തിരുവല്ല ∙ രാജ്യതലസ്ഥാനത്തു നടന്ന എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോഴേ തിരുവല്ല മാർത്തോമ്മാ കോളജിലെ സീനിയർ അണ്ടർ ഓഫിസർ ജോഷ്വ രാജു ജോർജ് ആവേശത്തിലായിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ കഠിനമായ പരിശീലന നാളുകളിലും ആ ആവേശം ഒട്ടും ചോർന്നില്ല. എൻസിസിയിൽ ചേർന്ന നാൾ മുതൽ കേട്ടറിഞ്ഞ ആർഡിസി ക്യാംപ് ലക്ഷ്യം വച്ചു പരിശീലനം തുടർന്നു.
ലെഫ്റ്റനൽ റെയ്സൺ സാം രാജുവിന്റെയും സഹ കെഡറ്റുകളുടെയും പിന്തുണയോടെ വിവിധ ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുത്തു തന്റെ കഴിവുകൾ പ്രകടിപ്പിച്ച് ഇക്കഴിഞ്ഞ റിപ്പബ്ലിക് ഡേയിൽ ജോഷ്വാ തന്റെ സ്വപ്നം യാഥാർഥ്യമാക്കി. മാസങ്ങളോളം നീണ്ട കഠിനാദ്ധ്വാനത്തിന്റെ ഫലമായി, കേരളത്തെ പ്രതിനിധീകരിച്ചു ഡൽഹിയിൽ പോകാൻ അവസരം ലഭിച്ച നൂറ്റിപ്പതിനാറ് പേരിൽ ഒരാളാകാൻ അവസരം ലഭിച്ചു. ഡിസംബർ അവസാനം ഡൽഹിയിൽ എത്തിയപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കെഡറ്റുകളോടും ഓഫിസർമാരോടും ഒപ്പം സഹവസിച്ചായിരുന്നു അവസാന ഘട്ട ട്രെയിനിങ്ങ്.
വിവിധ പരിശീലങ്ങൾക്ക് ശേഷം ഡൽഹിയിലേക്ക് എത്തിയപ്പോൾ ഒരു സാധാരണ പൗരന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഭവമാണ് ഇതെന്ന് തോന്നി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, വ്യത്യസ്തമായ സംസ്‌കാരങ്ങൾ, പല ഭാഷകൾ, പല തരം കലാരൂപങ്ങൾ,നമ്മുടെ സൈനിക ശക്തി, ഇതിനിടെ ലഭിച്ച സൗഹൃദങ്ങൾ എന്നിങ്ങനെ അദ്ഭുതപ്പെടുത്തിയ പലതുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷം ഉണ്ട് – ജോഷ്വ രാജു ജോർജ്
പ്രൗഢഗംഭീരമായ ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് എൻസിസി കമന്റേഷൻ അവാർഡ് ലഭിച്ചപ്പോൾ തിരുവല്ല മാർത്തോമ്മാ കോളജും 15 കേരള ബറ്റാലിയനും തങ്ങളുടെ ചരിത്രത്തിലെ നേട്ടമായി ജോഷ്വായ്ക്ക് ലഭിച്ച അംഗീകാരം എഴുതിച്ചേർത്തു. വ്യത്യസ്ത നാടുകളിൽ നിന്നുള്ള ഫ്ലോട്ടുകളും തദ്ദേശീയ യുദ്ധോപകരണങ്ങളുടെ പ്രദർശനവും രാജ്യത്തു തന്നെ ആദ്യമായി ഈജിപ്ഷ്യൻ ആർമി സംഘത്തിന്റെ മാർച്ചും നേരിട്ട് കാണാൻ സാധിച്ചത് തികച്ചും അവിസ്മരണീയമായ അനുഭവം ആയിരുന്നുവെന്ന് ജോഷ്വാ പറഞ്ഞു. ഒപ്പം സൈനിക രംഗവുമായി തന്നെ ബന്ധപ്പെട്ടാണ് തന്റെ കരിയർ സ്വപ്നങ്ങളെന്നും സൂചിപ്പിച്ചു.