ADVERTISEMENT

ഇന്ന് ദേശീയ കൈത്തറി ദിനം. തറികളുടെ ശബ്ദം നിലക്കാതിരിക്കാന്‍, തനതു കൈത്തറിയുടെ പാരമ്പര്യം പ്രാദേശിക വ്യത്യസ്തതകളുടെ സമ്പന്നതയോടെ സംരക്ഷിക്കാൻ രാജ്യം ഹാൻഡ് ലൂം ഡേ ആഘോഷിക്കുമ്പോൾ ചില ചിന്തകൾ.

തറികളുടെ ഹൃദയമിടിപ്പ് ഇഴ ചേരുന്ന വസ്ത്രം

തറികളുടെ ഹൃദയമിടിപ്പ് അറിഞ്ഞിട്ടുണ്ടോ, ആ ശബ്ദം കേട്ടിട്ടുണ്ടോ ? കേൾക്കാത്തവർക്ക് ഇനിയതും കാണാം, ആ ഹൃദയത്തുടിപ്പ് ഇഴചേർത്തൊരു സാരി നെഞ്ചോടു ചേർക്കാം, ധരിക്കാം. ഡിസൈനറും നാഷനൽ ഇന്നവേഷൻ കൗൺസിൽ അംഗവുമായ ലക്ഷ്മി മേനോനാണ് തറികളുടെ ഹൃദയമിടിപ്പ് കൈത്തറി വസ്ത്രത്തിലേക്ക് പകർത്തുന്നത്. 

‘‘ജീവനുള്ള ഏതൊന്നിന്റെ കാര്യത്തിലും ഹൃദയമിടിപ്പാണ് ഏറ്റവും ഇമ്പമുള്ള താളം. തറിയിൽ നെയ്യുമ്പോൾ മുന്നോട്ടു പിന്നോട്ടും ‘ഷട്ടിൽ’ ചലിക്കുന്ന ശബ്ദമാണ് അതിന്റെ താളം. തറിയുടെ ആ താളം തന്നെയല്ലേ അതിന്റെ ഹൃദയമിടിപ്പ്. ആ ശബ്ദത്തിന്റെ ഗ്രാഫിക്സ് ഒരു ഡിസൈൻ മോട്ടിഫായി മാറ്റി. അങ്ങനെയാണ് കൈത്തറി വസ്ത്രങ്ങളുടെ ഹൃദയമിടിപ്പ് Heartbeats of handloom ഞങ്ങൾ കണ്ടെത്തിയത്,” ലക്ഷ്മി മേനോൻ പറയുന്നു.

വേവ്സ് & വീവ്സ് കലക്​ഷൻ

കേരളത്തിന്റെ പ്രളയകാലം ഇഴചേരുന്ന ഡിസൈനാണിത്. സമൂഹത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ പുതിയൊരു ഇഴയടുപ്പം സൃഷ്ടിക്കുകയെന്നതും കൂടി ഇതിൽചേരുന്നു. 

പ്രളയത്തിൽ ബാധിക്കപ്പെട്ട ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ നശിച്ചുപോയ സ്റ്റോക്കിൽ നിന്ന് ‘ചേക്കുട്ടി’യെ ഒരുക്കിയതും ലക്ഷ്മി മേനോന്റെ നേതൃത്വത്തിലാണ്. ഇതിന്റെ തുടർച്ചയായി മത്സ്യത്തൊഴിലാളികളോടുള്ള കേരളത്തിന്റെ കടപ്പാട് പ്രകടിപ്പിക്കാൻ ‘മേക്ക് ഫ്രണ്ട്ഷിപ് ’ ക്യാംപെയിനും തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ കൈത്തറി കലക്​ഷനും. 

lakshmi-menon-1
ഹാർട്ട്ബീറ്റ്സ് ഓഫ് ഹാൻഡ്‌ലൂം കലക്ഷന്‍ കോപ്പിറൈറ്റ് പ്രൊട്ടക്‌ഷനുള്ളതാണ്. ഈ റിഥം കലക്‌ഷനിൽ റിഥം ഓഫ് എംജി റോഡ്, റിഥം ഓഫ് തൃശൂർ പൂരം, റിഥം ഓഫ് വഞ്ചിപ്പാട്ട് തുടങ്ങിയവയും ഉൾപ്പെടുന്നു

