കലയുടെ ഉത്സവം ആഘോഷമാക്കി ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ്. രണ്ട് ദിവസം നീണ്ടുനിന്ന ആട്സ് ഫെസ്റ്റിവൽ 'ഗദ്ദിക' വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും പ്രകടന മികവ് കൊണ്ടും വേറിട്ടതായി. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി നടന്ന കലാമാമാങ്കത്തിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. പടയണിയുമായി ബന്ധപ്പെട്ട് നടത്തുന്ന കലാരൂപമായ 'ഗദ്ദിക' എന്ന പേരാണ് 2023 കലോത്സവത്തിന് കോളേജ് യൂണിയൻ നൽകിയത്. തസ്റാക്ക്, മയ്യഴി തുടങ്ങി മലയാളിക്ക് പരിചിതമായ സ്ഥലങ്ങളടെ പേരുകളാണ് വേദികൾക്ക് നൽകിയത്. ആറ് വേദികളിലായാണ് കലാമാമാങ്കം നടന്നത്.

നൃത്ത ഇനങ്ങളിലെയും സംഗീത ഇനങ്ങളിലെയും വിദ്യാർഥികളുടെ പ്രകടനം മികച്ചതായിരുന്നു. ഭരതനാട്യവും നാടോടിനൃത്തവും മൈമും പാശ്ചാത്യ സംഗീതവുമെല്ലാം കാണികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. കഥാപ്രസംഗത്തിന് ഒരേ ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾക്ക് തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയത് വ്യത്യസ്ത കാഴ്ചയായി. ഡിപ്പാർട്ട്മെന്റുകൾ തമ്മിൽ വാശിയേറിയ മത്സരമാണ് എല്ലാ ഇനങ്ങളിലുമുണ്ടായത്.