sections
MORE

സ്ത്രീശാക്തീകരണം, ബോധവത്കരണം എന്നൊക്കെ പറയുന്നതു തെറ്റാണ്: മാനുഷി ഛില്ലാർ

HIGHLIGHTS
  • മിസ് വേൾഡ് ആവുകയെന്നത് കുട്ടിക്കാലം തൊട്ട് എന്റെ സ്വപ്നമാണ്
  • മിസ് വേൾഡ് ആയ ഡോക്ടറാണ് ലോകത്തിൽ ഏറ്റവും നല്ലത്
Manushi Chillar
മാനുഷി ഛില്ലാർ. ചിത്രം: അബു ഹാഷിം ∙ മനോരമ
SHARE

എന്തൊരു ഭംഗി! ലോക സുന്ദരി മാനുഷി ഛില്ലാറെ നോക്കി ജനം പറഞ്ഞത് അങ്ങനെയാണ്; പച്ചയണിഞ്ഞു കിടക്കുന്ന നമ്മുടെ നാടിനെ നോക്കി അവർ പറഞ്ഞതും അങ്ങനെ തന്നെ.കാറ്റിൽ ഒഴുകിയിറങ്ങുവരുന്നതുപോലെ ഇളം പച്ചനിറത്തിലുള്ള ഗൗണണിഞ്ഞ്, കഴുത്തിൽ പച്ചക്കല്ലും വജ്രവും പതിച്ച മാലയണിഞ്ഞ് മാനുഷി ഛില്ലാർ. കടുംകാപ്പി നിറമുള്ള കണ്ണുകൾ.  ചിരിക്കുമ്പോൾ മുഖത്ത് വിരിയുന്ന നീളൻ നുണക്കുഴി. 

കുറ്റിക്കാട്ടൂരിൽ മലബാർ ഗ്രൂപ്പിന്റെ കോർപറേറ്റ് ഹെഡ് ഓഫിസിന്റെ മുറ്റത്ത് കടുംനീല കൂപ്പർ കാറിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഒഴുകി വരികയാണ് ആ ഭംഗി. മലബാർ ഗ്രൂപ്പിന്റെ സാമൂഹിക  സേവന പദ്ധതിയായ ഗോൾഡൻ ഹാർട്ടിന്റെ  ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മാനുഷി. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരമാണ് മാനുഷി മനോരമയുമായി പങ്കുവയ്ക്കുന്നത്: എന്നാണ് ബോളിവുഡിലേക്കുള്ള വരവ്? മാനുഷി പറയുന്നു...

 കേരളം സുന്ദരമല്ലേ?

ഇതാദ്യമായല്ല കേരളത്തിലേക്കുള്ള വരവ്. അച്ഛനുമമ്മയും ഡോക്ടർമാരാണ്. കുട്ടിക്കാലത്ത് ഞങ്ങൾ വിനോദയാത്ര പോവാം എന്നു പറയുമ്പോൾ അവരുടെ ഇഷ്ട ലൊക്കേഷൻ കേരളമാണ്. ഇന്ന് മൂന്നാം തവണയാണ് കേരളത്തിലെത്തുന്നത്. പക്ഷേ കോഴിക്കോട്ട് ഇതാദ്യം. ഇവിടുത്തെ ഭക്ഷണം അടിപൊളിയാണ്. ഇത്തവണ തിരികെ പോവുന്നതിനുമുൻപ് കോഴിക്കോട്ടെ ബിരിയാണി കഴിക്കണം. 

manushi-chillar-2
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രൈഡ്സ് ഒാഫ് ഇന്ത്യ ഗോൾഡൻ ഹാർട് പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ ലോക സുന്ദരി മാനുഷി ഛില്ലാർ വേദിയിലേക്കു വരുന്നു.

ജീവിതത്തിൽ ആദ്യമായി ഒരു ബ്രാൻഡ് അംബാസഡർ ആവുന്നത് കോഴിക്കോടുനിന്നുള്ള രാജ്യാന്തര ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനുവേണ്ടിയാണ്. എനിക്ക് മലയാളം അറിയില്ല എന്നൊരു വിഷമം മാത്രമേയുള്ളൂ.

അമ്മക്കുട്ടിയാണോ?

അമ്മയാണ് എന്റെയെല്ലാം. പക്ഷേ യാത്രകളും തിരക്കും  കാരണം അമ്മയെ കണ്ടിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. സാരമില്ല, ഞാനിന്ന് അമ്മയെ കാണാൻ പോവും. നാളെ പുലരുമ്പോൾ അമ്മയുടെ അടുത്തായിരിക്കും.അമ്മയും അച്ഛനും ഡോക്ടർമാരാണ്. ഞാൻ ഡോക്ടറാവണം എന്ന് പറഞ്ഞപ്പോൾ അവർ ഏറെ സന്തോഷിച്ചു. പക്ഷേ മിസ് വേൾഡ് ആവുകയെന്നത് കുട്ടിക്കാലം തൊട്ട് എന്റെ സ്വപ്നമാണ്. അമ്മ കട്ടയ്ക്ക് സപ്പോർട്ടാണ്. 

