ADVERTISEMENT

വിവാഹം കഴിഞ്ഞു കുട്ടികളായാൽ സ്വന്തം ശരീരമോ, വസ്ത്രധാരണമോ ഒന്നും ശ്രദ്ധിക്കാൻ മിക്ക സ്ത്രീകളും മെനക്കെടാറില്ല. അങ്ങനെയുള്ള ഓട്ടപ്പാച്ചിലിന്റെ അവസാനം പൊണ്ണത്തടിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ആയിരിക്കും കാത്തിരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയിൽ നിന്ന് ശരീരവും ആരോഗ്യവും ഉറക്കവും തിരിച്ചു പിടിച്ച അനുഭവമാണ് നിമ്മി എബ്രഹാം എന്ന മാധ്യമപ്രവർത്തകയ്ക്ക് പങ്കുവയ്ക്കാനുള്ളത്. ആറുമാസം കൊണ്ട് നിമ്മിയിലുണ്ടായ മാറ്റം കണ്ട്, പ്രമുഖ മേക്കപ് ആർടിസ്റ്റും സ്റ്റൈലിസ്റ്റുമായ ജസീന കടവിൽ തന്റെ മേക്കോവർ ഫോട്ടോ സീരീസിൽ മോഡൽ ആകാൻ നിമ്മിയെ ക്ഷണിച്ചു. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തിയ ചില തിരുത്തലുകളും മാറ്റങ്ങളുമാണ് നിമ്മിയെ ഫിറ്റ് ആക്കിയത്. തന്റെ ഫിറ്റ്നസ് രഹസ്യം നിമ്മി മനോരമ ഓൺലൈനുമായി പങ്കുവച്ചു. 

അന്നൊന്നും ശ്രദ്ധിച്ചില്ല

ഞാൻ താമസിക്കുന്നത് കൊച്ചിയിലും ജോലി ചെയ്യുന്നത് കോട്ടയത്തുമാണ്. വീട്ടിൽ നിന്നു പോയി വരുന്നതുകൊണ്ട് കൊച്ചി–കോട്ടയം ഓട്ടപ്പാച്ചിലിലാണ് ജീവിതം. അതിനിടയിൽ ഭക്ഷണം ശ്രദ്ധിക്കാനോ വ്യായാമം ചെയ്യാനോ സമയം കിട്ടാറില്ല. കിട്ടുന്നതെന്തും കഴിക്കും. പിന്നെ, വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം കളയണ്ടല്ലോ എന്ന് ആലോചിച്ച് അതു കഴിച്ചുതീർക്കുന്ന ശീലമുണ്ട്. അങ്ങനെ വിവാഹത്തിനു ശേഷം ശരീരഭാരം 93.5 കിലോ വരെയെത്തി. എനിക്ക് തൈറോയ്ഡിന്റെ പ്രശ്നങ്ങളും ഉണ്ട്. ഇങ്ങനെ പോയാൽ ശരിയാവില്ല എന്നു തോന്നിയപ്പോഴാണ് ശരീരഭാരം നിയന്ത്രിക്കണം എന്ന ചിന്തയുണ്ടായത്. 

പലതും ശ്രമിച്ചു പരാജയപ്പെട്ടു

വർക്ക് ഔട്ട് ചെയ്യാൻ അധികം സമയം നീക്കി വയ്ക്കാൻ ലഭിച്ചിരുന്നില്ല. അതുകൊണ്ട് കഠിനമായ വ്യായാമം ചെയ്യൽ നടക്കില്ലൃഎന്ന് അറിയാമായിരുന്നു. പിന്നെ കുറെക്കാലം നോൺ വെജ് വിഭവങ്ങൾ പൂർണമായും ഒഴിവാക്കി. യോഗ ചെയ്തു. എണ്ണമയമുള്ളതും മധുരമുള്ളതും ഒഴിവാക്കി. എന്നിട്ടും കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. ഭക്ഷണം കഴിച്ചിട്ടാണ് തടി വയ്ക്കുന്നതെന്ന് പറയുന്നത് തെറ്റാണ്. എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. തടിയുള്ളതുകൊണ്ട് എന്തു പരിപാടികൾക്കു പോയാലും സുഹൃത്തുക്കളും ബന്ധുക്കളും വന്ന് ഓരോന്നു പറയും... അയ്യോ തടിച്ചല്ലോ... തടി കുറച്ചുകൂടെ... അങ്ങനെയൊക്കെ. ബോഡി ഷെയ്മിങ് പല തരത്തിലായിരുന്നു. 