ഹാർട്ട്ബീറ്റ്സ് ഓഫ് ഹാൻഡ്‌ലൂം മോട്ടിഫിനൊപ്പം മത്സ്യത്തൊഴിലാളിയുടെയും ബോട്ടിന്റെയും മോട്ടിഫും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘‘തറിയുടെ പ്രധാനഭാഗമായ ഷട്ടിലിന് ഏതാണ്ട് വള്ളത്തിന്റെ രൂപമാണ്. അതിനെ നെയ്ത്തുകാർ വിളിക്കുന്നതാകട്ടെ ‘ഓടം’ എന്നും . തറിയുടെ താളത്തിന്റെ ഗ്രാഫിക്സ് നോക്കിയാൽ അതിനു തിരയുടെ മാതൃകയാണ്. പ്രളയത്തിരയിൽ രക്ഷകരെത്തിയത് അവരുടെ വള്ളവും ബോട്ടുമെടുത്താണ്. ഈ ഒരു കാഴ്ചപ്പാട് ഡിസൈനിലൂടെ നെയ്ത്തിലേക്ക് ഇഴചേർക്കുകയാണ്.’’, ലക്ഷമി പറഞ്ഞു.

ചേന്ദമംഗലത്തിന്റെ മറുപിറവി

ചേന്ദമംഗലത്തെ തറികൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. ഡിസൈൻ ഡവലപ്മെന്റ് നടന്നാലേ കൈത്തറിയുടെ സാധ്യതകൾ മുന്നോട്ടുകൊണ്ടുപോകാനാകൂ. ഇവിടുത്തെ നെയ്ത്തുകാരുടെ വൈദഗ്ധ്യം അനുസരിച്ചുള്ള സാധ്യതകളാണ് തേടുന്നത്. അതിനുള്ള പ്രൊജ്ടക് തയാറായിട്ടുണ്ട്. പക്ഷേ ഇതു പെട്ടെന്നു സാധ്യമാകുന്ന ഒന്നല്ല. നെയ്ത്തുകാരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവേണം ഇതു നടപ്പാക്കാൻ. അതിനു സമയമെടുക്കും. ഇതു വിജയിക്കുന്ന മാതൃകയാണെന്ന് അവരെ ബോധ്യപ്പെടുത്തിയാൽ മതി.  മാസ്റ്റർ വീവർ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ ഡിസൈൻ  ചെയ്തു തുടങ്ങുകയാണ്.- ശാലിനി ജയിംസ്, ഡിസൈനർ, മന്ത്ര

shalini-james
പ്രളയനാളുകൾ പിന്നിട്ട ചേന്ദമംഗലം കൈത്തറിയിൽ ശാലിനി ജെയിംസ് ഒരുക്കിയ മറുപിറവി കലക്‌ഷൻ

‌കൈത്തറിയുടെ Origins

ചേന്ദമംഗലത്തെ കൈത്തറിയുപയോഗിച്ച് കൂടുതൽ ഡിസൈനുകൾ ചെയ്യുകയാണിപ്പോൾ. അവരുടെ കളർ മുണ്ടുകൾ ഉപയോഗിച്ച് ‘റൗക്ക’ നേരത്തെ തന്നെ കന്റംപ്രറി വസ്ത്രങ്ങൾ ചെയ്തിരുന്നു. ‘‘ഒറിജിൻസ് ഇൻ കേരള’’ എന്ന പേരിലാണ് ആ കലക്‌ഷൻ. ഇപ്പോൾ കൂടുതൽ ഡിസൈനുകൾ ചെയ്യുന്നു. സാരികൾ, ഷർട്ടുകള്‍, കിഡ്സ്‌വെയർ, ഫാബ്രിക്ബാഗ്സ്, കുഷ്യൻ കവേഴ്സ് എന്നിവയുമുണ്ട്. ഇവയെല്ലാം ചേന്ദമംഗലത്തിന്റെ കളർമുണ്ടുകൾ വച്ചു ചെയ്യുന്നതാണ്. 

