മാസ് എൻട്രി ഓഫ് മാളവിക ജയറാം; താരപുത്രിയുടെ ഇതുവരെ പറയാത്ത വിശേഷങ്ങൾ

HIGHLIGHTS
  • ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു
  • വർക്ക്ഔട്ട് ലൈഫ് സ്റ്റൈലിന്റെ ഭാഗമാണ്
malavika-jatyaram-2
SHARE

താരദമ്പതികളുടെ മകളാകുമ്പോൾ എൻട്രി തന്നെ മാസ് ആകണ്ടേ! മലയാള സിനിമയുെട പ്രിയ താരദമ്പതികൾ ജയറാമിന്റെയും പാർവതിയുടെയും മകൾ. സഹോദരന്‍ കാളിദാസ് ബാലതാരമായും യുവനടനായും മലയാളികളുടെ മനം കവർന്നു. അപ്പോഴും വെള്ളിവെളിച്ചത്തിൽ നിന്നു മാറിനിന്നതേയുള്ളൂ മാളവിക ജയറാം. പക്ഷേ സമയമായപ്പോൾ രാജകീയമായി അരങ്ങേറ്റം. ബനാറസി പട്ടിന്റെ പ്രൗഡിയിൽ ഫാഷൻ ബ്രാൻഡിനു വേണ്ടി അഴകിന്റെ മാസ്മര ചുവടുകളുമായി ക്യാമറക്കു മുന്നിലേക്ക്. 

ജയറാമിന്റെയും പാർവതിയുടെയും മടിയിലിരുന്ന തടിച്ചുരുണ്ട ആ സുന്ദരിക്കുട്ടിയോ! എന്നു കണ്ണുമിഴിക്കണ്ട.... ഈ ചിത്രങ്ങൾ പറയും അതിനുള്ള ഉത്തരം. 

malavika-jayaram-4

ആദ്യ ഫോട്ടോഷൂട്ടിനെ കുറിച്ച് ഇതുവരെ പറയാത്ത വിശേഷങ്ങൾ പങ്കിട്ട് മാളവികയെന്ന ചക്കി മനസു തുറക്കുന്നു:

മോഡലിങ്ങിലേക്കുള്ള മാസ് എൻട്രി? 

പ്രതീക്ഷിച്ചതേ അല്ല, പ്രത്യേകിച്ച് മോഡൽ ആയി. അതിനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. യുകെയിൽ പഠിക്കുന്ന കാലത്താണ് മോഡലിങ്ങിനോട് ഇഷ്ടം തോന്നുന്നത്. പിന്നെ മിലൻ പോലൊരു ബ്രാ‍ൻഡിന്റെ ക്ഷണം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. മിലൻ തന്ന ദീപാവലി ഗിഫ്റ്റ് ആയിരുന്നു ആ അവസരം.  മിലൻ ഡിസൈനുകളുടെ ആരാധികയാണ് ഞാൻ. അതിന്റെ ബനാറസി കലക്ഷൻ അവതരിപ്പിക്കാൻ കിട്ടിയ അവസരം പാഴാക്കേണ്ടായെന്നു തോന്നി. എന്നെത്തേടി വരുന്ന അവസരങ്ങള്‍ കൂടെക്കൂട്ടാനാണ് എനിക്കിഷ്ടം. 

malavika-jayaram-6

ആദ്യത്തെ ഫോട്ടോഷൂട്ട്, ടെൻഷനുണ്ടായിരുന്നോ?  

ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന ടീം അതെല്ലാം മാറ്റി. ഓണത്തിനും വിഷുവിനുമൊക്കെ ഞങ്ങളുടെ കുടുംബചിത്രം മാഗസിനുകളിലും പത്രങ്ങളിലും വരാറുണ്ട്. അതിനു വേണ്ടിയാണ് ഇതിനു മുൻപ് ഒരുങ്ങി നിന്നിട്ടുള്ളത്. ഇതിൽ പക്ഷേ ഞാൻ മാത്രം. നല്ല സന്തോഷമായിരുന്നു. ഷൂട്ടിനു മുൻപേ തടി പിന്നെയും കുറയ്ക്കണോ, എന്തെങ്കിലും ശ്രദ്ധിക്കണോ എന്നൊക്കെ ആലോചിച്ചു കൂട്ടി മിലൻ ടീമിനെ വിളിക്കും. എന്നാൽ അതൊന്നും ആവശ്യമില്ല. പട്ടിണി കിടന്നുള്ള തടിയല്ല ഇപ്പോൾ മോഡലുകൾക്ക് ആവശ്യം. ഉള്ളതുപോലെ ഇരുന്നാൽ മതി. അതിനാണ്  ഇപ്പോൾ കയ്യടി എന്നൊക്കെ അവർ പറഞ്ഞപ്പോൾ കുറച്ചൊക്കെ ധൈര്യമായി. 

