്റ്!

Mail This Article
മെൽബൺ ∙ 2024ൽ ലോക ടെന്നിസിലെ വമ്പൻ അട്ടിമറികളിലൊന്നുമായി ഇന്ത്യൻ താരം സുമിത് നാഗൽ. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ കസഖ്സ്ഥാന്റെ 27–ാം റാങ്കുകാരൻ അലക്സാണ്ടർ ബുബ്ലിക്കിനെ (6-4, 6-2, 7-6) വീഴ്ത്തിയ 137–ാം റാങ്കുകാരൻ സുമിത്, മെൽബണിലെ ഹാർഡ് കോർട്ടിൽ കുറിച്ചത് ചരിത്രം. ഗ്രാൻസ്‌ലാം സിംഗിൾസിൽ ഒരു ഇന്ത്യൻ താരം സീഡഡ് താരത്തെ തോൽപിക്കുന്നത് 35 വർഷത്തിനുശേഷമാണ്. 1989 ഓസ്ട്രേലിയൻ ഓപ്പണിൽ ലോക ഒന്നാം റാങ്കുകാരൻ സ്വീഡന്റെ മാറ്റ്സ് വിലാൻഡറിനെ വീഴ്ത്തിയ രമേഷ് കൃഷ്ണന്റെ അട്ടിമറി വിജയമായിരുന്നു ഇതിനു മുൻപുള്ള ഇന്ത്യയുടെ വലിയ നേട്ടം.
പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിൽനിന്നു പിൻമാറിയതിന്റെ പേരിൽ ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ വൈൽഡ് കാർഡ് എൻട്രി നിഷേധിച്ചതോടെ യോഗ്യതാ മത്സരങ്ങൾ കളിച്ചാണ് സുമിത് ഇത്തവണ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ പ്രധാന റൗണ്ടിലേക്ക് എത്തിയത്. യോഗ്യതാ റൗണ്ടിലെ 3 മത്സരങ്ങളും ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയിച്ച സുമിത് ഇന്നലെ റാങ്കിങ്ങിൽ ബഹുദൂരം മുന്നിലുള്ള താരത്തിനെതിരെയും സെറ്റ് കൈവിട്ടില്ല. 2 മണിക്കൂർ 28 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിന്റെ മൂന്നാം സെറ്റിൽ മാത്രമാണ് എതിരാളി വെല്ലുവിളിയുയർത്തിയത്. സെർവുകളിൽ മുൻതൂക്കമുള്ള കസഖ് താരത്തെ ശക്തമായ ഫോർഹാൻഡുകളിലൂടെ വിറപ്പിച്ച് സുമിത് മത്സരം സ്വന്തമാക്കി.
ലോക റാങ്കിങ്ങിൽ 140–ാം സ്ഥാനത്തുള്ള ചൈനയുടെ ജുൻചെങ് ഷാങ്ങാണ് നാളെ നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ സുമിത് നാഗലിന്റെ എതിരാളി. അടുത്ത മത്സരവും വിജയിച്ചാൽ ലോക രണ്ടാംനമ്പർ താരം കാർലോസ് അൽകാരസും സുമിത്തും തമ്മിലുള്ള മൂന്നാംറൗണ്ട് പോരാട്ടത്തിന് വഴിയൊരുങ്ങും.
പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് കാർലോസ് അൽകാരസ്, ആറാം സീഡ് അലക്സാണ്ടർ സ്വരേവ്, വനിതാ സിംഗിൾസിൽ ഒന്നാം സീഡ് ഇഗ സ്യാംതെക്, എലേന റിബകീന, വിക്ടോറിയ അസരങ്ക എന്നിവരും ഇന്നലെ രണ്ടാം റൗണ്ടിലെത്തി.
സുമിത് നാഗലിന്റെ മറ്റു പ്രധാന നേട്ടങ്ങൾ
ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ രണ്ടാംറൗണ്ടിലെത്തുന്നത് രണ്ടാംതവണ. 2020ൽ യുഎസ് ഓപ്പണിന്റെ രണ്ടാംറൗണ്ടിലെത്തി.
കരിയറിലെ രണ്ടാമത്തെ വലിയ ജയം. 2021ൽ അർജന്റീന ഓപ്പണിൽ ലോക 22–ാം റാങ്കുകാരൻ ക്രിസ്റ്റ്യൻ ഗാരിനെ അട്ടിമറിച്ചു.
ലോക റാങ്കിങ്ങിൽ ആദ്യ നൂറിലുള്ള താരങ്ങളെ തോൽപിക്കുന്നത് ഏഴാം തവണ.
ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിലൂടെ സുമിത് നാഗലിന്റെ ഇതുവരെ ലഭിച്ച പ്രൈസ് മണി 1,85000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം ഒരു കോടി രൂപ). ഇതിൽ 1,20000 ഓസ്ട്രേലിയൻ ഡോളർ ആദ്യ റൗണ്ട് വിജയത്തിനും 85000 ഡോളർ യോഗ്യതാ റൗണ്ടിലെ 3 മത്സര വിജയങ്ങൾക്കുമുള്ള പ്രൈസ് മണിയാണ്.
2019 യുഎസ് ഓപ്പണിലൂടെ ഗ്രാൻസ്‍ലാം ടെന്നിസിൽ അരങ്ങേറിയ ഹരിയാന സ്വദേശി സുമിത്തിന് ആദ്യ മത്സരത്തിലെ എതിരാളി സാക്ഷാൽ റോജർ ഫെഡററായിരുന്നു. അന്ന് ആദ്യ സെറ്റ് നേടി ഫെഡററെ വിറപ്പിച്ചശേഷമായിരുന്നു സുമിത്തിന്റെ കീഴടങ്ങൽ (6-4, 1-6, 2-6, 4-6).