‘ഇതു സുഖപ്രദം, പ്രൗഢഗംഭീരം’ ; അഭിഭാഷക വസ്ത്രരീതിക്ക് മാറ്റവുമായി ‘വിധി’

HIGHLIGHTS
  • ജസ്റ്റിസ് അന്ന ചാണ്ടിയുടെ 116–ാം ജന്മവാർഷികദിനമായ മേയ് 4ന് 'വിധി' സാരികൾ വിപണിയിലെത്തും
save-the-loom-launch-new-saree-for-advocates
പാർവതി കോട്ടോൾ, പൂജ മേനോൻ, ശാന്തി മായാദേവി, എസ്.എൻ. ഭൈരവി
SHARE

അൻപത്തിനാലാം വയസ്സിൽ നിയമന ഉത്തരവു കയ്യിലെത്തുമ്പോൾ ഹൈക്കോടതി ജഡ്ജിയാവുകയെന്ന സ്വപ്നം മരിച്ചുതുടങ്ങിയിരുന്നെന്നു പറയുന്നുണ്ട് ജസ്റ്റിസ് അന്ന ചാണ്ടി, ‘ആത്മകഥ’യിൽ. നീതിന്യായരംഗത്തെ ഉന്നതപദവികളിൽ സ്ത്രീകൾക്കും തുല്യാവകാശമുണ്ടെന്നതിന്റെ അംഗീകാരമായി രാജ്യത്തെ ആദ്യ വനിതാ ജഡ്ജി കേരള ഹൈക്കോടതിയിൽ ചുമതലയേൽക്കുമ്പോൾ വിരമിക്കാൻ ഒരു വർഷം മാത്രമായിരുന്നു ബാക്കി. പിന്നീടു 41 വർഷം കഴിഞ്ഞാണ് അതേ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി ഒരു മലയാളി വനിതയെത്തുന്നത് – ജസ്റ്റിസ് കെ.കെ.ഉഷ.

ജസ്റ്റിസ് അന്ന ചാണ്ടിയുടെ 116–ാം ജന്മവാർഷികത്തിൽ രാജ്യത്തെ വനിതാ അഭിഭാഷകരുടെ കോടതിജീവിതത്തെ സ്പർശിക്കുന്ന ‘വിധി’യുമായി രംഗത്തെത്തുകയാണ് കേരളം. ബ്രിട്ടിഷ് കാലഘട്ടത്തിന്റെ തുടർച്ചയായുള്ള അഭിഭാഷക വസ്ത്രരീതി മാറ്റത്തിനു പിന്തിരിഞ്ഞു നിൽക്കുമ്പോൾ കാലാവസ്ഥയ്ക്കു യോജിക്കുന്ന, സുസ്ഥിര ജീവിതശൈലിക്കു സഹായകമാകുന്ന തുണിത്തരം ഒരുക്കുകയാണ് കേരളത്തിലെ തറികൾ. അന്തരിച്ച ജസ്റ്റിസ് കെ.കെ.ഉഷയാണ് ഈ യത്നത്തിനു വഴികാട്ടിയായത്. പ്രളയകാലത്തു മുങ്ങിയ തറികളുടെ നവീകരണത്തിനു തുടക്കമിട്ട സേവ് ദ് ലൂം കൂട്ടായ്മയാണ് വിശദമായ ഗവേഷണങ്ങളിലൂടെ പുതിയ തുണിയും ഡിസൈനുകളും ഒരുക്കിയത്.

save-the-loom-launch-new-saree-for-advocates2
വിഡി സാരിയൊരുക്കിിയ നെയ്ത്തുകാരുടെ സംഘം സേവ് ദ് ലൂം സ്ഥാപകൻ രമേശ് മേനോനൊപ്പം (നീല ഷർട്ട്)

