ADVERTISEMENT

ക്രുവൽറ്റി ടു സാന്റാ ക്ലോസ്’ – പുതുവർഷ രാത്രിയിൽ കൊച്ചി കാർണിവൽ കാഴ്ചകൾ കാണാനിറങ്ങിയ പത്തുവയസുകാരിയുടേതാണ് പ്രതികരണം. ഫോട്ടുകൊച്ചി പൊലീസ് ഗ്രൗണ്ടിൽ കത്തിച്ച പാപ്പാഞ്ഞിക്ക് സാന്താക്ലോസുമായി കാര്യമായ സാമ്യമൊന്നും ഇല്ലായിരുന്നെങ്കിലും പ്രധാനമന്ത്രിയുമായി സാമ്യമുണ്ടായിരുന്നു എന്ന പേരിലുണ്ടായ കോലാഹലം ചില്ലറായായിരുന്നില്ല. പാപ്പാഞ്ഞിയുടെ മുഖത്തിനു രൂപമാറ്റം വരുത്തിയായിരുന്നു ഒടുവിൽ കത്തിക്കാനായി ഒരുക്കി നിർത്തിയത്. മറ്റു പലസ്ഥലങ്ങളിലും ഉയർത്തിയ പാപ്പാഞ്ഞിക്ക് സാന്റാക്ലോസിന്റെ നേർ രൂപം. അതുകൊണ്ടു തന്നെ കത്തിക്കുന്നതു പ്രിയപ്പെട്ട സാന്റായെ ആണോ എന്ന സംശയത്തിൽ കാര്യമില്ലാതില്ല. പാപ്പാഞ്ഞിക്കു സാന്റാക്ലോസുമായി യാതൊരു ബന്ധവുമില്ലെന്നു കൊച്ചിക്കാർ പറയും. 

pappanji-burning-clebration3
ചിത്രം: ഇ.വി.ശ്രീകുമാർ, മനോരമ

 

pappanji-burning-clebration4
ചിത്രം: ഇ.വി.ശ്രീകുമാർ, മനോരമ

കൊച്ചിയിലെ ഓരോ വീട്ടിലും പുതുവർഷപ്പിറവി ഉൽസവമാണ്. (കൊച്ചിയെന്നാൽ ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം, കണ്ണമാലി, പള്ളുരുത്തി, കുമ്പളങ്ങി, ഇടക്കൊച്ചി, തോപ്പുംപടി എന്നിവ ഉൾപ്പെടുന്ന പശ്ചിമ കൊച്ചിയാണ് ഇവർക്കു കൊച്ചി). മിക്ക വീടുകളുടെ പടിക്കലും പാപ്പാഞ്ഞിക്കോലം നിർമിച്ച് ഉച്ചത്തിൽ പാട്ടുവച്ച് നൃത്തം ചവുട്ടിയുള്ള ആഘോഷമായിരുന്നു കാഴ്ച. ക്ലബ്ബുകൾക്കു മുന്നിലെ പാപ്പാഞ്ഞികളും ആഘോഷങ്ങളും വേറെ. വീടുകൾക്കുള്ളിൽ നിന്നാകട്ടെ, തനി കൊച്ചി രുചിയിലൊരുക്കിയ ബീഫ്, പോർക്ക് വിന്താലുവിന്റെ മണം പുറത്തേയ്ക്ക് ഒഴുവകിവന്നു കൊതിപ്പിക്കുന്നു. ഒപ്പം നുരയ്ക്കുന്ന മദ്യത്തിന്റെയും മണം കൂടി എത്തുമ്പോൾ ഒരെണ്ണം അടിക്കാതെ തന്നെ പുതുവർഷ ലഹരിയിലായി പോകുന്ന വഴിയാത്രക്കാർ. കാഴ്ചകൾ കണ്ടു നടന്നു നീങ്ങുന്നവർ ഓരോ വീട്ടുമുറ്റത്തും ചുവടുവച്ച് ആഘോഷമാക്കിയ രാത്രി. റോഡിലൂടെ നടന്നു നീങ്ങുന്ന പലരുടെയും പോക്കറ്റിൽ ഫോണിൽ നിന്നും സംഗീതം ഒഴുകുന്നുണ്ട്. ഏതോ നാട്ടിൽ നിന്നു പുതുവർഷം ആഘോഷിക്കാൻ കൊച്ചിയിലെത്തിയ ഇണക്കുരുവികളുടെ നടപ്പു പോലും താളം ചവുട്ടി.

