കമോൺ ബൊപ്പണ്ണ, ആദ്യ ഗ്രാൻഡ് സ്ലാം കിരീടം അരികെ
Mail This Article
മെൽബൺ ∙ 43–ാം വയസ്സിൽ ലോക ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തി റെക്കോർഡിട്ട ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ മറ്റൊരു ചരിത്ര വിജയത്തിന് അരികെ. ഓസ്ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിന്റെ ഫൈനലിലെത്തിയ താരത്തെ, ഒരു ജയം അകലെ കാത്തിരിക്കുന്നത് കരിയറിലെ ആദ്യ ഗ്രാൻസ്‌ലാം കിരീടം. 2 തവണ യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തിയ ബൊപ്പണ്ണയുടെ മൂന്നാം ഗ്രാൻസ്‌ലാം ഫൈനലുമാണിത്.
ആവേശകരമായ സെമിഫൈനലിൽ ഷാങ് ഷിചെൻ – തോമാസ് മചാക് സഖ്യത്തെ തോൽപിച്ചാണ് ഇന്ത്യ–ഓസീസ് താരങ്ങളുടെ ഫൈനൽ പ്രവേശം (6-3, 3-6, 7-6). 2 മണിക്കൂർ നീണ്ട മത്സരത്തിന്റെ മൂന്നാം സെറ്റ് സൂപ്പർ ടൈബ്രേക്കറിലൂടെ സ്വന്തമാക്കി. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യമാണ് എതിരാളികൾ.
വനിതാ ഫൈനലിൽ സബലേങ്ക– ഷെങ്
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാംപ്യൻ ബെലാറൂസിന്റെ അരീന സബലേങ്കയും 12–ാം സീഡ് ചൈനയുടെ ഷെങ് ക്വിൻവെന്നും ഏറ്റുമുട്ടും. സെമിഫൈനലിൽ സബലേങ്ക യുഎസ് ഓപ്പൺ ചാംപ്യൻ കൊക്കോ ഗോഫിനെ തോൽപിച്ചപ്പോൾ (7-6, 6-4) ക്വാളിഫയർ മത്സരങ്ങൾ കളിച്ചെത്തിയ യുക്രെയ്ൻ താരം ഡയാന യസ്ട്രംസിനെയാണ് (6-4, 6-4) ഷെങ് തോൽപിച്ചത്. നാളെയാണ് ഫൈനൽ.