ADVERTISEMENT

കോടമഞ്ഞിറങ്ങുന്ന നീലഗിരിക്കുന്നുകളിൽനിന്നു കടൽ കടന്നു പോയ ഒരു സുന്ദരിക്കുട്ടി സൗന്ദര്യ മത്സരത്തിൽ മിസ് ഇന്ത്യ ഷൈനിങ് സ്റ്റാറായി തിളങ്ങി. ഫാഷൻ ഫെസ്റ്റ് ഓർഗനൈസേഷൻ ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നടത്തിയ മിസ് ഇന്ത്യ ഇന്റർനാഷനൽ മത്സരത്തിലാണ് ഗൂഡല്ലൂർ സ്വദേശിനി കലംപറമ്പിൽ കെ.പി.പ്രതീക്ഷ താരമായത്.

നേവി ഉദ്യോഗസ്ഥൻ കെ.സി. പ്രഭാകരന്റെയും അധ്യാപികയായ രാധാമണിയുടെ രണ്ടാമത്തെ മകളാണ്. പതിനായിരത്തോളം മത്സരാർഥികളിൽനിന്ന് തിരഞ്ഞെടുത്ത 30 പേരാണ് ജക്കാർത്തയിൽ എത്തിയത്. തമിഴ്നാടിനെ പ്രതിനിധീകരിച്ചായിരുന്നു പ്രതീക്ഷയുടെ വരവ്. ഫിറ്റ്നസ്, ടാലന്റ്, ട്രഡീഷനൽ റൗണ്ടുകളിലായി മികച്ച വിജയം കാഴ്ച വച്ച് മിസ് ഷൈനിങ് സ്റ്റാറായി. തിരികെ ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെ മലേഷ്യയിലെ ക്വലാലംപൂരിൽ മിസ് ഫാബുലസ് മലേഷ്യയ്ക്കായി നടന്ന മത്സരത്തിന് ഗെസ്റ്റ് ജൂറിയായി ക്ഷണം ലഭിച്ചത് മറ്റൊരു അംഗീകാരമായി. ജക്കാർത്തയിൽ നടന്ന സൗന്ദര്യ മത്സരങ്ങളിൽ 2018 മിസ് ഏഷ്യയായ സുഹാർണെ പുത്രിയാണ് അധ്യക്ഷയായി എത്തിയത്. ഫാഷൻ രംഗത്ത് മികച്ച സംരംഭകരായ ഗുഡു റൂപാണി, സുമൻ ഗൗഡ, രചത്, ഹോളിവുഡ് ഡയറക്ടർ ഹുസ്നെയിൻ ഹൈദരബാദ് വാല എന്നിവരുമുണ്ടായിരുന്നു.

ഭരതനാട്യം, പാശ്ചാത്യ നൃത്തം, ചിത്രകല എന്നിവയിൽ കഴിവുതെളിയിച്ച പ്രതിഭയാണ് പ്രതീക്ഷ. ട്രഡീഷനൽ റൗണ്ടിൽ ഭരതനാട്യം തിരഞ്ഞെടുത്തു. അത് വിജയത്തിന് കാരണമായെന്ന് പ്രതീക്ഷ പറഞ്ഞു. ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് കഴിഞ്ഞ പ്രതീക്ഷയ്ക്ക് ചെറുപ്പത്തിലെ ഫാഷൻ രംഗത്തായിരുന്നു താൽപര്യം. മത്സരത്തിന് പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനവും നടത്തിയില്ല. ഇന്റർനെറ്റിലൂടെ വന്ന അപേക്ഷ പൂരിപ്പിച്ച് അയച്ചു. സാമൂഹിക രംഗത്ത് പ്രവർത്തിക്കാനാണ് താൽപര്യം. കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ നൽകാനും ഇഷ്ടം.

ഫാഷൻ രംഗത്ത് നല്ലൊരു സംരംഭകയാകുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഗൂഡല്ലൂർ മോണിങ് സ്റ്റാർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രതീഷയുടെ സഹോദരി മംഗലപുരത്തു ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു.മിസ് ഷൈനിങ് സ്റ്റാറായ പ്രതീക്ഷയെ നീലഗിരി കലക്ടർ ഇന്നസന്റ് ദിവ്യ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com