ADVERTISEMENT

കഥകളി ലോകത്ത് സ്ത്രീ സാന്നിധ്യം പൊതുവെ കുറവാണ്. ഈ രംഗത്ത് ഒന്നു പയറ്റിനോക്കിയാലോ എന്നു ചിന്തിക്കുമ്പോൾ രമ്യാകൃഷ്ണന് പാരമ്പര്യത്തിന്റെയോ പരിചയത്തിന്റെയോ കൂട്ടുണ്ടായിരുന്നില്ല. ജീവിതപങ്കാളി സി.എം.ഉണ്ണിക്കൃഷ്ണൻ കഥകളി കലാകാരനാണ് എന്നതാണ് കണ്ണുംചിമ്മി മുഖത്ത് മനയോല തേക്കാൻ ഈ മുപ്പത്തിനാലുകാരിക്കു ധൈര്യമേകിയത്. കളിയരങ്ങിൽ ആദ്യമെത്തിയ ദമ്പതികൾ എന്ന വിശേഷണം ഇവർക്കു മാത്രം സ്വന്തം.

 

∙ അച്ഛന്റെ അനുഗ്രഹം വാങ്ങി ആയുർവേദത്തിന്റെ നാട്ടിലേക്ക്

 

kathakali-2

കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശിയായ സി.എം.ഉണ്ണിക്കൃഷ്ണന്റെ (40) അച്ഛൻ വലിയ കഥകളി കമ്പക്കാരനായിരുന്നു. തനിക്കു സാധിക്കാത്തത് മകന് കഴിയട്ടെ എന്ന ചിന്തയിൽ ഉണ്ണിക്കൃഷ്ണനെ കഥകളി നടനാക്കാൻ തീരുമാനിച്ചു. ആയിടയ്ക്കാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള പിഎസ്വി നാട്യസംഘത്തിൽ വേഷ വിദ്യാർഥികളെ എടുക്കുന്നുണ്ടെന്നറിഞ്ഞത്. 28 വർഷം മുൻപ് പ്രധാനാധ്യാപകനായിരുന്ന കോട്ടയ്ക്കൽ ഗോപിനായർക്ക് ദക്ഷിണ വച്ച് തുടങ്ങിയതാണ്. ചന്ദ്രശേഖര വാരിയർ, ശംഭു എമ്പ്രാന്തിരി, കേശവൻ കുണ്ടലായർ, വാസുദേവൻ കുണ്ടലായർ, ഹരിദാസൻ തുടങ്ങിയവരെല്ലാം ഗുരുക്കൻമാരായി. അടുത്ത വർഷം വിശ്വംഭര ക്ഷേത്രത്തിൽ ‘കല്യാണസൗഗന്ധിക’ത്തിലെ കൃഷ്ണനായി അരങ്ങേറ്റം. 2006 മുതൽ നാട്യസംഘത്തിൽ അധ്യാപകനാണ്. കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ, കീഴ്പടം കുമാരൻ നായർ തുടങ്ങിയ ആദ്യകാല നടന്മാർക്കൊപ്പമെല്ലാം ചെറുപ്പത്തിലേ കൂട്ടുവേഷങ്ങൾ ചെയ്തു. കളിയരങ്ങിലെ സൂപ്പർതാരം കലാമണ്ഡലം ഗോപി പലപ്പോഴും തന്റെ ‘നായിക’യായി നിർദേശിച്ചത് ഉണ്ണിക്കൃഷ്ണനെയാണ്. ഗോപിയാശാന്റെ നളനൊപ്പം ദമയന്തിയായി അഭിനയിക്കുന്നത് വല്ലാത്തൊരു അനുഭവമാണെന്ന് യുവനടൻ പറയുന്നു.

പച്ച, കത്തി വേഷങ്ങൾക്കൊപ്പം ചിട്ടപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെയും മനോഹരമാക്കി. പാരീസ്, ഈജിപ്ത്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മേളകളിൽ കഥകളിയെ പരിചിതമാക്കി. ഉസ്താദ് ബിസ്മില്ലാ ഖാന്റെ പേരിലുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചതോടെ രാജ്യത്തുടനീളം കഥകളി അരങ്ങുകൾ ഒരുക്കാനുള്ള ചുമതല ലഭിച്ചു.

 

∙ കളി കണ്ടു കണ്ട് കലാകാരിയായി

 

കാസർകോഡ് ഭീമനടി സ്വദേശിനിയായ രമ്യാ കൃഷ്ണൻ ഉണ്ണിക്കൃഷ്ണനെ വിവാഹം ചെയ്ത ശേഷമാണ് കഥകളിയെ ഗൗരവമായി കണ്ടത്. ഭർത്താവിനൊപ്പം പോയി തുടർച്ചയായി കളി കണ്ടതോടെ ശാസ്ത്രീയമായി പഠിക്കണമെന്ന മോഹം കലശലായി. ജീവിതപങ്കാളി തന്നെ ബാലപാഠങ്ങൾ പഠിപ്പിച്ചു. കോട്ടയ്ക്കൽ ഹരിദാസിൽ നിന്നു തുടർപഠനം. 2 വർഷം മുൻപ് ‘ദുര്യോധനവധ’ത്തിലെ കൃഷ്ണനായി ഈ എംടെക് ബിരുദാനന്തര ബിരുദധാരി വിശ്വംഭര സന്നിധിയിൽ അരങ്ങേറ്റം നടത്തി. കാഞ്ഞങ്ങാട്ടെ ഒരു അരങ്ങിൽ ‘സീതാസ്വയംവര’ത്തിലൂടെ കൂട്ടുവേഷം ആടാൻ തുടങ്ങിയതാണ് ദമ്പതികൾ. ഒട്ടേറെ വേദികൾ കിട്ടി തുടങ്ങവെയാണ് കോവിഡ് എത്തിയത്. 

ഡിസംബർ 10ന് ദുബായിയിൽ നടക്കുന്ന വലിയ മേളയിൽ ‘സുഭദ്രാഹരണ’ത്തിലെ അർജുനനും സുഭദ്രയുമായി ഇവർ മാറ്റുരയ്ക്കും. അതിനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT