ഒത്തുചേരലിന്റെ ഉത്സവമായി എംജി യൂണിവേഴ്സിറ്റി കലോത്സവം; ഓർമക്കുറിപ്പ്

student-memmories-mg-university-arts-festival3
മഹാരാജാസിൽ വച്ച് നടന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ

ഫെബ്രുവരി 8 മുതൽ 12 വരെ മഹാരാജാസ് കോളജിലും ഗവ.ലോ കോളേജിലുമായി നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവം 'അനേക 2023' എനിക്ക് ഏറ്റവും പ്രിയമുള്ളതായിരുന്നു. കലോത്സവ വേദിയിലെത്തിയതു മുതൽ മനസ്സിന് വല്ലാത്ത സന്തോഷമായിരുന്നു. ദേവമാതാ കോളേജിന് അനുവദിച്ചിരുന്ന പത്താം നമ്പർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഞാനറിയാതെ ആൾക്കൂട്ടത്തിലേക്ക് അലിഞ്ഞുചേരുകയായിരുന്നു.സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്ക് ഓടുന്ന മത്സരാർത്ഥികളെയും അവർക്കു പ്രോത്സാഹനമേകാനെത്തിയ കാണികളെയും കൊണ്ട് നിറഞ്ഞിരുന്ന മഹാരാജാസിന്റെ വരാന്തകളിലൂടെ നടക്കുമ്പോൾ കോളേജ് വിദ്യാർത്ഥികളുടെ 'പൾസ്' ശരിക്കും മനസ്സിലായി. മാറുന്ന കാലത്തിന്റെ മാറ്റൊലികളായ നവതലമുറയുടെ പ്രദർശനം കൂടിയായിരുന്നു കലോത്സവ നഗരി. എല്ലായിടത്തും കൊച്ചി ലൈഫ് നിറഞ്ഞു നിന്നു.ഒപ്പം കലോത്സവത്തിന്റെ പേരിനെ അന്വർത്ഥമാക്കും വിധം 'അനേക' നാടുകളുടെ സംഗമവും. കൊച്ചിക്കാരുടെ 'ബ്രോ' മുതൽ കോട്ടയംകാരുടെ ' എന്നാ ഒണ്ട്' വരെ. ഭാഷാശൈലികളുടെ അവിയൽ തന്നെയായിരുന്നു മഹാരാജാസിന്റെ ഇടനാഴികളെ മുഖരിതമാക്കിയിരുന്നത്. സദാചാരക്കണ്ണുകൾ ചൂഴാത്ത സ്വർഗ്ഗമായിരുന്നു കാമുകി കാമുകൻമാർക്ക് കലോത്സവ നഗരി. കൈകോർത്തു നടക്കുന്നവരെയും പ്രണയ സല്ലാപങ്ങളിൽ മുഴുകുന്നവരെയുമൊക്കെ അങ്ങിങ്ങായി കാണാമായിരുന്നു. 

student-memmories-mg-university-arts-festival

മഴ പെയ്തിരുന്നെങ്കിൽ ഫോട്ടോ എടുക്കാമായിരുന്നു എന്നു  ചിന്തിക്കുന്നവരെയും മഴയെങ്ങാനും പെയ്താൽ മേക്കപ്പ് ഒലിച്ച് പണി ആകുമല്ലോ എന്നു ആശങ്കപ്പെട്ടു നിൽക്കുന്ന മത്സരാർത്ഥികളെയും ഒരേ വരാന്തയിൽ കാണാനാകുമായിരുന്നു ശാന്തമായ കാലാവസ്ഥയിൽ എല്ലാവരും സന്തുഷ്ടരായിരുന്നു.പക്ഷേ മത്സര വേദികളിലേക്കെത്തുമ്പോൾ കഥ മാറും. വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്ക് സാക്ഷിയായ കാണികൾ ഹർഷാരവങ്ങളോടെയാണ് ഓരോ മത്സരാർത്ഥിക്കും പ്രോത്സാഹനമേകിയത്. കലോത്സവത്തിൽ ഒരു മത്സരവും സമയത്ത് നടക്കില്ലെന്ന ചരിത്രം ഇക്കുറിയും തിരുത്തപ്പെട്ടില്ല. ആദ്യദിവസത്തെ തിരുവാതിര ഒരു രാപകൽ നീണ്ടുപോയെങ്കിൽ അവസാന ദിവസത്തെ ക്വിസ് മത്സരം നടന്നത് ആറു മണിക്കൂർ വൈകിയാണ്.എങ്കിലും സംഘാടകരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ക്ഷമയോടെ കാത്തിരുന്ന് അവർക്ക് പിന്തുണയേകിയ മത്സരാർത്ഥികളും മാതാപിതാക്കളും പ്രത്യേക പരാമർശമർഹിക്കുന്നു. ഒരു കുട്ടിക്കുപോലും അവസരം നഷ്ടമാകരുതെന്ന സംഘാടകരുടെ ദൃഢനിശ്ചയത്തെ എല്ലാവരും ഇരു കൈ നീട്ടി സ്വീകരിച്ചു.

student-memmories-mg-university-arts-festival1

രണ്ടാം ദിനം കഥകളി മത്സരം കാണാൻ നിരവധി പേരാണ് എത്തിയത്. കഥകളി വേഷമണിഞ്ഞ് ഊഴമെത്താൻ കാത്തിരുന്ന മത്സരാർത്ഥികളുടെ ചിത്രമെടുക്കാൻ സ്റ്റേജിന് പുറത്ത് നല്ല തിരക്കായിരുന്നു. രചനാ മത്സരങ്ങൾക്കിടെ പേന തീർന്നു പോയവർക്കു പേന കൊടുത്തു സഹായിക്കുന്ന മത്സരാർത്ഥികളും ഒപ്പനയ്ക്ക് ഷാള് മറന്ന ടീമിന് അത് നൽകിയ സഹായിക്കുന്നവരുടെ കാഴ്ചകളെല്ലാം മനം കുളിർപ്പിക്കുന്നതായി. പശുവായിരുന്നു കലോത്സവത്തിലെ താരം. കൗ ഹഗ് ഡേ ആചരിക്കുന്നതിൽ എല്ലാവർക്കും പറയാനോരോ തമാശകളുണ്ടായിരുന്നു. നരബലി എന്ന വിഷയമാണ് പല വേദികളിലും മുഴങ്ങിയതെങ്കിലും മണിച്ചിത്രത്താഴിലെ 'ഡോ.സണ്ണി'യാണ് ക്വിസിലെ താരമായത്. മലയാളം രചന മത്സരത്തിൽ മാധ്യമധർമവും സമകാലിക സാഹചര്യങ്ങളും എന്ന വിഷയത്തിൽ നവ മാധ്യമങ്ങളുടെ സ്വാധീനം  മുതൽ 'ദി മോദി ക്വസ്റ്റൻ' വരെ ചർച്ചയായി. സെന്റ് തെരേസാസ് കോളജ് ആദ്യം ദിനം തന്നെ മുന്നേറ്റം തുടങ്ങിയിരുന്നു. മത്സരഫലങ്ങളല്ല, മത്സരവേദികളിലെ ജനപങ്കാളിത്തവും ഒരുമയുമാണ് കലോത്സവത്തിനെ മധുരമുള്ളതാക്കിയത്. 

student-memmories-mg-university-arts-festival2
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS