ADVERTISEMENT

വാൻഗോഗിന്റെ കാൻവാസ് പോലൊരു പ്രണയം– ഇളംനീല ചുവരുകളുള്ള വീട്ടിനകത്തും ആകാശനീലിമയ്ക്കു താഴെയും നിറയുന്ന ചിരിയായി അവർ. മറ്റൊരിടത്ത് ഇടിവെട്ടി പെയ്യുന്ന രാത്രിമഴയാണു പ്രണയം– നിറങ്ങളില്ലാത്ത, പുഞ്ചിരിക്കാത്ത രണ്ടുപേർ.  

സ്ക്രീനിലെത്തും മുമ്പേ തന്നെ കാണികളുടെ ഹൃദയം കവർന്നതാണ് ‘ലൂക്ക’യുടെ ആദ്യ പോസ്റ്ററുകൾ. നിഹാരികയുടെയും ലൂക്കയുടെയും പ്രണയം കാഴ്ചക്കാരിലേക്ക് എത്തിച്ചതിനു പിന്നിൽ അവരുടെ വസ്ത്രങ്ങൾക്കുമുണ്ടൊരു പങ്ക്. ഒറ്റക്കാഴ്ചയിൽ ആരെയും റൊമാന്റിക് ആക്കുന്ന ഇളംനിറങ്ങൾ. ഇനിയുമേറെ അവരെ അറിയാനുണ്ടെന്നു തോന്നിപ്പിക്കുംവിധം ആഴമുള്ള കഥാപാത്രങ്ങളെ, അവരുടെ മൂഡ് സ്വിങ്സ് അനുസരിച്ച് വസ്ത്രം ധരിപ്പിച്ചതിന്റെ ക്രെഡിറ്റ് ഒരു പാലക്കാട്ടുകാരിക്കാണ് – രമ്യ സുരേഷ്.

ലൂക്കയിലേക്കുള്ള വഴി

ലൂക്കയുടെ സ്ക്രിപ്റ്റ് എനിക്കു ലഭിച്ചത് രണ്ടു വർഷം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2017 ഡിസംബറിൽ. ഷൂട്ട് തുടങ്ങിയത് 2019ലാണ്. അതുകൊണ്ടു തന്നെ ജോലി ചെയ്യാൻ, കഥാപാത്രങ്ങളെ അടുത്തറിയാൻ, അവരെ ഒരുക്കാൻ എനിക്ക് ഒരുങ്ങാനും സമയം കിട്ടി. ധാരാളം പ്രീ പ്രൊഡക്‌ഷൻ മീറ്റിങ്ങുകളും നടത്തിയിരുന്നു. കഥാപാത്രങ്ങൾ എങ്ങനെയാവുമെന്നു രൂപപ്പെടുത്താൻ കൂട്ടായ ചർച്ചകളുണ്ടായി, അവർ എങ്ങനെ പെരുമാറും, അവർ എന്തൊക്കെ കൊണ്ടുനടക്കും അങ്ങനെ ചെറിയ ചെറിയ ഡീറ്റെയ്‌ൽസ് വരെ ഹോംവർക്ക് ചെയ്തു. അത്രയും വിശദമായാണ് ക്യാരക്ടർ സ്കെച്ച് ചെയ്തത്. 

മഴവില്ല് വരയ്ക്കുംപോലെ

മഴവില്ലു പോലെ വർണരാജികളുള്ള, സ്വഭാവസവിശേഷതയുള്ളവരാണ് ലൂക്കയും നിഹാരികയും. ലൂക്ക സ്ക്രാപ് ആർടിസ്റ്റ് ആണ്. ചിലസമയങ്ങളിൽ ഇൻട്രോവെർട്ടും അല്ലെങ്കിൽ എക്സ്ട്രോവെർട്ടുമായ ഒരാൾ. നിഹാരികയ്ക്കും വ്യത്യസ്തമായ ബാക്ക്‌ഗ്രൗണ്ട്സ് ആണ്. കൊൽക്കൊത്തയിൽ ജനനം, പിന്നെ ബാംഗ്ലൂരിൽ, അതുകഴിഞ്ഞു കൊച്ചി. രണ്ടു കഥാപാത്രങ്ങളുടെയും കുട്ടിക്കാലവും തുടർന്നുമുള്ള ജീവിതത്തിൽ ഒട്ടേറെ ആഴമുള്ള ലെയേഴ്സ് ഉണ്ട്, അതനുസരിച്ചുള്ള മൂഡ്സ് ഉണ്ട്. അതുകൊണ്ടു തന്നെ നമ്മൾ തീരുമാനിച്ചു, They are not going to wear same kind of clothes. ചില സമയങ്ങളിൽ അവർ മെസ്സിയായി, അഴുക്കുപിടിച്ചു ഡ്രസ് ചെയ്യും. പക്ഷേ മറ്റു ചിലപ്പോൾ നല്ല ഭംഗിയായി തന്നെ അണിഞ്ഞൊരുങ്ങും. ഇതെല്ലാം നോക്കിയാണ് ക്യാരക്ടർ സ്കെച്ച് ചെയ്തതും വസ്ത്രങ്ങളും ആക്സസറീസും തയാറാക്കിയതും.

