ഓഹോ അല്ല, മ്യാഹോ.. ചീക്കോ; ബെനഡിക്ട് പാപ്പായുടെ ജീവചരിത്രം എഴുതിയ പൂച്ച !
Mail This Article
പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം.? തമാശയ്ക്കും കാര്യത്തിനും ഈ ചൊല്ല് കാലാകാലങ്ങളായി പലപല അവസരങ്ങളിൽ പലരും ചോദിക്കാറുണ്ട്. എന്നാൽ ജീവചരിത്രം എഴുതുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം എന്നു ചോദ്യം മാറ്റിയാലോ..? അതു കേട്ടു മ്യാവു എന്നൊരു വിസ്മയ ശബ്ദം പുറപ്പെടുവിക്കാൻ വരട്ടെ. അതും വെറും ജീവചരിത്രമല്ല, മാർപാപ്പയുടെ ജീവചരിത്രം എഴുതുന്നിടത്തു തന്നെ പൂച്ചയ്ക്കു കാര്യമുണ്ടായിരുന്നു. ജീവചരിത്രകാരൻ മേശയും കസേരയുമിട്ടു തുരുതുരാ എഴുതുമ്പോൾ ചുമ്മാ വന്നു വാലാട്ടി ഇരിക്കുക അല്ലായിരുന്നു. പൂച്ച. പൂച്ച തന്നെ ജീവചരിത്രം അവതരിപ്പിക്കാൻ ഇടപെട്ടു എന്നു തന്നെ പറയാം– കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതത്തിലെ സംഭവമാണിത്. ഇതു മാത്രമല്ല, ഇങ്ങനെ രസകരമായ അനവധി സംഭവങ്ങളുണ്ടു ശനിയാഴ്ച രാവിലെ 9.34 നു കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതം നിറയെ. കഴിഞ്ഞ ആറു നൂറ്റാണ്ടിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത പാപ്പാ എന്നതു അപൂർവ്വത മാത്രമല്ല, നിരവധി അപൂർവ്വതകളുടെ സംഗമമാണ് ആ ധന്യ ജീവിതം.