‘ബാർ കൗൺസിൽ ഓഫ് ഇന്ത്യ റൂൾസ് അണ്ടർ അഡ്വക്കറ്റ്സ് ആക്ട്സ് 1961’ അനുസരിച്ച് ബ്ലാക്ക്, വൈറ്റ്, ഗ്രേ നിറങ്ങളാണ് അനുവദനീയം. വസ്ത്രത്തിനു മീതെ ജാക്കറ്റും ഗൗണും ധരിക്കണം. പല ലെയറുകളായുള്ള ഈ വസ്ത്രധാരണം ചൂടുകാലത്തു പലപ്പോഴും ബുദ്ധിമുട്ടാകും. രാജ്യത്തെ കാലാവസ്ഥ, ഉപയോഗരീതി, അതിലെ പരിമിതികളും സാധ്യതകളും എന്നിവ മനസ്സിലാക്കി അഭിഭാഷക ഡ്രസ് കോഡ് നിബന്ധനകൾക്കു ചേരുംവിധം, അതേസമയം ധരിക്കുന്നവർക്കു സുഖവും സൗകര്യവും നൽകുന്ന വസ്ത്രങ്ങളാണു രൂപകൽപന ചെയ്തിട്ടുള്ളത്. ‘വിധി’ എന്ന ഈ കലക്‌ഷനിലെ ഓരോ ഡിസൈനും രാജ്യത്തെ ആദ്യകാല വനിതാ ജ‍‍ഡ്ജിമാർക്കുള്ള ആദരമാണ്. ജസ്റ്റിസുമാരായ അന്ന ചാണ്ടി, ഫാത്തിമ ബീവി, കെ.കെ. ഉഷ തുടങ്ങി നീതിന്യായരംഗത്തെ 11 പ്രശസ്ത വനിതകളുടെ പേരു നൽകിയിരിക്കുന്ന സാരികളുടെ ടാഗിൽ അവരെക്കുറിച്ചുള്ള ചെറുവിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘‘തിരക്കിട്ട ജീവിതമാണ് അഭിഭാഷകരുടേത്. അതിനു സൗകര്യപ്രദമായ വസ്ത്രമാണിത്. രാജ്യത്ത് ആദ്യമായാണ് അഭിഭാഷകരുടെ ഡ്രസ് കോഡിനു പ്രത്യേകമായി ഡിസൈൻ ചെയ്ത ടെക്സ്റ്റൈൽ വരുന്നത്. ഞങ്ങളുടെ റിസർച് ആൻഡ് ഡവലപ്മെന്റ് ടീമിന്റെ ശ്രമഫല മായി എളുപ്പത്തിൽ ബ്രീത് ചെയ്യുന്ന, വേഗത്തിൽ ഉണക്കിയെടുക്കാവുന്ന തുണിയാണു ചെയ്തെടുത്തത്. കൂടുതൽ സാധ്യതകൾ ഇതിൽ ഇനിയും കണ്ടെടുക്കാൻ കഴിയും. പരമ്പരാഗത കസവുമുണ്ടിനും സാരിക്കും പുറമേ, നെയ്ത്തുകാർക്കു സ്ഥിരവരുമാനവും ജോലിയും കണ്ടെത്താനുള്ള ശ്രമഫലമായാണ് ഈ രംഗത്തു ശ്രദ്ധ ചെലുത്തിയത്’’ – സേവ് ദ് ലൂം ഫൗണ്ടറും ഫാഷൻ കൺസൽറ്റന്റുമായ രമേഷ് മേനോൻ പറഞ്ഞു. കൗണ്ട് കൂടിയ നൂലിൽ നെയ്തെടുത്ത തുണികൾ കഴുകിയുണക്കാൻ 30 മിനിറ്റു മതി.

save-the-loom-launch-new-saree-for-advocates1
‘വിധി’ സാരിയണിഞ്ഞ അഭിഭാഷകർ ഹൈക്കോടതിക്കു മുന്നിൽ

റിവേഴ്സിബിൾ ഡിസൈനും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഒരേ സാരി തന്നെ രണ്ടുരീതിയിൽ ധരിക്കാം. കോടതിസമയം കഴിഞ്ഞയുടൻ പുറത്തൊരു മീറ്റിങ് ഉണ്ടെങ്കിൽ പെട്ടെന്നൊരുങ്ങി പോകാം. ബ്ലാക്ക്, ഗ്രേ നിറങ്ങൾ ഇളകില്ലെന്ന ഉറപ്പുള്ളതിനാൽ മെഷീനിൽ കഴുകിയെടുക്കാമെന്ന സൗകര്യവും. 2018ലെ പ്രളയത്തിൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തെ പരമ്പരാഗത തറികൾ മുങ്ങിയപ്പോൾ നെയ്ത്തുകാർക്ക് കൈത്താങ്ങു നൽകിയവരിൽ അന്തരിച്ച ജസ്റ്റിസ് കെ.കെ.ഉഷ ഉൾപ്പെടെയുള്ള അഭിഭാഷക സമൂഹവുമുണ്ട്. ഇതിനുള്ള കൃതജ്ഞത കൂടിയായാണ് ഇവിടത്തെ നെയ്ത്തുകാരുടെ ആദ്യ സംരംഭം അഭിഭാഷകർക്കു വേണ്ടിയാകുന്നതെന്ന് പറവൂർ കൈത്തറി സഹകരണ സംഘം പ്രസിഡന്റ് ടി.എസ്.ബേബി പറയുന്നു. ഈ കലക്‌ഷനിലെ സാരികളും തുണിയും നെയ്തെടുത്തത് സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

ജസ്റ്റിസ് അന്ന ചാണ്ടിയുടെ ജന്മദിനമായ മേയ് നാലിനാണ് ‘വിധി’ വിപണിയിലെത്തുക. അതിനു മുന്നോടിയായി ഹൈക്കോടതിയിലെ യുവ വനിതാ അഭിഭാഷകരിൽ ചിലർക്ക് ഈ സാരികൾ പരിചയപ്പെടുത്തി. കോടതിയിലേക്ക് ആദ്യമായി സാരിയുടുത്തവർ ഉൾപ്പെടെ വിധിയെഴുതി, ‘ഇതു സുഖപ്രദം, പ്രൗഢഗംഭീരം’.

English Summary: Save the loom launch new saree for advocates

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA