ADVERTISEMENT

എല്ലാത്തിലും വെറൈറ്റി തേടുന്ന ക്യാംപസ് യുവത പഴമയിലേക്കു തിരിച്ചു പോകുന്ന ഒരു ദിവസമുണ്ടെങ്കിൽ അത് ഓണമാണ്. ഓണമില്ലായിരുന്നെങ്കിൽ സാരിയും മുണ്ടുമൊക്കെയുടുക്കാൻ ഇന്നത്തെ പുതുതലമുറ പഠിക്കില്ലായിരുന്നു. പഴമ ചോരാത്ത പുതുമയുടെ വീര്യം കലർന്ന ഒരു ക്യാംപസോണം കൂടി കടന്നുപോയിരിക്കുന്നു.അതിനൊപ്പം കളറായി ദേവമാതായും.

 

campus-onam
തിരുവാതിര

രാവിലെ തന്നെ പട്ടുപാവാടയും സാരിയുമൊക്കെയുടുത്തു പെൺകുട്ടികളും മുണ്ടു മടക്കിക്കുത്തി മാസ് ലുക്കിൽ ആൺകുട്ടികളും കോളജിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പൂക്കള മത്സരത്തിന് പൂവെത്തിക്കാനും വടംവലിയ്ക്ക് റിപ്പോർട്ട് ചെയ്യാനുമൊക്കെയായി ഒൻപതരയോടെ തന്നെ കോളജ് അങ്കണം തിരക്കിലമർന്നു. വിവിധ ഡിസൈനുകളിൽ കളം നിറഞ്ഞു നിന്ന പൂക്കളങ്ങളിൽ ഗണപതിയും മാവേലിയുമൊക്കെ ഉണ്ടായിരുന്നു. ഓണപ്പാട്ടു മത്സരത്തിന്റെ കാണികൾ  വന്നതോടെ ഓപ്പൺ ഓഡിറ്റോറിയവും നിറഞ്ഞു കവിഞ്ഞു. ശേഷം അമ്പത്തിനാലു വിദ്യാർഥിനികൾ ചേർന്നവതരിപ്പിച്ച മെഗാ തിരുവാതിരയും കോളജിന്റെ തന്നെ വാദ്യ കലാസമിതിയുടെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളവും ഓണാഘോഷത്തിന്റെ കൊഴുപ്പു കൂട്ടി. കലാസമിതിയ്ക്ക് കോളജ് പ്രിൻസിപ്പൽ ശ്രീ.സുനിൽ സി. മാത്യു ചെണ്ട കൊട്ടി തുടക്കമിട്ടു. പിന്നീട് വിവിധ വകുപ്പുകളിൽ ഓണാഘോഷമത്സരങ്ങളും പായസ വിതരണവും നടന്നു. 

campus-onam2

 

campus-onam3
വടംവലി മത്സരത്തിൽ നിന്ന്

മാവേലിയില്ലാത്ത ഓണം, ശ്രാവണോത്സവം, കലിക, കൈരവം തുടങ്ങിയ പല പേരുകളിൽ മത്സരങ്ങൾ നടന്നു. ഉറിയടിയും മലയാളി മങ്ക മത്സരവും മുതൽ സ്ഥിരം കസേരകളി വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞു നടന്ന വടംവലിയിലായിരുന്നു മത്സരത്തിന്റെ ചൂടാകെയും കണ്ടത്. ആവേശത്തോടെ വിദ്യാർഥികൾ അവരവരുടെ ഡിപ്പാർട്ടുമെന്റുകൾക്കായി ആഞ്ഞുവലിച്ചു. കത്തി നിൽക്കുന്ന സൂര്യനോ,പായസം കുടിച്ചതിന്റെ ആലസ്യത്തിനോ അതിന്റെ ഓളത്തെ തടുക്കാനായില്ല. ആൺകുട്ടികൾക്കായും പെൺകുട്ടികൾക്കായും ടീച്ചേഴ്സിനായും വെവ്വേറെ വടംവലി മത്സരങ്ങൾ നടന്നു. 

 

ഫൊട്ടോഷൂട്ടായിരുന്നു മറ്റൊരു പ്രധാന കലാപരിപാടി. മുണ്ടിലും സാരിയിലുമൊക്കെ തിളങ്ങി നിൽക്കുന്ന യുവതീയുവാക്കൾ ക്യാമറയ്ക്കു മുന്നിൽ വിവിധ വർണങ്ങളിൽ നിറഞ്ഞു നിന്നു. മുണ്ടഴിഞ്ഞു പോകുമോ എന്നും സാരിയുടെ കുത്ത് വിട്ടു പോകുമോ എന്നുമൊക്കെയുള്ള ആവലാതികളും ഇല്ലാതിരുന്നില്ല. വൈകുന്നേരത്തോടെ എല്ലാവരും ഓണാവധിയുടെ സന്തോഷത്തിലേക്ക് യാത്ര പറഞ്ഞ് പിരിഞ്ഞു. ഇനി അടുത്ത ഓണത്തിന് ഇതിലും കളറാക്കാമെന്ന ആശയോടെ... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com