കേരള കൈത്തറിയുടെ ഫാഷൻ സാധ്യതകൾ ഇനിയും മുഴുവനായി ഉപയോഗപ്പെടുത്തിയിട്ടില്ല. ഡിസൈനർ ഇടപെടലുകൾ വന്നാലേ ഇതിനു വഴിയൊരുങ്ങൂ. ഇതുപലരീതിയിൽ ചെയ്യാം, സാധാരണ കൈത്തറി സാരിയെടുത്ത് അതിൽ കുടുതലായി എന്തു മാറ്റം വരുത്താമെന്നതാണ് ഇപ്പോഴും നടക്കുന്നത്. പലരും നിറങ്ങൾ ചേർക്കുകയോ എംബ്രോയ്ഡറി ചെയ്യുകയോ ഒക്കെ ചെയ്യാറുണ്ട്. അതല്ലാതെ നെയ്ത്തിൽ തന്നെ ധാരാളം വ്യത്യാസം വരുത്താം. ഇതു രണ്ടും വേണം. പാരമ്പര്യ വസ്ത്രം ഇല്ലാതാക്കുകയല്ല, വിവാഹത്തിനോ മറ്റു ചടങ്ങുകൾക്കോ ഉപയോഗിക്കുന്ന തരം കേരളസാരി ലഭിക്കുമ്പോൾ തന്നെ, പുതിയരീതിയിലുള്ള ഡിസൈനുകളും ലഭ്യമാക്കാനാകണം.- ശ്രീജിത്ത് ജീവൻ, ഡിസൈനർ, റൗക്ക

sreejith-jeevan

എന്നും ധരിക്കാം കൈത്തറി

ഹാൻഡ്‌ലൂം ഡേ ആഘോഷിക്കുമ്പോൾ ഇപ്പോഴതിൽ നെയ്ത്തുകാർ ഉൾപ്പെടുന്നില്ല.  ശരിക്കുമിതു നെയ്ത്തുകാരുടെ ദിവസമല്ലേ. പക്ഷേ അവരുടെ ഭാഗത്തുനിന്ന് അല്ലെങ്കിൽ അവരെ ഉൾപ്പെടുത്തിയുള്ള സെലിബ്രേഷൻ ആകുന്നില്ലല്ലോ. എപ്പോഴും ഇതു നഗരവാസികളുടെ വ്യൂ പോയിന്റ് ആകുകയാണ്.

‘എന്നും കൈത്തറി’ (Every day Handloom) എന്നൊരു ക്യാംപെയിൻ സേവ് ദ് ലൂം ആരംഭിക്കുകയാണ്. സത്യത്തിൽ നെയ്ത്തുകാർക്ക് ഒരു ദിനത്തിന്റെ ആവശ്യമില്ല. കൈത്തറി ഒരു ദിവസത്തിന്റെ ഭാഗമായി ഒതുങ്ങേണ്ടതല്ല, ഓണത്തിനോ കല്യാണത്തിനോ ആഘോഷത്തിനോ മാത്രമല്ല കൈത്തറി ധരിക്കേണ്ടത്. ആ ധാരണ മാറ്റുന്നതിനാണ് ക്യാംപെയിൻ. കൈത്തറി നമുക്ക് എന്നും എവിടെയും ധരിക്കാം. സെന്റ് തെരേസാസ് അലൂംമ്നി അസോസിയേഷൻ പ്രസിഡന്റ് സുമ രവീന്ദ്രന്റെ കുടുംബം കൈത്തറി മാത്രം ഉപയോഗിക്കുന്നവരാണ്. ഇവരും ക്യാംപെയിന്റെ ഭാഗമാകുന്നുണ്ട് – രമേഷ് മേനോൻ, ഫാഷൻ കൺസൽട്ടന്റ്്

കൈത്തറിയുടെ അനായാസത

ധരിക്കാനുള്ള സുഖം മാത്രമല്ല, ശരീരചലനങ്ങളിൽ അനായാസത കൂടി ഉറപ്പാക്കുന്നതാകണം വസ്ത്രങ്ങളെന്നാണ് ഡിസൈനർ ജോ ഇക്രേത്തിന്റെ നിലപാട്. കഴിഞ്ഞ 19 വർഷമായി കൈത്തറിയിൽ മാത്രം ഡിസൈനർ വസ്ത്രങ്ങൾ ഒരുക്കുന്നു. ട്യൂണിക്സ്, കട ഡ്രസ്സ്, ട്രൗസറുകൾ തുടങ്ങി സവിശേഷമായ ഡിസൈനർ സ്പർശമുള്ളതാണ് ഈ കലക്‌ഷനുകൾ. പ്രളയത്തിൽ നശിച്ച ചെറായി നെയ്ത്തു സഹകരണ സംഘത്തിൽ നെയ്ത തുണിയിൽ ഒറുക്കിയതാണ് ജോ ഇക്രോത്തിന്റെ ബ്ലൂ കലക‌്ഷന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com