nimmy-abraham-2

കീറ്റോ ഡയറ്റിന്റെ മാജിക്

ഒടുവിൽ കീറ്റോ ഡയറ്റ് ശ്രമിച്ചു നോക്കാമെന്നു കരുതി ശ്രദ്ധ അതിലേക്ക് മാറ്റി. എന്റെ ജീവിതരീതിക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള കീറ്റോ ഡയറ്റാണ് ഞാൻ പിന്തുടർന്നത്. എന്റെ സുഹൃത്തിന്റെ നിർദേശങ്ങളും ഒരുപാടു സഹായകരമായി. 45 ദിവസം കൊണ്ട് 10 കിലോ ശരീരഭാരം ഞാൻ കുറച്ചു. 60 ദിവസത്തിൽ 15 കിലോ കുറയ്ക്കാൻ കഴിഞ്ഞു. അതു നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. 

എന്റെ ഡയറ്റ് ഇത്

രാവിലെ ബട്ടർ കോഫി കുടിക്കും. കാർബോഹൈഡ്രേറ്റും ഷുഗറും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റാണ് ഞാൻ പിന്തുടർന്നത്. ഉച്ചയ്ക്ക് മൂന്നോ നാലോ മുട്ടയുടെ വെള്ള മാത്രം കഴിക്കും. ഓംലറ്റ് ആയിട്ടോ പുഴുങ്ങിയ രൂപത്തിലോ ആണ് കഴിച്ചിരുന്നത്. ഒരു ദിവസം പലപ്പോഴായി ഒരു ലിറ്റർ ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കും. ഉച്ചയ്ക്കുശേഷം വിശക്കുമ്പോൾ കുറച്ചു കപ്പലണ്ടിയോ കശുവണ്ടിപ്പരിപ്പോ ബദാമോ കഴിക്കും. രാത്രി ചിക്കനാണ് കഴിക്കുക. അത് തവ ഫ്രൈ ചെയ്തോ ഗ്രിൽ ചെയ്തോ കഴിക്കും. ചില ദിവസങ്ങളിൽ ചിക്കനൊപ്പം സാലഡും കഴിക്കും. ഇത് ഇല്ലെങ്കിൽ കറി എന്തെങ്കിലുമാകും കഴിക്കുക. ചോറോ ചപ്പാത്തിയോ ഒന്നും കൂടെ കഴിക്കില്ല. വെറുതെ കറിയോ തോരനോ കുറച്ചെടുത്തു കഴിക്കും. ദിവസവും ധാരാളം വെള്ളം കുടിക്കും. പിന്നെ കഴിക്കാറുണ്ടായിരുന്നത് ഗ്രീക്ക് യോഗർട്ട് ആണ്. അത് സൂപ്പർ മാർക്കറ്റിൽ ലഭ്യമാണ്. 

നൃത്തം രക്ഷയ്ക്കെത്തി

കീറ്റോ ഡയറ്റ് പിന്തുടർന്നപ്പോൾ ഭാരം എൺപതിലെത്തി. പക്ഷെ, പിന്നീട് അതിൽ നിന്നു കുറയുന്നുണ്ടായിരുന്നില്ല. നാലു മാസം ഒരു വ്യത്യാസവും ഇല്ലാതെ അങ്ങനെ പോയി. പിന്നീട് രണ്ടു നേരം ചോറുണ്ണാൻ തുടങ്ങി. എന്നിട്ടും ഭാരം കൂടിയില്ല. അപ്പോൾ പിന്നെ വർക്ക് ഔട്ട് എന്തെങ്കിലും തുടങ്ങാമെന്നായി. ആദ്യം നടത്തത്തിലായിരുന്നു ശ്രദ്ധ. അതുകൊണ്ട് കാര്യമായ വ്യത്യാസം ഇല്ലായിരുന്നു. അതോടെ നൃത്തം പഠിക്കാൻ ചേർന്നു. തടി കുറഞ്ഞപ്പോൾ തൂങ്ങിക്കിടന്നിരുന്ന സ്കിൻ ടൈറ്റ് ആകാൻ തുടങ്ങിയത് അതിനു ശേഷമാണ്. ശരീരത്തിന് ആകാരവടിവും ഭംഗിയും വച്ചു. കഴുത്തിനു പിന്നിലും കയ്യിലുമൊക്കെ തൂങ്ങി നിൽക്കുന്ന പോലെ ആയിരുന്നു. അതൊക്കെ മാറി. ഇട്ടുകൊണ്ടിരുന്ന വസ്ത്രങ്ങളൊന്നും പാകമാകാതെ ആയി. എന്റെ മാറ്റം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി.  

