ജോക്കോ പാസായി; സിറ്റ്സിപാസായില്ല!

Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ നൊവാക് ജോക്കോവിച്ചിനു നേർക്കുനേർ വെല്ലുവിളിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടവരിൽ ഒരാൾ നേരത്തേ മടങ്ങി. 7–ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തിയത് യുഎസിന്റെ 12–ാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ്. സ്കോർ: 7–6, 5–7, 6–3, 6–3. ക്വാർട്ടറിൽ ജോക്കോവിച്ചാണ് ഫ്രിറ്റ്സിന്റെ എതിരാളി. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാരിനോയെ നിലംപരിശാക്കിയാണ് ഒന്നാം സീഡ് ജോക്കോ ക്വാർട്ടറിലെത്തിയത്. ആദ്യ രണ്ടു സെറ്റുകളിലും ‘ബാഗൽ’ നേടിയാണ് നിലവിലെ ചാംപ്യൻ കൂടിയായ ജോക്കോ മത്സരം സ്വന്തമാക്കിയത്. ഒരു സെറ്റ് 6–0നു സ്വന്തമാക്കുന്നതിനാണ് ബാഗൽ എന്നു പറയുന്നത്. മൂന്നാം സെറ്റിലും ജോക്കോ ബാഗലിന്റെ വക്കിലെത്തിയെങ്കിലും 20–ാം സീഡ് മന്നാരിനോ രക്ഷപ്പെട്ടു. സ്കോർ: (6–0, 6–0, 6–3).
വനിതകളിൽ നിലവിലെ ചാംപ്യനായ അരീന സബലേങ്കയും ആധികാരികമായ ജയത്തോടെ അവസാന എട്ടിലെത്തി. യുഎസിന്റെ അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ബെലാറൂസ് താരം വീഴ്ത്തിയത് (6–3,6–2).
അട്ടിമറികളുമായി മുന്നേറിയ റഷ്യയുടെ പതിനാറുകാരി മിറ ആൻഡ്രീവയെ ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവ മടക്കി അയച്ചു (4–6,6–3,6–2). വനിതകളിൽ 4–ാം സീഡ് കോക്കോ ഗോഫ്, യുക്രെയ്ൻ താരം മാർത്ത കോസ്റ്റ്യൂക് എന്നിവരും
പുരുഷൻമാരിൽ 4–ാം സീഡ് യാനിക് സിന്നർ, 5–ാം സീഡ് ആന്ദ്രെ റുബ്‌ലേവ് എന്നിവരും ക്വാർട്ടറിലെത്തി. പുരുഷ ഡബിൾസിൽ മൂന്നാം സീഡായ യുഎസിന്റെ രാജീവ് റാമും ബ്രിട്ടന്റെ ജോ സാലിസ്ബറിയും പുറത്തായി. രോഹൻ ബൊപ്പണ്ണ–മാത്യു എബ്ദൻ സഖ്യത്തിന്റെ മൂന്നാം റൗണ്ട് മത്സരം ഇന്നാണ്.