pappanji-burning-clebration1
ചിത്രം: ഇ.വി.ശ്രീകുമാർ, മനോരമ

 

ഇതര പ്രദേശവാസികളായ മലയാളിക്കാകട്ടെ ഫോട്ടുകൊച്ചിയിലായിരുന്നു പുതുവർഷ ആഘോഷം. ഡിസംബർ 31 ഉച്ചയ്ക്കു മുമ്പേ കൊച്ചിയിലേയ്ക്ക് അവർ ഒഴുകിയെത്തി. കുണ്ടന്നൂർ മുതൽ, വെണ്ടുരുത്തി പാലം മുതൽ വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. കടുത്ത നിയന്ത്രണം എന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കോവിഡ് കാലം കഴിഞ്ഞുള്ള ജനങ്ങളുടെ ആഘോഷത്തിനു കുറെയൊക്കെ പൊലീസും കണ്ണച്ചു. സന്ധ്യയായതോടെ റോഡിൽ കാലുകുത്താൻ ഇടമില്ലാത്തതു പോലെ ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഫോർട്ടുകൊച്ചിയുടെ മുഴുവൻ റോഡുകളിലും ആളുകൾ നിറഞ്ഞൊഴുകുന്നു.  ലക്ഷക്കണക്കിന് ആളുകളാണ് കൊച്ചിയിൽ പുതുവർഷം ആഘോഷിക്കുന്നതിനും പാപ്പാഞ്ഞിയെ കത്തിക്കുന്നതിനും കാർണിവൽ കാണുന്നതിനുമായി എത്തിയത്. ഈ പുതുവർഷത്തിൽ കൊച്ചിയിൽ എരിഞ്ഞടങ്ങിയത് ആയിരക്കണക്കിനു പാപ്പാഞ്ഞികളാണ്.

pappanji-burning-clebration2
ചിത്രം: ഇ.വി.ശ്രീകുമാർ, മനോരമ

 

pappanji-burning-clebration6
ചേർത്തല ഉളവയ്പിലെ ജോക്കർ പാപ്പാഞ്ഞി

പാപ്പാഞ്ഞി സാന്റാക്ലോസല്ല!

നിങ്ങളെന്തിനാണ് സാന്റായെ കത്തിക്കുന്നതെന്നു ചോദിച്ചാൽ കൊച്ചിക്കാർ സമ്മതിച്ചു തരില്ല. അതു സാന്റായല്ല, പാപ്പാഞ്ഞിയാണെന്നു പഴയ തലമുറ പറഞ്ഞു തരും. പോർച്ചുഗീസ് ഭരിച്ചിരുന്ന വർഷങ്ങളുടെയത്ര പാരമ്പര്യമുണ്ടത്രെ ഫോർട്ടുകൊച്ചിയിലെ ഈ പാപ്പാ‍ഞ്ഞി കത്തിക്കലിന്. മുത്തച്ഛൻ എന്നർഥമാണ് പാപ്പാഞ്ഞിക്ക്. വൃദ്ധനായി മാറിയ കഴിഞ്ഞ വർഷത്തിന്റെ പ്രതീകമായാണ് കൊച്ചിക്കാർ പാപ്പാഞ്ഞിയെ കാണുന്നത്. കഴിഞ്ഞുപോയ വൃദ്ധവർഷത്തിന്റെ തിൻമകൾ കത്തിയമരുമെന്ന സങ്കൽപം. പാപ്പാഞ്ഞിയെക്കുറിച്ചു ചോദിച്ചാൽ ഒന്നിലേറെ കഥകൾ പറയും നാട്ടുകാർ. 

 

pappanji-burning-clebration7
അങ്കമാലി കറുകുറ്റിയിൽ മേള സാംസ്കാരിക വേദി ഒരുക്കിയ 103 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞിക്കു പുതുവർഷ പുലരിയിൽ തീകൊളുത്തിയപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ, മനോരമ

1503 മുതൽ 1663 വരെ ഫോർട്ടുകൊച്ചി ഭരിച്ച പോർച്ചുഗീസുകാർ രാജാവിന്റെ അനുവാദത്തോടെ പണിത ഇമ്മാനുവൽ കോട്ടയിൽ നടത്തിയിരുന്ന പുതുവർഷ ആഘോഷത്തിന്റെ ബാക്കിയാണത്രെ പാപ്പാഞ്ഞി കത്തിക്കൽ. ഇനി അതല്ല, ജൂതപൂർവികരെ കൊന്നൊടുക്കിയ ഗ്രീക്കു പടത്തലവൻ ബഗറീസിനെ കത്തിച്ചതിന്റെ ഓർമ പാപ്പാഞ്ഞി കത്തിക്കലായി മാറിയെന്നു പറയുന്നവരുണ്ട്. ബാബിലോണിലേയ്ക്ക് ജൂതൻമാരെ തടവിലാക്കി കൊണ്ടുപോയ നെബുക്കദ്നേസറിന്റെ മന്ത്രിയുടെ കോലം കല്ലെറിഞ്ഞു കത്തിക്കുന്ന പതിവു പാപ്പാഞ്ഞി കത്തിക്കലായെന്നും പറയുന്നു. 

