നൂറാം മത്സരത്തിൽ ഉജ്വല വിജയം: നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ

Mail This Article
മെൽബൺ ∙ റോഡ്‍ലേവർ അരീനയിലെ നൂറാം മത്സരത്തിൽ ഉജ്വല വിജയത്തോടെ സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാംറൗണ്ടിൽ. മുപ്പതാം സീഡായ അർജന്റീനൻ താരം തോമസ് ഇചിവെറിയെയാണ് ജോക്കോ (6-3, 6-3, 7-6) വീഴ്ത്തിയത്. ടൂർണമെന്റിലെ ആദ്യ 2 മത്സരങ്ങളിൽ നിറംമങ്ങിയ താരം മൂന്നാംറൗണ്ട് മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 34 വിന്നറുകളാണ് ജോക്കോവിച്ച് ഇന്നലെ പായിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് സിംഗിൾസിൽ 100 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമാണ് ജോക്കോവിച്ച്. റോജർ ഫെഡറർ (117), സെറീന വില്യംസ് (105) എന്നിവരാണ് മുന്നിൽ.
മെൽബണിൽ ജോക്കോവിച്ചിന്റെ 92–ാം വിജയമായിരുന്നു ഇന്നലത്തേത്. ഫ്രഞ്ച് ഓപ്പണിലും വിമ്പിൾഡനിലും ജോക്കോയുടെ പേരിൽ 92 വിജയങ്ങൾ വീതമുണ്ട്.
യുഎസിന്റെ സെബാസ്റ്റ്യൻ കോർഡെയെ തോൽപിച്ച് അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രെ റുബ്‌ലേവും ഫ്രാൻസിന്റെ ലൂക്കാ വാനിനെ തോൽപിച്ച് ഏഴാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും നാലാം റൗണ്ടിലെത്തി. അർജന്റീനയുടെ സെബാസ്റ്റ്യൻ ബെയ്സിനെ തോൽപിച്ച് നാലാം സീഡ് ഇറ്റലിയുടെ യാന്നിക് സിന്നറും മുന്നേറി.
വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ബെലാറൂസിന്റെ അരീന സബലേങ്ക, യുഎസ് ഓപ്പൺ ചാംപ്യൻ കൊക്കൊ ഗോഫ്, റഷ്യയുടെ കൗമാര താരം മിറ ആൻഡ്രീവ എന്നിവരും നാലാം റൗണ്ടിലെത്തി.
ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടിൽ
പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ദനും ചേർന്നുള്ള സഖ്യം മൂന്നാം റൗണ്ടിൽ. ഓസ്ട്രേലിയയുടെ ജോൺ മിൽമാൻ– എഡ്വേഡ് വിന്റർ സഖ്യത്തെയാണ് (6-2, 6-4) പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ശ്രീരാം ബാലാജിയും റുമേനിയയുടെ വിക്ടർ കോർണിയയും ഉൾപ്പെട്ട സഖ്യം പുരുഷ ഡബിൾസ് രണ്ടാംറൗണ്ടിലെത്തി.
4 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലായി ഇതുവരെ നേടിയ 23 കിരീടങ്ങൾ, എടിപി മാസ്റ്റേഴ്സ് 1000 ടൂർണമെന്റുകളിലെ 40 ട്രോഫികൾ. കരിയറിലെ വലിയ നേട്ടങ്ങൾ അടയാളപ്പെടുത്തുന്ന ടെന്നിസ് കിറ്റുമായാണ് നൊവാക് ജോക്കോവിച്ച് ഇത്തവണ ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിനെത്തിയത്.