ബെസ്റ്റണ്ണാ! രോഹൻ ബൊപ്പണ്ണ–മാത്യു എബ്ദൻ സഖ്യത്തിന് മയാമി ഓപ്പൺ കിരീടം
Mail This Article
ന്യൂയോർക്ക് ∙ പ്രായം കൂടുംതോറും കോർട്ടിൽ തന്റെ വീര്യമേറുകയാണെന്ന് രോഹൻ ബൊപ്പണ്ണ ഒരിക്കൽകൂടി തെളിയിച്ചു. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലെ പുരുഷ ഡബിൾസ് കിരീടനേട്ടത്തിനു പിന്നാലെ മയാമി ഓപ്പണിലും നാൽപത്തിനാലുകാരൻ ബൊപ്പണ്ണ വെന്നിക്കൊടി നാട്ടി. ഇന്ത്യൻ സമയം ഇന്നലെ അർധരാത്രി നടന്ന പുരുഷ ഡബിൾസ് ഫൈനലിൽ ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗ്, യുഎസിന്റെ ഓസ്റ്റിൻ ക്രൈജക് സഖ്യത്തെയാണ് ബൊപ്പണ്ണ– മാത്യു എബ്ദൻ സഖ്യം തോൽപിച്ചത്.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഇന്ത്യൻ–ഓസ്ട്രേലിയൻ കൂട്ടുകെട്ടിന്റെ ഉജ്വല തിരിച്ചുവരവ്. സ്കോർ: 6–7, 6–3, 10–6. ഈ വർഷം ജനുവരിയിലാണ് ബൊപ്പണ്ണയും എബ്ദനും ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയത്. കിരീട നേട്ടത്തോടെ ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കുന്ന പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡും ബൊപ്പണ്ണ (43) സ്വന്തം പേരിൽ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് മയാമി ഓപ്പണിലും ബൊപ്പണ്ണ കിരീടനേട്ടം ആവർത്തിച്ചത്.
വീണിട്ടും വീഴാതെ
ആദ്യ സെറ്റ് ഇവാൻ– ഓസ്റ്റിൻ സഖ്യം സ്വന്തമാക്കിയതോടെ അൽപമൊന്നു പതറിയെങ്കിലും രണ്ടാം സെറ്റിൽ ബൊപ്പണ്ണയും എബ്ദനും ശക്തമായി തിരിച്ചടിച്ചു. ഫസ്റ്റ് സെർവിലൂടെ നേടിയ പോയിന്റുകളുടെ ബലത്തിൽ 6–3ന്, ആധികാരികമായിത്തന്നെ ബൊപ്പണ്ണ– എബ്ദൻ ജോടി രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ തിരിച്ചുവന്ന ഇവാൻ– ഓസ്റ്റിൻ ജോടി വീണ്ടും ശക്തമായ വെല്ലുവിളി ഉയർത്തി.
മൂന്നാം സെറ്റിൽ ഇരുടീമും 6–6 എന്ന നിലയിൽ എത്തിയതോടെ മത്സരം 10 പോയിന്റ് ടൈബ്രേക്കറിലേക്കു നീണ്ടു. എതിരാളികൾക്ക് തിരിച്ചുവരാൻ അവസരം നൽകാതെ ബൊപ്പണ്ണയും എബ്ദനും 10–6ന് സെറ്റും മത്സരവും സ്വന്തമാക്കി.