 

ഇതിനു പുറമേ കൊച്ചിക്കാർക്കു സ്വന്തമായി തന്നെ ഇതിലൊരു കഥ പറയാനുണ്ടത്രെ; കൊച്ചിയിലെ കൊങ്കിണി സമൂഹം കത്തിച്ച ബോതന്റെ ഐതീഹ്യവുമായി ഇതിനു ബന്ധമുണ്ടു പോലും. ഇനി എന്തായിരുന്നാലും കൊച്ചിയിൽ ഇന്നു ജാതി, മത വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ആഘോഷത്തിന്റെ പ്രതീകമാണ് പാപ്പാഞ്ഞി എന്നു പറയുന്നതാകും ശരി. 1984ൽ കൊച്ചി കാർണിവൽ തുടങ്ങുന്നിടത്തു നിന്നാണ് പാപ്പാഞ്ഞി കത്തിക്കലിന്റെ ആധുനിക രൂപം ഉടലെടുക്കുന്നത്. 2013 മുതൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഇതിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്തു. 2020ൽ കോവിഡ് ഭീതിയിൽ മാത്രമാണ് ഇതിനിടെ പാപ്പാഞ്ഞി കത്തിക്കലിനു മുടക്കമുണ്ടായിട്ടുള്ളത്.

pappanji-burning-clebration5
2017 ൽ എറണാകുളം പള്ളുരുത്തിയിൽ കത്തിച്ച പാപ്പാഞ്ഞി

 

കടപ്പുറത്തു നിന്നു വിശാല വെളിയിലേയ്ക്ക്

ഫോര്‍ട്ടുകൊച്ചി കടപ്പുറമായിരുന്നു വർഷങ്ങളായി പപ്പാഞ്ഞി കരിക്കലിന്‍റെ പ്രധാന കേന്ദ്രം. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകൾ ആൺ, പെൺ ഭേതമില്ലാതെ  അവിടെ തടിച്ചു കൂടുന്നതായിരുന്നു പതിവ്. അതേ സമയം തന്നെ ആയിരക്കണക്കിനു ചെറിയ പപ്പാഞ്ഞികള്‍‌ മറ്റു ഭാഗങ്ങളിലും കരിക്കുകയും ചെയ്യും. കുറച്ചു വര്‍ഷങ്ങളായി ഫോര്‍ട്ട്കൊച്ചി ബീച്ച് കടലെടുത്തു പോകുകയും തീരത്ത് ആൾക്കൂട്ടത്തെ വഹിക്കാൻ സാധിക്കാതെ വരികയും ചെയ്തതോടെ ഇവിടെ പാപ്പാഞ്ഞി കത്തിക്കൽ അപകടകരമായി. ഇതോടെയാണ് ഇതോടെയാണ് വെളി ഗ്രൗണ്ടിലേയ്ക്കും ഈ വർഷം പരേഡ് ഗ്രൗണ്ടിലേയ്ക്കും പാപ്പാഞ്ഞി എത്തിയത്. 

 

കൊച്ചിക്കു പുറത്തും പാപ്പാഞ്ഞി

പലസംസ്കാരങ്ങൾ കൂടിക്കുഴഞ്ഞുള്ള കൊച്ചിക്കാരുടെ മാത്രം ആഘോഷമായിരുന്നു ഒരിക്കൽ പാപ്പാഞ്ഞി കത്തിക്കലെങ്കിൽ ഏതാനും വർഷങ്ങളായി അതു മാറിയിട്ടുണ്ട്. പാപ്പാഞ്ഞി കത്തിക്കൽ കൊച്ചിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നത് ഈ സങ്കൽപത്തിനു ലഭിച്ചിരിക്കുന്ന ജനസ്വീകാര്യതയിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. അങ്കമാലിക്കാർ ഈ വർഷം പുതുവർഷത്തിന് ഒരുക്കിയത് 103 അടി ഉയരമുള്ള പാപ്പാഞ്ഞിയെ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ കറുകുറ്റി സാസംകാരിക വേദി പാപ്പാഞ്ഞിയെ കത്തിക്കുന്നുണ്ട്. 

 

കഴി‍ഞ്ഞ എട്ടു വർഷമായി ചേർത്തല ഉളവയ്പ് ഗ്രാമത്തിൽ കായൽ കാർണിവൽ നടത്തി പപ്പാഞ്ഞി കത്തിച്ച് പുതുവർഷം ആഘോഷിക്കുന്നുണ്ട്. കായൽ കാർണിവൽ ഈ ഗ്രാമത്തിലേക്ക് ധാരാളം സഞ്ചാരികളെ എത്തിച്ചു എന്നുമാത്രമല്ല തീരപ്രദേശമായ ഇവിടെ നിരവധി ടൂറിസം പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നതിനു വഴിവച്ചു. ഉളവയ്പ് "ഗ്രാമീണർ" എന്ന സംഘടനയാണ് കാർണിവർ നടത്തുന്നത്. അമ്മമാർ കപ്പയും കക്കയും കൊണ്ടുള്ള അപൂർവമായ പുഴുക്ക് ഉണ്ടാക്കി വിതരണം ചെയ്യുന്നു. പ്രദേശവാസികളായ ശിൽപ്പി അഭിഷേകും സ്ട്രക്ചറൽ ഡിസൈനർമാരായ ജോബി ജോർജും വർക്കിയും അനൂപ് കരുണാകരനുമാണ് ഇത്തവണ 40 അടി ഉയരത്തിൽ ജോക്കർ പപ്പാഞ്ഞിയെ ഇവിടെ നിർമിച്ചത്. 

 

നിറം കെടുത്തിയ തിക്കും തിരക്കും

ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയ കൊച്ചി കാർണിവലിന്റെ നിറം കെടുത്തുന്നതായിരുന്നു അവിടെയുണ്ടായ തിക്കിലും തിരക്കിലും കുറെ പേരെങ്കിലും അപകടത്തിൽ പെട്ടത്. മുന്നൂറിലെറെ പേരെ ശ്വാസം മുട്ടലിനെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നെന്നു പ്രദേശവാസികൾ പറയുന്നു. പല സ്ഥലങ്ങളിൽ നിന്നെത്തിയ യുവാക്കൾ ആധുനിക രാസലഹരി ഉപയോഗിച്ച് മണിക്കൂറുകൾ നൃത്തം ചെയ്തു ക്ഷീണിച്ചതാണ് അവരെ അവശരാക്കിയത് എന്ന ആക്ഷേപം ഉയർത്തുന്നവരുമുണ്ട്. ആരോഗ്യ പ്രവർത്തകരും വേണ്ടത്ര മുൻകരുതൽ എടുത്തില്ലെന്ന ആരോപണമുണ്ട്. അതേ സമയം പൊലീസ് സർവ സന്നാഹവും ഉപയോഗപ്പെടുത്തിയാണ് മുക്കിനും മൂലയ്ക്കും വരെ ഗതാഗത നിയന്ത്രണത്തിനു പൊലീസ് ശ്രമിച്ചത്. അനാവശ്യ ഇടപെടലുകളിലൂടെ ആഘോഷത്തിന്റെ നിറം കെടുത്താതിരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ടായിരുന്നു. കൊച്ചി രജിസ്ട്രേഷനു പുറത്തുള്ള വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന് ആദ്യം അറിയിച്ചെങ്കിലും വന്ന വാഹനങ്ങളെല്ലാം പരമാവധി കൊച്ചിയിലേയ്ക്കു കടത്തിവിടാൻ വേണ്ട ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. 

 

പാപ്പാഞ്ഞി കത്തിച്ചുള്ള പുതുവർഷ ആഘോഷം കൊച്ചിയിൽ മാത്രം ഒതുങ്ങരുതെന്ന അഭിപ്രായക്കാരാണ് കൊച്ചിക്കു പുറത്തു പാപ്പാഞ്ഞി കത്തിച്ച സംഘങ്ങൾ. സ്വന്തം നാട്ടിലെ കാർണിവലുകളും പുതുവർഷ ആഘോഷങ്ങളും കൊച്ചിയിലെ അനാവശ്യ തിരക്കുകളിലേയ്ക്ക് ആളുകളെ എത്തിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുമെന്ന വാദമാണ് ഇവരുടേത്.

 

Content Summary: Pappanji Burning and New Year Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com