പുതിയതും പഴയതും

കഥാപാത്രങ്ങൾ റിലേറ്റ് ചെയ്തുള്ള വസ്ത്രങ്ങൾ ഒരുക്കാനാണു ശ്രമിച്ചത്. ലൂക്ക സ്ക്രാപ് ആർടിസ്റ്റ് അല്ലേ. അയാളുടെ വസ്ത്രങ്ങൾക്ക് അതുകൊണ്ടു തന്നെ സാധാരണ ഷോപിങ് പറ്റില്ല. കാരണം പുള്ളിയുടെ വസ്ത്രങ്ങളിൽ അയാളുടെ ടച്ച് ഉണ്ടാവും. കാഷ്വൽ ഡ്രസസ് ധരിക്കില്ല, ഗാരിജിൽ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ പഴയ ടീഷർട്ടിന്റെ കൈ വെട്ടിക്കളഞ്ഞു ധരിക്കും, അങ്ങനെയങ്ങനെ.

പക്ഷേ നിഹാരിക കുറച്ചൂടെ എക്സ്പിരിമെന്റ് ചെയ്യുന്ന, ഏസ്തറ്റിക് ആയി കൃത്യമായി ടേസ്റ്റുകളുള്ള, മെയിൻ സ്ട്രീമിൽ നിന്ന് പർച്ചേസ് ചെയ്യുന്ന, അതേസമയം സ്വന്തമായ ഐഡന്റിറ്റി കണ്ടുപിടിക്കുന്ന ക്യാരക്ടർ ആണ്. She is her own. അതെല്ലാം വസ്ത്രങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്. അതേസമയം നിഹ വളരെ സെൻസിറ്റീവാണ്, മൂഡിയാണ്. ചില സീനുകളിൽ കമ്മൽ ഇടാതെ കാഷ്വൽ ഡ്രസ് മാത്രം ധരിച്ചുപുറത്തുപോകുന്ന, മറ്റു ചിലപ്പോൾ വളരെ നന്നായി ഒരുങ്ങുന്ന ഒരാൾ. 

യാത്രകളിൽ നിന്ന് ആക്സസറീസ് 

ലൂക്കയും നിഹാരികയും ഓർമകള്‍ സൂക്ഷിക്കുന്ന കഥാപാത്രങ്ങളാണ്. അവർക്കു പ്രിയപ്പെട്ട സാധനങ്ങൾ കളയാതെ സൂക്ഷിച്ചുവയ്ക്കുന്നവർ. ലൂക്കയുടെ കയ്യിലെ ബീഡ്സ് ചെയിൻ അതുപോലൊന്നാണ്. അതേസമയം സ്ക്രാപ് ആർടിസ്റ്റ് ആയതിനാൽ ലൂക്കയുടെ കഴുത്തിലെ കറുത്തചരടിൽ തുങ്ങുന്ന പെൻഡന്റുകൾ വ്യത്യസ്തമായെന്തെങ്കിലും ക്രാപ് പീസുകളാവും.

നിഹയ്ക്കും ഏപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ചില ആക്സറീസ് ഉണ്ട്, സ്‌ലിങ് ബാഗ്, കീ ചെയിൻ, റിങ്സ്, അങ്ക്‌ലെറ്റ് അങ്ങനെ. ഇതൊന്നും നിഹ എപ്പോഴും ചെയ്ഞ്ച് ചെയ്യുന്നില്ല. ചിലപ്പോൾ കമ്മൽ പോലുമില്ലാതെ പുറത്തുപോകും, ചിലപ്പോൾ കൃത്യമായി ആക്സസറൈസ് ചെയ്യും. നമ്മൾ ആരെയും പോലെ റെഗുലർ, നോർമൽ റിലേറ്റബിൾ പഴ്സൺ ആകണം നിഹയെന്ന് നിർബന്ധമുണ്ടായിരുന്നു. ഞാൻ കൂടുതൽ യാത്ര ചെയ്യുന്നയാളാണ്. ലൂക്കയുടെ പല ആക്സസറീസും അത്തരം യാത്രയ്ക്കിടയിൽ കണ്ടെത്തിയതാണ്.

luca-designer
രമ്യ സുരേഷ്

നിറങ്ങൾ പ്രധാനം

ചിത്രത്തിൽ കളർ പാലറ്റ് പ്രധാനമായിരുന്നു. ഡിഒപി നിമിഷ് ഇതിനു കൃത്യമായി നിർദേശം നൽകിയിരുന്നു. ഇതു വസ്ത്രങ്ങളിലും നോക്കിയിട്ടുണ്ട്. നിഹയും ലുക്കയും പോലെ അക്ബറും ഫാത്തിമയും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്.

