ഡേവിസ് കപ്പ് ടെന്നിസ്: പ്ലേഓഫിൽ പാക്കിസ്ഥാനെ 4–0ന് തോൽപിച്ച് ഇന്ത്യ

Mail This Article
ഇസ്‌ലാമാബാദ് ∙ ആറു പതിറ്റാണ്ടിനു ശേഷമുള്ള പാക്കിസ്ഥാൻ പര്യടനം അവിസ്മരണീയമാക്കി ഇന്ത്യൻ ടെന്നിസ് ടീം. പ്ലേ ഓഫിൽ പാക്കിസ്ഥാനെ 4–0നു നിഷ്പ്രഭരാക്കി ഇന്ത്യ ലോക ഗ്രൂപ്പ് ഒന്നിൽ സ്ഥാനമുറപ്പിച്ചു. കളിച്ച 3 സിംഗിൾസ് മത്സരങ്ങളും ഒരു ഡബിൾസും ജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഡബിൾസിൽ യുകി ഭാംബ്രി–സാകേത് മൈനേനി സഖ്യം പാക്കിസ്ഥാന്റെ മുസമ്മിൽ മുർത്താസ–അഖീൽ ഖാൻ കൂട്ടുകെട്ടിനെ തോൽപിച്ചു (6–2,7–6).
സിംഗിൾസിൽ നിക്കി പൂനച്ച മുഹമ്മദ് ശുഐബിനെതിരെ ജയം നേടി (6–3,6–4). സിംഗിൾസ് മത്സരങ്ങൾ ജയിച്ച് രാംകുമാർ രാമനാഥനും ശ്രീറാം ബാലാജിയും ഇന്ത്യയ്ക്കായി 2–0 ലീഡ് നേടിയെടുത്തിരുന്നു. 1964ലാണ് ഇന്ത്യ ഇതിനു മുൻപ് പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് കളിച്ചത്. അന്നും 4–0നായിരുന്നു ജയം. 24 ടീമുകളുള്ള ലോക ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ ഇടംപിടിച്ചത്. ഇതിൽ മുന്നേറുന്ന 12 ടീമുകളിൽ ഒന്നായാൽ ഇന്ത്യയ്ക്കു ലോക ഗ്രൂപ്പ് യോഗ്യതാ റൗണ്ടിലെത്താം.