ADVERTISEMENT

ലോസാഞ്ചലസിലെ മൈക്രോസോഫ്റ്റ് തിയറ്ററിൽ നടന്ന 2021 ബിൽബോർഡ് സംഗീത പുരസ്കാര രാവിലേക്ക് അടിമുടിയൊരുങ്ങി താരങ്ങളെത്തിയപ്പോൾ‌ ലോകം കണ്ണുവച്ചത് ചിലരുടെ വിരൽത്തുമ്പുകളിൽ. പതിവനുസരിച്ച് റെഡ് കാർപറ്റിലെ ഫാഷനും ജ്വല്ലറിയും വാർത്തയാകുമെങ്കിൽ ഫാഷൻ ഗുരുക്കളെ തോൽപ്പിച്ച് നെയിൽ ആർടിസ്റ്റുമാരാണ് ഇക്കുറി കളംപിടിച്ചടക്കിയത്. കാതിലും കഴുത്തിലും ധരിക്കുന്ന വജ്രവും രത്നവുമെല്ലാം ഇക്കുറി നഖമുനകളിൽ വരെ ഇടംപിടിച്ചു.

ബിൽബോർഡ് പുരസ്കാര രാവിലേക്ക് അവതാരകനും ഭർത്താവുമായ നിക് ജോനാസിനൊപ്പമെത്തിയ ദേശി ഗേൾ പ്രിയങ്ക ആരാധകരുടെയും ഫാഷനിസ്റ്റകളുടെയും പ്രതീക്ഷകൾ വാനോളമുയർത്തി. ഡോൾസ് – ഗബ്ബാന ഡിസൈനർ ഗോൾഡൻ ഗൗൺ ധരിച്ചെത്തിയ പ്രിയങ്കയുടെ തിളക്കം വസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. 14.8 കാരറ്റ് പിങ്ക് ഗോൾഡ് ഇയറിങ്സും, 24.9 കാരറ്റ് റോസ് ഗോൾഡ് ബ്രേസ്‌ലെറ്റും ഡയമണ്ടും ഉൾപ്പെടുന്ന ക്ലാസിങ് സെർപന്റി മിസ്റ്റെറോസി പല്ലനി വാച്ചുമായിരുന്നു പ്രധാന ആക്സസറീസ്. പക്ഷേ തിളക്കം കൊണ്ടു ശ്രദ്ധനേടിയതാകട്ടെ താരത്തിന്റെ വിരൽത്തുമ്പുകളാണ്. 

fashion-5

പ്രിയങ്കയുടെ നെയിൽ ആർടിസ്റ്റ് കിമ്മി കീസ് ഒരുക്കിയ ഡിസൈനിൽ മൂന്നു വ്യത്യസ്തമായ നിറങ്ങൾക്കൊപ്പം ക്രിസ്റ്റലുകളും നഖങ്ങളിൽ അലങ്കാരമായി ചേർത്തിരുന്നു. സുന്ദരമായ നെയിൽആർടിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുകയും ചെയ്തു.

fashion-2

ബിബിഎംഎ പുരസ്കാര വേദിയിൽ മറ്റുചില താരങ്ങളും നഖമുനകളിലെ ചിത്രപ്പണികളിൽ ശ്രദ്ധേയരായി. പിങ്ക് ഗൗൺ ധരിച്ചെത്തിയ അമേരിക്കൻ റാപ്പർ സവീറ്റിയുടെ 3 ഇഞ്ചുനീളമുള്ള ചതുരനഖങ്ങളാണ് ഏറെ ആകർഷകമായത്. വസ്ത്രത്തിനു ചേരും വിധം പിങ്ക് നെയിൽ പെയിന്റും ഓരോ നഖത്തിലും വലിയ രത്നക്കല്ലും താരം അലങ്കാരമാക്കി.

fashion-4

നാക്കിൽ കറുത്ത പെയിന്റ് ധരിച്ചെത്തിയ അമേരിക്കൻ ഗായകൻ മെഷീൻ ഗൺ കെല്ലി നാവു പുറത്തേക്കു നീട്ടി പോസ് ചെയ്തതിനൊപ്പം കറുപ്പും വെള്ളയും ഡിസൈനിലുള്ള നെയിൽ ആർട് പ്രദർശിപ്പിച്ചു ലിംഗസമത്വ ഫാഷന്റെ വക്താവു കൂടിയായി.

fashion-3

റെഡ് കാർപറ്റിൽ ബാൾഡ് ലൂക്കിലെത്തിയ നടി സിന്തിയ ഇറിവോയാകട്ടെ നീളൻ നഖങ്ങളിൽ പൂക്കളുടെ ചിത്രമെഴുതിയാണെത്തിയത്. പേസ്റ്റൽ നിറങ്ങളിൽ നഖങ്ങളുടെ മൂന്നിലൊന്നു ഭാഗവും ഫ്ലോറൽ ഡിസൈനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com