തടി എവിടെപ്പോയി? 

ഡിഗ്രി വരെ നല്ല തടിയുള്ള ആളായിരുന്നു ഞാനും ചേട്ടൻ കാളിദാസനും.  സിനിമയെന്നു പറഞ്ഞാൽ അത്രയും പാഷനാണ് കണ്ണന്. എന്നും വർക്ഔട്ട് ചെയ്തും ഫുഡ് കൺട്രോൾ ചെയ്തും ചേട്ടൻ തടികുറച്ചു. അതു പിന്തുടർന്ന് ഞാനും. പിന്നെ ഫുട്ബോൾ കളിയും സഹായിച്ചു. ചെന്നൈയിലെ ഒരു അക്കാദമിയിൽ രണ്ടരവർഷത്തോളം ഫുട്ബോൾ കോച്ചിങ്ങിന് പോയിരുന്നു.  അതിന്റെ ഭാഗമായി രാവിലെ വർക്ക്ഔട്ട് എല്ലാം ചേർന്നപ്പോൾ പഴയ വണ്ണമെല്ലാം പോയി. 

malavika-jayaram-3

വർക്ക് ഔട്ട്, ഡയറ്റിങ്? 

വർക്ക്ഔട്ട് ലൈഫ് സ്റ്റൈലിന്റെ ഭാഗമാണ്. എന്നും വർക്ക്ഔട്ട് ഉണ്ട്. ഫുട്ബോൾ വന്നു തന്ന ശീലം. ഫുഡ് കൺട്രോൾ എനിക്കു പറഞ്ഞിട്ടുള്ള പണിയല്ല. ഞാനും ചേട്ടനും ഭക്ഷണപ്രിയരാണ്. എവിടെ നല്ല ഫുഡ് കിട്ടുമെന്നു തേടിപ്പിടിച്ചു പോകും. എന്നാൽ മോഡലിങ്ങിനു വേണ്ടി ഫുഡ് കൺട്രോൾ ചെയ്യണമെന്നു പറഞ്ഞാൽ അതിനും മടിയില്ല. 

മോഡലിങ്ങിലേക്ക് ?

ചെറുപ്പത്തിൽ താൽപര്യം ഉണ്ടായിരുന്നു. പിന്നീട് 5–6 വർഷക്കാലം ഫുട്ബോളിന്റെ പിറകേയായിരുന്നു. കളി തലയ്ക്കു കയറി ടോംബോയിഷ് ലുക്കായിരുന്നു ഡിഗ്രി വരെ. യുകെയിൽ പോയതിനു ശേഷമാണ് മോഡലിങ്ങിൽ വീണ്ടും താൽപര്യം തോന്നിയത്.  പക്ഷേ, ഇങ്ങനെ ഒരു പരീക്ഷണം ആദ്യമായാണ്. 

malavika-jayaram-7

അമ്മയെ പോലെ ഡാൻസ്?

അതെനിക്ക് ഇന്നേവരെ വഴങ്ങിയിട്ടില്ല. 

ചേട്ടനെ പോലെ സിനിമയിലേക്ക്?

മോഡലിങ് ആണ് ഇപ്പോഴത്തെ ഹരം. സിനിമയിലേക്ക് ഉടനെയൊന്നും പ്ലാനില്ല. ക്യാമറ ഫെയ്സ് ചെയ്യാൻ ഇപ്പോഴും നാണമാണ്. 

malavika-jayaram-5

സ്പോർട്സ് പ്രേമം?

സ്പോർട്സിനോട് പ്രത്യേക താൽപര്യമുണ്ട്. ഫുട്ബോളാണ് ഇഷ്ടപ്പെട്ട കളി. ക്രിക്കറ്റിന്റെയും ആരാധികയാണ്. സ്വിമ്മിങ്, ബാഡ്മിന്റൻ... എല്ലാം ഇഷ്ടമാണ്. കളിക്കാറുണ്ട്. ലൈഫ്സ്റ്റൈൽ രൂപപ്പെടുത്താനും ജീവിതത്തിൽ അച്ചടക്കം കൊണ്ടുവരാനും ഏറ്റവും നല്ല മാർഗം സ്പോർട്സ് തന്നെയാണ്. 

malavika-jayaram-0

യുകെ ജീവിതം?

ഡിഗ്രി പഠനം ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലായിരുന്നു. ഡിഗ്രി വരെ നാട്ടിൽ പഠിക്കണമെന്ന് അമ്മയ്ക്കു നിർബന്ധമായിരുന്നു. അതിനു ശേഷമാണ് സ്പോർട്സ് മാനേജ്മെന്റ് വിഷയത്തിൽ പിജി ചെയ്യാൻ യുകെയിൽ പോയത്. 

ഭാവി പരിപാടി?

ഞാൻ പഠിച്ചതു തന്നെ ചെയ്യണമെന്നുണ്ട്. രണ്ടു മൂന്ന് കമ്പനികളിൽ അപേക്ഷ നൽകി ജോലിക്കായി കാത്തിരിക്കുകയാണ്. ഒപ്പം ഒത്തുവന്നാൽ മോഡലിങ്ങും. 

ഫാഷനിസ്റ്റയാണോ? 

ഫാഷൻ ഇഷ്ടമാണ്. ഫോളോ ചെയ്യാറുണ്ട്. അറബ് ഡിസൈനർ സുഹൈർ മുറാദാണ് ഇപ്പോഴത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈനർ. അദിതി റാവു ഹൈദരിയുടെ സ്റ്റൈൽ വളരെയധികം ഇഷ്ടമാണ്. എത്‌നിക്, വെസ്റ്റേൺ ഏതുമാകട്ടെ അവർ ധരിക്കുന്ന ഡ്രസിനും മെയ്ക്ക് അപിനും അതിന്റേതായ സൗന്ദര്യമുണ്ട്. ഓൾടൈം ഫേവ്റിറ്റ് ഐശ്വര്യ റായി തന്നെ.

Malavika-Jayaram

ഏറ്റവും ക്രേസ് തോന്നിയിട്ടുള്ളത്?

സാരിയോട്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രമാണ്. അമ്മയിൽ നിന്നാണ് ആ ക്രേസ് കിട്ടിയത്. അമ്മയ്ക്ക് ഒരുപാട് സാരി കലക്ഷനുണ്ട്. എവിടെ പോയാലും സാരി വാങ്ങിക്കൂട്ടാൻ എന്റെ കൈത്തരിക്കാറുണ്ടെങ്കിലും അമ്മ സമ്മതിക്കാറില്ല. ഡിഗ്രിക്കു പഠിക്കുമ്പോൾ മുതൽ തനിയെ സാരിയെടുക്കുമായിരുന്നു. ഏത് ഫങ്ഷനായാലും സാരിയുടുക്കാനാണ് താൽപര്യം. ഞാൻ ആ വേഷത്തിൽ കംഫർട്ടബിളുമാണ്.  സാരിയുടുക്കുമ്പോൾ എനിക്ക് നല്ല ഉയരം തോന്നും അല്ലെങ്കിലും ഉയരമുണ്ട്. കേട്ടോ 5'8 ആണ് എന്റെ ഉയരം.

ഹാൻഡ് ബാഗിൽ എപ്പോഴും കൂടെക്കൂട്ടുന്നത്?

ഹാൻഡ്ബാഗ് തന്നെ ഉപയോഗിക്കാറില്ല. അതുകൊണ്ടു നടക്കാൻ മടിയാണ്. പുറത്ത് പോകുമ്പോൾ വോലറ്റിൽ എനിക്കാവശ്യമുള്ള കാർഡും പൈസയും കരുതും.

English Summary : Malavika Jayaram life and career, Special Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA