കീഴൂർ ∙ ചുറ്റുമുള്ളവരെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം വിദ്യാർഥികൾ വളർത്തിയെടുക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. കീഴൂർ ദേവസ്വം ബോർഡ് കോളജിലെ നാഷനൽ സർവീസ് സ്കീമിന്റെ സ്‌നേഹവീട് പദ്ധതിയുടെ ഭാഗമായി, ഭവനരഹിതയായ വിദ്യാർഥിനിക്കു വീട് നിർമിച്ചു നൽകാനുള്ള ധനസമാഹരണം, റാങ്ക് ജേതാക്കൾക്ക് അനുമോദനം, സ്കോളർഷിപ് വിതരണം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെനാളായി വാടകവീട്ടിൽ താമസിക്കുന്ന രണ്ടാം വർഷ ബിഎ വിദ്യാർഥിനിക്കായാണ് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് വീട് നിർമിക്കുന്നത്. ധനസമാഹരണത്തിന്റെ ആദ്യ ഗഡുക്കൾ പ്രിൻസിപ്പൽ ഡോ. സി.എം. കുസുമൻ, പിടിഎ സെക്രട്ടറി മീട്ടു രാജു എന്നിവർ ദേവസ്വം പ്രസിഡന്റിന് കൈമാറുകയും നാഷനൽ സർവീസ് സ്കീം കോഓർഡിനേറ്റർ അഖിൽകുമാർ വിജയൻ തുക സ്വീകരിക്കുകയും ചെയ്തു.
കോളജിൽ ആദ്യമായി എത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് അധ്യാപകരും വിദ്യാർഥികളും സ്വീകരണം നൽകി. എംജി സർവകലാശാലാ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. കലാരംഗത്തു മികവ് തെളിയിച്ച കുട്ടിക്കുള്ള എവർറോളിങ് ട്രോഫിയും നിർധനരായ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സി. എം. കുസുമൻ, പിടിഎ സെക്രട്ടറി മീട്ടു രാജു, വൈസ് പ്രിൻസിപ്പൽ ഷീജ ആർ., തിരുവിതാംകൂർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ സി. ശ്യാമപ്രസാദ്, നാഷനൽ സർവീസ് സ്കീം കോഓർഡിനേറ്റർ അഖിൽകുമാർ വിജയൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സുനിൽ ജി. ദാസ്, കോളജ് യൂണിയൻ ചെയർമാൻ അഭിറാം ബിനോയ് എന്നിവർ പങ്കെടുത്തു.