വാൻഗോഗിന്റെ പെയിന്റിങ് ബേസ് ചെയ്താണ് ലൂക്ക– നിഹാരിക കഥാപാത്രങ്ങളെ ഒരുക്കിയത്. ചെയ്തത്. അക്ബറിനും ഫാത്തിമയ്ക്കും റെംബ്രൻഡ് പെയിന്റിങ്ങുകള്‍ ബേസ് ചെയ്തു. ഈ പാലറ്റ് കൃത്യമായി ഫോളോ ചെയ്തിരുന്നു. ഓരോ ഫ്രെയിമിലും ഡിറ്റെയ്‌ലിങ്ങിലും ഈ പാലറ്റുകൾ ശ്രദ്ധിച്ചിരുന്നു.

നിറങ്ങൾ വച്ചു പരീക്ഷണം നടത്താനാകുക വളരെ സന്തോഷമുള്ളതാണ്.

ഡിറ്റെയ്‌ലിങ് ഇഷ്ടം

കഥാപാത്രങ്ങളുടെ ഡിറ്റെയ്‌ലിങ് നോക്കണമെന്നു നിർബന്ധമുള്ളയാളാണ് ഞാൻ. കോസ്റ്യും ഡിസൈനർ എന്നല്ല ക്യാരക്ടർ ഡിസൈനർ എന്നു എന്നെ കാണാനാണ് എനിക്കിഷ്ടം. ചിത്രത്തിൽ ഒരു സീനിൽ നിഹ ധരിക്കുന്നത് ലൂക്കയുടെ ടി–ഷർട്ടാണ്. അവർ തമ്മിൽ ഇന്റിമേറ്റ് ആയതിനുശേഷമുള്ള സീനുകളിലാണത്. പ്രണയിക്കുന്നവർ ചെയ്യുന്ന കാര്യമാണത്.

അതുപോലെ ലൂക്കയുടെ വസ്ത്രങ്ങളിലും മറ്റും ബട്ടൺ തുന്നിയ നൂലിൽ വരെ ശ്രദ്ധനൽകിയിട്ടുണ്ട്, അതിനു മറ്റൊരു നിറമായിരിക്കും. ഇത് സിനിമ കാണുമ്പോൾ ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപെടില്ല. പക്ഷേ കഥാപാത്രത്തെ സംബന്ധിച്ചു പ്രധാനമാണ്.

4 വർഷം

സിനിമയിൽ എത്തിയിട്ട് ഇപ്പോൾ നാലു വർഷം. ഡിസൈനർ പ്രവീൺ വർമയാണ് എന്റെ ഗുരു. എന്റെ ബിരുദക്ലാസുകളിൽ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. പഠനത്തിനു ശേഷം ഞാൻ പോണ്ടിച്ചേരിയിലും ബാംഗ്ലൂരിലും ജോലി ചെയ്തു. അന്ന് സിനിമയെന്ന ആഗ്രഹമുണ്ടായിരുന്നില്ല. ഫ്രീലാൻസ് ചെയ്യാനുള്ള അവസരം നോക്കിയെന്നു മാത്രം. അങ്ങനെ ചില ചിത്രങ്ങളിൽ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തു. ഡബിൾ ബാരൽ, ഹായ് ആയാം ടോണി എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയിരുന്നു. പിന്നെ സ്വന്തമായി ചെയ്ത ആദ്യ ചിത്രം ആക്‌ഷൻ ഹീറോ ബിജു.

മൃഗഡോക്ടർ എന്ന സ്വപ്നം !

സത്യത്തിൽ മൃഗ ഡോക്ടർ ആകാനാണ് ആഗ്രഹിച്ചത്. പക്ഷേ മെഡിസിൻ എഴുതി കിട്ടാതായപ്പോൾ പിന്നെ വേറെ വഴി നോക്കി. ഡിസൈനിങ്ങിൽ എത്തിപ്പെട്ടു. പക്ഷേ ക്ലാസ് തുടങ്ങിയപ്പോൾ അതിൽ വളരെ ഇന്ററസ്റ്റായി. അങ്ങനെ വഴിതിരിഞ്ഞ് എത്തിപ്പെട്ടതാണിവിടെ. പക്ഷേ ഇനി ഇവിടെ തുടരാനാണ് ആഗ്രഹം.

നമ്മൾ വായിക്കുന്ന ക്യാരക്ടർ യഥാർഥ ജീവിതമാക്കുന്നത്, അതിനു ഷേഡ് നൽകുന്നത്, അതു വളരെ ക്രേസി, ഇന്ററസ്റ്റിങ് കാര്യമാണ്. ആ സ്വാതന്ത്ര്യം, ക്രിയേറ്റിവിറ്റി ആസ്വദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com