മഹാത്മാഗാന്ധി സർവകലാശാലയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
Mail This Article
മഹാത്മാഗാന്ധി സർവകലാശാലയുടെ 26–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. സെപ്റ്റംബർ 13 മുതൽ 16 വരെയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്മെന്റ് സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ചലച്ചിത്രോത്സവത്തിൽ ഹൃസ്വചിത്രങ്ങളും സ്പെഷ്യൽ ഷോകളുമടക്കം രണ്ട് സ്ക്രീനുകളിലായി നാൽപതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചലച്ചിത്ര രംഗത്തെ മൺമറഞ്ഞ അതികായന്മാർക്ക് അനുസ്മരണം നടത്തി. അടുത്തിടെ അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്, നരേന്ദ്രപ്രസാദ് എന്നിവർക്കുള്ള ബഹുമാനാർഥം അവരുടെ സിനിമകളുടെ പ്രദർശനവും നടത്തും.
മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രൊ. സി.ടി. അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഡിപ്പാർട്മെന്റ് സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സൺ അഖിൽ പി. മാധവ് അധ്യക്ഷത വഹിച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, ഡോ ശ്രീജിത്ത് സി. എം., യുയുസി രാഹുൽ മോൻ രാജൻ, ആൽബിൻ തോമസ്, ഡി എസ് എസ് ഡയറക്ടർ എബ്രഹാം സമുവേൽ വൈസ് ചെയർ പേഴ്സൺ ഗോപിക സിഎസ്. എന്നിവർ സംസാരിച്ചു.