ജസീന കടവിലിന്റെ ഫോൺ വിളി

അപ്രതീക്ഷിതമായാണ് ജസീന കടവിലിന്റെ ഫോൺ വിളി എത്തിയത്. അവരുടെ ‘ലെറ്റ്സ് ഡു മെയ്ക്കോവർ ആൻഡ് ലൗവ് യുവർസെൽഫ്’ എന്ന ഫോട്ടോഷൂട്ടിൽ മോഡലാകാമോ എന്നായിരുന്നു ചോദ്യം. ഞാൻ സമ്മതം മൂളി. ഓണക്കാലം ആയതുകൊണ്ട് കേരള സാരിയിലായിരുന്നു ഫോട്ടോ ഷൂട്ട്. പിന്നെ കാഷ്വൽ കോസ്റ്റ്യൂംസിലും ഫോട്ടോസ് എടുത്തു. 

nimmy-abraham-1

അമ്മയ്ക്കൊപ്പം ഫോട്ടോഷൂട്ട്

ആദ്യത്തെ ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോൾ ജസീന ചേച്ചി ഒരു നിർദേശം കൂടി മുന്നോട്ടു വച്ചു. അടുത്ത ഷൂട്ടിൽ എന്റെ അമ്മയെക്കൂടി ഉൾപ്പെടുത്തണമെന്ന്! അതൊരു മികച്ച ആശയം ആയിരുന്നു. അമ്മയ്ക്കും സന്തോഷം. കാരണം എന്റെ കല്യാണത്തിനു വരെ അമ്മയ്ക്ക് മര്യാദയ്ക്കൊന്ന് ഒരുങ്ങി ഫോട്ടോ എടുക്കാൻ പറ്റിയിട്ടില്ല. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിൽ ഞങ്ങൾ രണ്ടുപേരും മ്യൂറൽ പെയിന്റ് ചെയ്ത കേരള സാരിയാണ് തിരഞ്ഞെടുത്തത്. മറക്കാനാവാത്ത അനുഭവമായിരുന്നു അമ്മയോടൊത്തുള്ള ഫോട്ടോ ഷൂട്ട്. കുറെ നല്ല ചിത്രങ്ങൾ കിട്ടി. ഫോട്ടോസ് കണ്ടപ്പോൾ എല്ലാവരും അഭിനന്ദിച്ചു. 

ജസീന കടവിലിന് പറയാനുള്ളത്

മാധ്യമപ്രവർത്തക എന്ന നിലയിൽ എനിക്ക് നിമ്മിയെ നേരത്തെ പരിചയമുണ്ട്. അടുത്തിടെ തടിയൊക്കെ കുറച്ച നിമ്മിയുടെ ചിത്രങ്ങൾ കണ്ടപ്പോൾ കൗതുകമായി. എന്റെ മേക്കോവർ ഫോട്ടോഷൂട്ടിന് ഇങ്ങനെയുള്ള ഒരാളെ അന്വേഷിച്ചു നടക്കുകയായിരുന്നു. നിമ്മിയുടെ അനുഭവം നിരവധി സ്ത്രീകൾക്ക് ഊർജ്ജം പകരുമെന്ന് തോന്നി. കാരണം പല സ്ത്രീകളും വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ സ്വന്തം ശരീരം പരിപാലിക്കാൻ വിട്ടുപോകും. അങ്ങനെയുള്ളവർക്ക് തീർച്ചയായും നിമ്മിയുടെ ഈ മാറ്റം പ്രചോദനം നൽകുന്നതാണ്. 

nimmy-1

സ്വന്തം ശരീരം നോക്കാൻ പ്രായം ഒരു തടസമേ അല്ല. ഓരോരുത്തർക്കും അവരുടെതായ സൗന്ദര്യമുണ്ട്. നിമ്മിയിലൂടെയാണ് അവരുടെ അമ്മയെ പരിചയപ്പെട്ടത്. അമ്മയേയും ഫോട്ടോഷൂട്ടിൽ ഉൾപ്പെടുത്തി. അവർക്ക് അത് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നു. അവരുടെ പ്രായത്തിലുള്ള സ്ത്രീകളെയൊക്കെ ഫോട്ടോഷൂട്ട് ചെയ്യുമോ എന്നൊക്കെയുള്ള സംശയം ഉണ്ടായിരുന്നു. ഫോട്ടോസ് കണ്ടപ്പോൾ അതെല്ലാം മാറി. അത്രയും എനർജിയുള്ള ചിത്രങ്ങളായിരുന്നു അത്. 

ഫോട്ടോഗ്രാഫർ: അനൂപ് പാപ്പച്ചി

സ്റ്റൈലിസ്റ്റ്: ജസീന കടവിൽ 

കോസ്റ്റ്യൂം: വിനീത റാഫേൽ, ഇല ഹാൻഡ്പ്രിന്റ്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com