പള്ളം: പുറത്തുപറയാതെ മനസ്സിൽെകാണ്ടു നടന്ന ഇഷ്ടം. കോളജ് വരാന്തയിൽ ഇഷ്ടപ്പെട്ടയാളോട് പറയാൻ കൊതിച്ചെങ്കിലും പറയാൻ മടിച്ച കാര്യം. ഈ പ്രണയദിനത്തിൽ പരസ്പരം വിദ്യാർഥികൾക്ക് ഇഷ്ടം തുറന്നുപറയാൻ അവസരമൊരുക്കി ബിഷപ്പ് സ്പീച്ച് ഫോർ അഡ്വാൻസ് സ്റ്റഡീസിലെ മീഡിയ വിഭാഗം. ഇഷ്ടപ്പെട്ടയാളെ ഓർത്ത് ഒരു കത്തെഴുതുക..അത് എത്തേണ്ട കൈകളിൽ വൈകീട്ട് എത്തിയിരിക്കും. പ്രണയദിനം സുന്ദരമാക്കാൻ പുതുവഴിയായതോടെ വിദ്യാർഥികളും അധ്യാപകരും ഹാപ്പി.
രാവിലെ മുതൽ ‘ദൂത്’ എന്ന പേരിൽ കോളജിൽ ലെറ്റർ ബോക്സ് സ്ഥാപിച്ചു. പേപ്പറും അലങ്കാര വസ്തുക്കളും ഉപയോഗിച്ച് അലങ്കരിച്ച ലെറ്റർ ബോക്സ് വിദ്യാർഥികൾക്ക് ഒരുപാടിഷ്ടപ്പെട്ടു. ഉച്ചവരെ വിദ്യാർഥികൾക്ക് ഇഷ്ടം തുറന്നുപറയാൻ സമയം നൽകി. കത്തുകൾ മാത്രമല്ല, പ്രണയദിനം കൂടുതൽ സന്തോഷകരമക്കാൻ സമ്മാനങ്ങളും പലരും നൽകി. ഉച്ചയോടെ എല്ലാ കത്തുകളും സമ്മാനങ്ങളും വിദ്യാർഥികൾക്ക് നൽകി. പ്രതീക്ഷിക്കാതെ കത്ത് കിട്ടിയ പലരും ആശ്ചര്യപ്പെട്ടു. പല അധ്യാപകർക്കും വിദ്യാർഥികളുടെ ഇഷ്ട സമ്മാനമെത്തി.