അമ്മയുടെ ആഗ്രഹം സിനിമാതാരം ആവണമെന്നായിരുന്നു. അച്ഛനും നല്ല പിന്തുണയാണ്. എംബിബിഎസ് രണ്ടാം വർഷം പഠിക്കുമ്പോഴാണ് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ പോയത്. ഒരു മാസം അവധി കഴിഞ്ഞ് അടുത്ത നവംബർ 18ന് തിരികെ കോളജിൽ വരുമെന്നാണ് ഞാൻ കൂട്ടുകാരോട് പറഞ്ഞത്. മിസ് വേൾഡ് ആവില്ലെന്ന് അത്രയുറപ്പായിരുന്നു. പക്ഷേ എന്റെ സ്വപ്നത്തിനായി പരിശ്രമിച്ചു.

manushi-chillar-1
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രൈഡ്സ് ഒാഫ് ഇന്ത്യ ഗോൾഡൻ ഹാർട് പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ ലോക സുന്ദരി മാനുഷി ഛില്ലാർ വേദിയിലേക്കു വരുന്നു.

 തങ്ങി നിൽക്കുന്ന ഓർമ?

രണ്ടു വർഷത്തോളം മിസ് വേൾഡ് മത്സരത്തിനായി ചെലവഴിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന അവസാനഘട്ട ഗ്രൂമിങ് സെഷനിൽ കയറിപ്പറ്റി. മിസ് വേൾഡ് മത്സരം മറ്റു സൗന്ദര്യ മത്സരങ്ങൾ പോലെയല്ല. 30 ദിവസവും അവർ മാർക്കിടുകയാണ്. ഫൈനൽ മത്സരത്തിന്റെ തലേ ദിവസം എന്റെ പ്രകടനം മോശമായിരുന്നു. ഈ 2 വർഷം വെറുതേ കളഞ്ഞല്ലോ എന്ന് ആ രാത്രി ഞാൻ ആലോചിച്ചു. നാളെ ആർക്ക് കിരീടം കിട്ടുമെന്നാണ് തോന്നുന്നതെന്ന് അമ്മ  ചോദിച്ചു. ‘നന്നായി പെർഫോം ചെയ്യുന്നവർക്ക്’  എന്നായിരുന്നു എന്റെ മറുപടി. എന്നാൽ നന്നായി പെർഫോം ചെയ്യ് എന്നായിരുന്നു അമ്മയുടെ മറുപടി !

ഉടനെ സ്റ്റെതസ്കോപ്പ് അണിയുമോ?

എംബിബിഎസ് പഠനമൊക്കെ തുടരുന്നുണ്ട്. അവസാനവർഷ പരീക്ഷ എഴുതിയിട്ടില്ല. ഹരിയാനയിലാണ് ഞാൻ പഠിക്കുന്ന മെഡിക്കൽ‍ കോളജ്. പക്ഷേ ഇപ്പോൾ അധികസമയവും മുംബൈയിലായതിനാൽ പഠനം കുളമാണ്. മുംബൈയിലെ കോളജിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ അപേക്ഷ കൊടുത്തിട്ടുണ്ട്. പഠനവും മോഡലിങ്ങുമൊക്കെ ഒരുമിച്ചു കൊണ്ടുപോവുന്നവരുണ്ടാവും. പക്ഷേ രണ്ടു മൂന്നു കാര്യങ്ങൾ ഒരുമിച്ചുചെയ്യാൻ എനിക്കു കഴിയില്ല. ഇപ്പോൾ മോഡലിങ്ങിലാണ് ശ്രദ്ധിക്കുന്നത്. ഡോക്ടറാണോ മിസ് വേൾഡാണോ നല്ല സ്ഥാനം എന്നു പലരും ചോദിക്കാറുണ്ട്. മിസ് വേൾഡ് ആയ ഡോക്ടറാണ് ലോകത്തിൽ ഏറ്റവും  നല്ലത്...എനിക്കുറപ്പാണ്.

 സാമൂഹിക സേവനങ്ങളിലേക്ക്?

