ADVERTISEMENT

മയാമി (യുഎസ്) ∙ ‘‘43–ാം വയസ്സിലല്ല ഞാൻ കളിക്കുന്നത്. 43–ാം ലവലിലാണ്’– ഇക്കഴിഞ്ഞ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ‍ഡബിൾസ് കിരീടം ചൂടി റെക്കോർഡിട്ട ശേഷം ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ പറഞ്ഞതിങ്ങനെ. രണ്ടു മാസങ്ങൾക്കിപ്പുറം ബൊപ്പണ്ണ തന്റെ പെർഫോമൻസ് ഒരു ലവൽ കൂടി ഉയർത്തിയിരിക്കുന്നു. 44–ാം വയസ്സിൽ എടിപി മാസ്റ്റേഴ്സ് 1000 ചാംപ്യൻഷിപ്പായ മയാമി ഓപ്പണിൽ കിരീടം.

ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകൾക്കു തൊട്ടു താഴെയുള്ള എടിപി മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകളിലൊന്നിൽ ജേതാവാകുന്ന പ്രായം കൂടിയ താരം എന്ന തന്റെ തന്നെ റെക്കോർഡാണ് ബൊപ്പണ്ണ തിരുത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യൻ വെൽസ് ടൂർണമെന്റ് ജയിച്ചാണ് ബൊപ്പണ്ണ റെക്കോർഡ് കുറിച്ചിരുന്നത്. ‘സൺഷൈൻ ഡബിൾ’ എന്നറിയപ്പെടുന്ന ഇന്ത്യൻ വെൽസിലും മയാമിയിലും ജയിച്ചതോടെ കരിയറിന്റെ സാന്ധ്യശോഭയിലും ഉച്ചസൂര്യനെപ്പോലെ ജ്വലിച്ചു നിൽക്കുകയാണ് രോഹൻ ബൊപ്പണ്ണ എന്ന കൂർഗുകാരൻ.

ഓസ്ട്രേലിയൻ താരം മാത്യു എബ്ദനൊപ്പമാണ് ബൊപ്പണ്ണയുടെ ഈ മൂന്നു കിരീടനേട്ടങ്ങളും. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി നടന്ന മയാമി ഓപ്പൺ ഫൈനലിൽ ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗ്, യുഎസിന്റെ ഓസ്റ്റിൻ ക്രൈജക് സഖ്യത്തെയാണ് ബൊപ്പണ്ണ– മാത്യു എബ്ദൻ സഖ്യം തോൽപിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഇന്ത്യൻ–ഓസ്ട്രേലിയൻ കൂട്ടുകെട്ടിന്റെ ഉജ്വല തിരിച്ചുവരവ്. സ്കോർ: 6–7, 6–3, 10–6.

കിരീടനേട്ടത്തോടെ എടിപി പുരുഷ ഡബിൾസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ബൊപ്പണ്ണയ്ക്കായി. ഈ വർഷം ജനുവരിയിലാണ് ബൊപ്പണ്ണയും എബ്ദനും ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയത്. 43–ാം വയസ്സിലെ കിരീട നേട്ടത്തോടെ ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കുന്ന പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡും ബൊപ്പണ്ണ സ്വന്തം പേരിൽ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് മയാമി ഓപ്പണിലും കിരീടനേട്ടം ആവർത്തിച്ചത്‌.

English Summary:

New record for Rohan Bopanna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com