ADVERTISEMENT

ശരീരം പ്രദർശിപ്പിക്കാതെ ഒരാൾക്കു ഫാഷനബിൾ ആകാമോ? ഈ വർഷത്തെ മിസ് കേരള കിരീടം ചൂടിയ അൻസി കബീറിനോടു ചോദിച്ചാൽ ആകാം എന്ന് സംശയമില്ലാതെ ഉത്തരം പറയും. മാത്രമല്ല, ഒരു സൗന്ദര്യമൽസരത്തിൽ വിജയി ആകാമെന്നും കൂട്ടിച്ചേർക്കും. വീട്ടുകാരുടെ മാത്രം പിന്തുണയിൽ സൗന്ദര്യ മൽസരങ്ങളിൽ പങ്കെടുത്ത് മിസ്കേരള പട്ടം ചൂടിയതാണ് അൻസിയുടെ ചരിത്രം. 

miss-kerala-ansi-kabeer-4

ഒരാൾക്ക് ഫുൾസ്ലീവ് ധരിച്ചും അല്ലാതെയും ഫാഷനബിൾ ആകാം. കാരണം എന്തുവേണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. അല്ലെങ്കിലും പുറമേ കാണുന്നതല്ല, ആളുകളോടുള്ള പെരുമാറ്റമാണ് സൗന്ദര്യം. നമ്മളുടെ സമീപനം, പ്രകടമാകുന്ന സവിശേഷതകൾ, സംസാരിക്കുമ്പോൾ ഉള്ള വൈബ് പോലും സൗന്ദര്യം തീരുമാനിക്കുന്ന ഘടകമാണ്. – ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനി അൻസി കബീർ മനോരമ ഓൺലൈനോടു മനസു തുറക്കുന്നു. 

ആത്മവിശ്വാസം തുണച്ചു

‘എന്നെക്കാൾ സുന്ദരിമാരായിരുന്നു കൂടെ മൽസരിച്ച 21 പേരും, എല്ലാവരും ഓരോ പടി മുന്നിൽ നിൽക്കുന്നവർ. റാംപിൽ നിൽക്കുമ്പോൾ ആത്മവിശ്വാസത്തോടെ മറുപടികൾ നൽകിയതാണ് എന്നെ വിജയിയാക്കിയത് എന്നാണ് വിശ്വസിക്കുന്നത്. നേരത്തെ മൂന്ന് സൗന്ദര്യ മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ആത്മവിശ്വാസമായിരുന്നു ഇത്തവണ മൽസരത്തിനെത്തിയപ്പോൾ. ജഡ്ജിങ് പാനലിന്റെ ചോദ്യങ്ങളോട് മികച്ച രീതിയിൽ പ്രതികരിക്കാനായി. ഗ്രൂമിങ്ങിനെത്തുമ്പോൾ ഉണ്ടായിരുന്ന അൻസി ആയിരുന്നില്ല മൽസരത്തിന് റാംപിലെത്തുമ്പോൾ. മികച്ച പരിശീലനമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിച്ചത്. അത്രയേറെ ആത്മവിശ്വാസം വർധിച്ചിരുന്നു. ‌ടോപ് 5ൽ എങ്കിലും എത്തുമെന്ന് ഉറപ്പിച്ചിരുന്നു. 

miss-kerala-11

റാണിയാക്കിയത് അമ്മയാണ്

മിസ് കേരള മൽസരത്തിൽ പങ്കെടുക്കുന്നത് ആരോടും പറഞ്ഞിരുന്നില്ല. അടുത്ത ബന്ധുക്കൾക്കും വീട്ടിലുള്ളവർക്കും ഒഴികെ മൽസരത്തിൽ പങ്കെടുക്കുന്ന വിവരം ആർക്കും അറിയില്ലായിരുന്നു. ഉപ്പാന്റെ സഹോദരന്റെ മകളുടെ കല്യാണമായിരുന്നു ഇതേ ദിവസം. വീട്ടിൽ അത്ര അടുത്ത ഒരാളുടെ കല്യാണമുണ്ടായിട്ട് പങ്കെടുക്കാനാവാത്തതിൽ സങ്കടമുണ്ട്. അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മൽസരത്തിനു പോണോ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വാപ്പ സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു. വീട്ടിൽ ഒറ്റ മകളാണു ഞാൻ. ഉപ്പയും ഉമ്മയും താൽപര്യങ്ങൾക്കൊന്നും എതിരു നിൽക്കാറില്ല. എന്നാൽ ബന്ധുക്കൾക്കൊന്നും ഇതു വലിയ താൽപര്യമായിരുന്നില്ല. 

miss-kerala-ansi-kabeer-3

ചോദ്യങ്ങൾ കുടുക്കിയില്ല

റാംപിൽ നിൽക്കുമ്പോൾ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ നല്ല മനസാന്നിധ്യം വേണം. കഴിഞ്ഞ മൽസരങ്ങളിൽ പരാജയപ്പെട്ടത് ഈ മനസാന്നിധ്യം നഷ്ടമായതിനാലാണ്. ഇത്തവണ അങ്ങനെ ആയിരുന്നില്ല. നല്ല ആത്മവിശ്വാസത്തോടെയാണ് ചോദ്യങ്ങളെ നേരിട്ടത്. കിരീടം സ്വന്തമാക്കിയാൽ ലഭിക്കുന്ന പ്രശസ്തി ആളുകൾക്കു പ്രചോദനം നൽകും വിധം എങ്ങനെ ഉപയോഗപ്പെടുത്തും എന്നായിരുന്നു ആദ്യ ചോദ്യം. തന്റേത് ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബമായതിനാൽ തന്റെ നേട്ടം മറ്റു പലർക്കും ഈ രംഗത്തേയ്ക്ക് കടുന്നു വരുന്നതിന് പ്രേരണ നൽകുമെന്നായിരുന്നു മറുപടി. 

miss-kerala-12

മൽസരാർഥികൾ എല്ലാവരും ഒരു മിനിറ്റുകൊണ്ട് ഉത്തരം എഴുതി അത് വായിക്കേണ്ടതായിരുന്നു അവസാന ചോദ്യം. എഴുതി തീർക്കാനായില്ലെങ്കിലും മികച്ച രീതിയിൽ തന്നെ ഉത്തരം നൽകാൻ അതിനും സാധിച്ചു എന്നാണ് കരുതുന്നത്. ഭൂമിയിൽ മണ്ണിനും പെണ്ണിനും വേണ്ടിയാണ് യുദ്ധങ്ങൾ അധികം ഉണ്ടായിട്ടുള്ളത്. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന യുദ്ധങ്ങൾക്ക് ഒരു പെണ്ണ് കാരണമാകുന്നെങ്കിൽ അത് എന്തുകൊണ്ടെ‌ായിരിക്കും എന്നായിരുന്നു ആ ചോദ്യം. ഭൂമി നിലനിൽക്കുന്നത് സ്ത്രീ എന്ന സങ്കൽപത്തിലായിരിക്കെ സ്ത്രീ ഇല്ലാതെ ഈ മണ്ണിന് എന്താണ് പ്രസക്തി എന്നായിരുന്നു ഉത്തരം. ഇതിന് ഓഡിയൻസിൽ നിന്ന് മികച്ച കയ്യടിയാണ് ലഭിച്ചത്. ചോദ്യം ചോദിച്ചവർക്കും ഉത്തരം ഇഷ്ടപ്പെട്ടിട്ടുണ്ടാകണം.

miss-kerala-ansi-kabeer-2

ഫാഷൻ ചിന്തിച്ചിട്ടേ ഇല്ല

ഫാഷൻ ഗേളാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. പഠനത്തിൽ തന്നെയായിരുന്നു ശ്രദ്ധ. സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്തും ഫാഷനൊ അഭിനയമോ പട്ടികയിലില്ല. എൻജിനിയറിങ് പഠിക്കുമ്പോൾ അവിടെ നടന്ന മൽസരത്തിൽ പങ്കെടുക്കാൻ സഹപാഠികൾ നിർബന്ധിച്ചു. അതിനു വഴങ്ങിയതിനു ശേഷമാണ് ഫാഷനൊക്കെ മനസ്സിലെത്തുന്നത്. പിന്നെ പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുമ്പോഴാണ് മൽസരങ്ങളിൽ പങ്കെടുക്കുന്നതും ഇപ്പോൾ വിജയം തേടിയെത്തുന്നതും. ഇതിനിടെ തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു കമ്പനിയിൽ ജോലിക്കു പ്രവേശിച്ചു. കുറെ പഠിച്ചു കിട്ടിയ ജോലിയല്ല, അത് നഷ്ടപ്പെടുത്തിക്കളയാൻ എന്തായും താൽപര്യമില്ല. ഒരു കിരീടം കിട്ടിയെന്നു കരുതി ജോലി വേണ്ടെന്നു വയ്ക്കില്ല. തിങ്കളാഴ്ച ഓഫിസിൽ പോയി ഇതുവരെ മുടങ്ങിക്കിടക്കുന്ന ജോലിയെല്ലാം ചെയ്തു തീർക്കും. 

miss-kerala-ansi-kabeer-1

സിനിമയിൽ ഒരു കൈ

എന്തായാലും ജോലിയും ഫാഷൻ മേഖലയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. നല്ല അവസരമുണ്ടായാൽ സിനിമയിൽ ഒരു കൈ നോക്കാനും തയാറാണ്. സിനിമയിൽ തന്നെ ജീവിതം വേണമെന്നില്ല. ചെറിയ വേഷമായാലും നല്ല വേഷമാണെങ്കിൽ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ജോലിയും ഈ മേഖലയും തമ്മിൽ ബാലൻസ് ചെയ്യാൻ പറ്റാതെ വന്നാൽ അപ്പോൾ ഏറ്റവും സന്തോഷം തരുന്നതെന്തോ അത് തിരഞ്ഞെടുക്കും.

English Summary : Miss Kerala 2019 Ansi Kabeer Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com