സ്ത്രീശാക്തീകരണം, ബോധവത്കരണം എന്നൊക്കെ പറയുന്നതു തെറ്റാണ്. സ്ത്രീകൾ സ്വയം തിരിച്ചറിഞ്ഞാൽ പിന്നെ പുറത്തുനിന്നൊരാൾ വന്ന് ഉപദേശിക്കണ്ട കാര്യമില്ല.സ്ത്രീകൾക്കിടയിൽ ആർത്തവകാലത്തെ വൃത്തിയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയുമായി ഞാൻ യാത്രയിലാണ്. ഇന്ത്യയിൽ ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ചേരികളിലെത്തി സ്ത്രീകളെ കണ്ടു. തായ്‌ലാൻഡ്, ആഫ്രിക്ക, അമേരിക്ക തുടങ്ങി അനേകമനേകം സ്ഥലങ്ങളിൽ പോയി. ഒരാൾ ഒറ്റയ്ക്കു ശ്രമിച്ചാൽ ഈ സമൂഹം മാറ്റിമറിക്കാമെന്നൊന്നും ഞാൻ കരുതുന്നില്ല. പക്ഷേ എന്തെങ്കിലും നന്മകൾ ചെയ്യാൻ ഞാനും ശ്രമിക്കുകയാണ്.

‘ഭാവി എന്നത് സ്ത്രീയാണ്’ എന്നു പലരും പറയാറുണ്ട്. ഭൂതവും വർത്തമാനവും സ്ത്രീകളുടേതാണ്. സ്ത്രീകളാണ് ലോകം ഭരിക്കുന്നത്. പുരുഷൻമാരാണെന്ന് നമ്മൾതന്നെ കള്ളം പറയുന്നതാണ്. അവർക്കു വിഷമം ആവാതിരിക്കാൻ വേണ്ടി മാത്രം.

manushi-chillar-3
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രൈഡ്സ് ഒാഫ് ഇന്ത്യ ഗോൾഡൻ ഹാർട് പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ ലോക സുന്ദരി മാനുഷി ഛില്ലാറിനൊപ്പം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്.

 എതാണ് ഇഷ്ട ലൊക്കേഷൻ? 

ഇപ്പോൾ ലോകം മുഴുവൻ ചുറ്റിക്കറങ്ങുകയാണ്. മിസ് വേൾഡ് കിരീടം ലഭിച്ചതോടെ അനേകം പരിപാടിളുടെ ഭാഗമായും മോഡലിങ്ങിന്റെ ഭാഗമായും പല പല രാജ്യങ്ങളിലൂടെ യാത്ര തുടരുകയാണ്. സെയ്ഷെൽസ് പോലുള്ള രാജ്യങ്ങൾ  നമ്മുടെ ആൻഡമാനുമായി ഏറെ സാമ്യമുള്ളതാണ്. അമേരിക്കയിലും യൂറോപ്പിലും കാണാൻ ഭംഗിയുള്ള എത്രയോ സ്ഥലങ്ങളുണ്ട്. പക്ഷേ എനിക്കേറ്റവുമിഷ്ടം നമ്മുടെ ഇന്ത്യയാണ്. എവിടെയൊക്കെ പോയാലും എത്രയും പെട്ടന്ന് വീട്ടിലെത്തണം എന്നാണ് ആഗ്രഹം.   

ഇന്ത്യ വാണ്ട്സ് ടു നോ...

എല്ലാവരും ചോദിക്കുന്നതാണ് സിനിമയിലേക്ക് വരുന്നില്ലേ എന്ന്! ഞാൻ സിനിമയിലേക്ക് വരും. ഏറെ അവസരങ്ങൾ തേടിവരുന്നുണ്ട്. അവസരങ്ങൾ നഷ്ടപ്പെടുത്തരുത് എന്ന അഭിപ്രായക്കാരിയാണ്. പഠനം പാതി വഴിയിലാണ്. പക്ഷേ എത്ര പ്രായമായാലും പഠിക്കാമല്ലോ. ഈ അവസരങ്ങൾ ഇപ്പോഴല്ലേ വരൂ. പക്ഷേ ചാടിക്കയറി ഒന്നും തീരുമാനിക്കുന്നയാളല്ല ഞാൻ.  എനിക്കീ സിനിമയുടെ ലോകം എന്താണെന്ന്് ആദ്യം പഠിച്ചെടുക്കണം. അതിനിത്തിരി സമയം ആവശ്യമാണ്.  ഗോസിപ്പിന്റെ ആവശ്യമൊന്നുമില്ല. ആദ്യ സിനിമയ്ക്ക് കരാർ ഒപ്പിട്ടാൽ ആ നിമിഷം ഞാനീ ലോകത്തോട് വിളിച്ചു പറയും, ഞാനിതാ സിനിമ ചെയ്യാൻ പോവുന്നു എന്ന്...

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA