ADVERTISEMENT

സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനും വ്യാപനത്തിനും പ്രോത്സാഹനത്തിനുമായി 14 ജില്ലകളിലും കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന സാംസ്കാരിക സമുച്ചയം കൊല്ലം ജില്ലയിൽ യാഥാർഥ്യമായി. തടസങ്ങളില്ലാത്ത സാംസ്‌കാരിക ഉൾപ്പെടുത്തൽ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടോടെയാണ് ജില്ലയിൽ ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയം നിർമിച്ചത്.

 

sreenarayana-guru-samskarika-samuchayam-inauguration1

ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന സമുച്ചയത്തിൽ എൻട്രൻസ്, എക്സിബിഷൻ, കഫ്റ്റ്‌രിയ, പെർഫോർമൻസ് എന്നിങ്ങനെ 4 ബ്ലോക്കുകളും 600 പേർക്ക് ഇരിക്കാൻ പറ്റുന്ന ഒരു ഓപ്പൺ എയർ തീയേറ്ററും ഉൾപ്പെടുന്നു. സമുച്ചയത്തിന്റെ ഭരണപരമായ സൗകര്യങ്ങൾ അടങ്ങിയ 40,000 ചതുരശ്ര അടി ആകെ വിസ്തീർണമുള്ള എൻട്രൻസ് ബ്ലോക്കിൽ കോൺഫറൻസ് ഹാളോടുകൂടിയ ഓഫീസ് മുറികൾ, കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനായി ക്രാഫ്റ്റ് മ്യൂസിയം, നൂറു പേർക്ക് പങ്കെടുക്കാൻ സാധിക്കുന്ന യോഗങ്ങൾ നടത്തുന്നതിനായി മെമ്മോറിയൽ ഹാൾ, അക്കാദമിക്ക് ഗവേഷണ ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്ന തരത്തിൽ 5,600 ചതുരശ്ര അടി വിസ്തീർണത്തിൽ പരമ്പതാഗത, ഡിജിറ്റൽ ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കഫറ്റീരിയ, പുസ്തകങ്ങളും മറ്റു ഉത്പന്നങ്ങളും വാങ്ങുന്നതിനായി കടമുറികൾ, ലോക പ്രശസ്ത കലാകാരൻമാരുടെ അപൂർവവും വിജ്ഞാനപ്രദവുമായ പെയിൻറിംഗുകൾ പ്രദർശിപ്പിക്കുന്നതിനായി 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആർട്ട് ഗാലറി എന്നിവ കഫറ്റീരിയ ബ്ലോക്കിന്റെ സവിശേഷതയാണ്.

 

കലാപഠനത്തെ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകിക്കൊണ്ട് സജ്ജീകരിച്ച എക്സിബിഷൻ ബ്ലോക്കിൽ എക്സിബിഷൻ സ്പേസുകൾ, ക്ലാസ് മുറികൾ, വർക്ക്ഷോപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ബ്ലോക്കിന്റെ ഇടനാഴികളിലൂടെ സമുച്ചയത്തിന്റെ ദൃശ്യ ഭംഗിയും ഓപ്പൺ എയർ തീയേറ്ററിൽ നടക്കുന്ന പരിപാടികളും ആസ്വദിക്കാൻ സാധിക്കുന്നതാണ്.

 

സമുച്ചയത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓപ്പൺ എയർ തീയേറ്ററിൽ ഏകദേശം 600ൽ പരം ആളുകൾക്ക് ഒരേ സമയം പരിപാടികൾ ആസ്വദിക്കാൻ സാധിക്കും. ഗ്രീൻ റൂമോട് കൂടിയ ഈ ഓഡിറ്റോറിയത്തിൽ വിശാലമായ കാഴ്ച സൗകര്യമുള്ള സ്റ്റേജും സ്ഥിതി ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിലുള്ള കോൺഫറൻസുകളും മീറ്റിംഗുകളും നടത്താവുന്ന തരത്തിൽ പ്രൊജക്ഷൻ സംവിധാനവും മികച്ച സൗണ്ട് സിസ്റ്റവുമുള്ള 108 ഇരിപ്പിടങ്ങളോട് കൂടിയ പൂർണ്ണമായും ശീതീകരിച്ച സെമിനാർ ഹാൾ പെർഫോമൻസ് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.

 

തെരുവ് നാടക പ്രകടനങ്ങൾ, റിഹേഴ്സലുകൾ, മൈമുകൾ എന്നിവയ്ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ പൂർണമായും ശീതീകരിച്ച ആധുനിക ലൈറ്റിംഗ് ശബ്ദ ക്രമീകരണങ്ങളോട് കൂടിയ ബ്ലാക്ക് ബോക്സ് തീയേറ്റർ ഈ ബ്ലോക്കിന്റെ ഭാഗമാണ്. സിനിമ, ഷോർട്ട് ഫിലിംസ്, ഡോക്യുമെന്ററി പ്രദർശനങ്ങൾക്കായി 203 ഇരിപ്പിടങ്ങളോട് കൂടിയ AV തീയേറ്റർ സംവിധാവും ഈ ബ്ലോക്കിലുണ്ട്. ചെറുതും വലുതുമായ എല്ലാത്തരം കലാപരിപാടികളും അരങ്ങേറുവാനുള്ള സജ്ജീകരണങ്ങളോടു കൂടിയ 247 സീറ്റിംഗ് കപ്പാസിറ്റിയുള്ള പൂർണമായും ശീതീകരിച്ച ആഡിറ്റോറിയം, വിശാലമായ സ്റ്റോറേജ് ഏരിയ, ആധുനിക ശബ്ദ വെളിച്ച സംവിധാനം, പ്രൊജക്ഷൻ നിയന്ത്രണ ഉപകരണങ്ങൾ, ഗ്രീൻ റൂം എന്നിവ മികച്ച കാഴ്ച്ചാനുഭവം ഒരുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com