മനോരമ ഓൺലൈൻ ക്യാംപസ് റിപ്പോർട്ടർ പരിശീലന ക്യാംപ് നടത്തി

Mail This Article
മനോരമ ഓൺലൈൻ ക്യാംപസ് റിപ്പോർട്ടർ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരിശീലന ക്യാംപ് ഡിസംബർ 17ന് കോട്ടയം മനോരമ ഓഫിസിൽ നടന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കോളജുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട അന്‍പതോളം വിദ്യാർഥികൾ പങ്കെടുത്തു.

വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മലയാള മനോരമ കോട്ടയം യൂണിറ്റിലെ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോഓർഡിനേറ്റർ ജോവി എം.തേവര, മനോരമ ഓൺലൈൻ പ്രീമിയം കണ്ടന്റ് എഡിറ്റർ ആർ.കൃഷ്ണരാജ്, ചീഫ് സബ് എഡിറ്റർ മഹേഷ് മോഹൻ എന്നിവർ ക്ലാസെടുത്തു. മാധ്യമപ്രവർത്തന സംബന്ധമായ സംശയങ്ങളും നിരീക്ഷണങ്ങളും വിദ്യാർഥികളും പങ്കുവച്ചതോടെ ക്യാംപ് ആവേശകരമായി.
കേരളത്തിലെ കോളജ് ക്യാംപസുകളിൽനിന്നുള്ള വാർത്തകൾ വിദ്യാർഥികളിലൂടെ വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് മനോരമ ഓൺലൈൻ ക്യാംപസ് റിപ്പോർട്ടര്‍ പരിപാടിയുടെ ലക്ഷ്യം. വിദ്യാർഥികളുടെ നേട്ടങ്ങൾ, ക്യാംപസിലെ പുതിയ ട്രെൻഡുകൾ, വിശേഷങ്ങൾ, അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ, വിദ്യാർഥി പ്രശ്നങ്ങൾ എന്നിങ്ങനെ രസകരവും ഹൃദയസ്പർശിയും മാതൃകാപരവുമായ സംഭവങ്ങൾ ക്യാംപസ് റിപ്പോർട്ടറിലൂടെ ലോകമെമ്പാടുമുള്ള മലയാളി വായനക്കാരിലേക്ക് എത്തും. മാധ്യമപ്രവര്‍ത്തന മേഖലയിൽ പുതുപ്രതിഭകള്‍ക്ക് അവസരം ലഭിക്കാനും ക്യാംപസ് റിപ്പോർട്ടർ സാധ്യത തുറന്നിടുന്നു.