'രാവിലെ കോളജിന്റെ മുന്നിലെത്തുമ്പോൾ സ്നേഹത്തോടെ അവൻ ഒപ്പം നടക്കും, പതിഞ്ഞ സ്വരത്തിൽ കുശലം പറഞ്ഞ് കോളജ് പടിക്കൽ വരെയെത്തും, ഒന്നും പ്രതീക്ഷിക്കാതെയാണ് അവന്റെ വരവ്, ഒരു തലോടൽ മാത്രമാണ് അവന് വേണ്ടത്' കുട്ടപ്പായി മാർത്തോമ കോളജിലെ വിദ്യാർഥികൾക്ക് മാത്രമല്ല, നാടിന്റെ തന്നെ സ്പന്ദനമാണ്. ആരോടും എപ്പോഴും ഇണങ്ങുന്ന നല്ല അസ്സല് നായ്ക്കുട്ടി. കോളജിലെത്തുന്നവർ നൽകുന്ന ബിസ്ക്കറ്റ് കിട്ടിയാൽ പിന്നെ കുട്ടപ്പായി ആള് ഉഷാറാണ്. വാലുമാട്ടി ഒപ്പം കൂടും. കോളജ് വരെ ഓരോരുത്തരെയും എത്തിച്ചാലേ കുട്ടപ്പായിക്ക് മതിയാവു. അവസാന വിദ്യാർഥിയെയും ക്ലാസിലെത്തിച്ചതിന് ശേഷം പിന്നൊരു കാത്തിരിപ്പാണ് ആ നീളത്തിലുള്ള മണി മുഴങ്ങുന്നത് വരെ. ബാക്കി സമയം പ്രദേശത്തെ ലോഡിങ് തൊഴിലാളികൾക്കൊപ്പം ചേരും.
കുറ്റപ്പുഴയിലേക്ക് കുട്ടപ്പായി എത്തിയത് മാസങ്ങൾക്ക് മുമ്പാണ്. എവിടെയോ വളർന്ന നായ്ക്കുട്ടി കൂട്ടം തെറ്റി പുതിയ സ്ഥലത്തെത്തിയെങ്കിലും സ്വന്തം പോലെ നാട്ടുകാർ അവനെ സ്നേഹിച്ചു. ലോഡിങ് തൊഴിലാളികൾ അവനു ഭക്ഷണവും വെള്ളവും നൽകി. പിന്നീട് ഉടമയുടെ അടുത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും തന്നെ ഏറെ സ്നേഹിച്ചവരെ വിട്ട് പോകാൻ അവൻ തയാറായില്ല. നാട്ടുകാർക്കും കോളജിലെ കൂട്ടുകാർക്കുമൊപ്പം അവൻ അവിടെ തന്നെ തുടർന്നു. കൂട്ടുകാരികളുടെ ചോറ്റുപാത്രത്തിനായാണ് കുട്ടുപ്പായിയുടെ കാത്തിരിപ്പ്. ഒരു ദിവസം അതൊന്ന് തെറ്റിയാൽ അവന്റെ മട്ട് മാറും. പിന്നെ നല്ലോണം കഷ്ടപ്പെട്ടാലെ അവനെയൊന്ന് മെരുക്കിയെടുക്കാനാകു.
പല തവണ അപകടങ്ങളിൽപെട്ട് കുട്ടപ്പായി ക്ഷീണിച്ചെങ്കിലും തന്റെ കൂട്ടുകാരായ വിദ്യാർഥികളെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ ആള് ഉഷാറാണ്. മനുഷ്യൻ മനുഷ്യനെ പരിഗണിക്കാത്ത ഈ കാലത്ത് കുട്ടപ്പായിയും കുട്ടികളും ചേർന്ന് നിസ്വാർഥ സ്നേഹത്തിന്റെ നേർചിത്രം വരച്ചിടുകയാണ്.